Latest News

തദ്ദേശ തിരഞ്ഞെടുപ്പ്: ചെലവ് കണക്ക് നല്‍കാത്ത 9,202 സ്ഥാനാര്‍ഥികളുടെ കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തദ്ദേശ തിരഞ്ഞെടുപ്പ്: ചെലവ് കണക്ക് നല്‍കാത്ത 9,202 സ്ഥാനാര്‍ഥികളുടെ കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
X

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളില്‍ 2020ല്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ മത്സരിച്ച ചെലവ് കണക്ക് സമര്‍പ്പിക്കാത്തതോ പരിധിയില്‍ കൂടുതല്‍ ചെലവഴിച്ചതോ ആയ 9202 സ്ഥാനാര്‍ത്ഥികളുടെ കരട് ലിസ്റ്റ് അയോഗ്യത കല്‍പ്പിക്കുന്നതിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ (www.sec.kerala.gov.in) പ്രസിദ്ധീകരിച്ചു. കരട് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ പത്ത് ദിവസത്തിനകം ചെലവ് കണക്കോ കാരണമോ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന് നല്‍കാത്തപക്ഷം ഇനിയൊരറിയിപ്പില്ലാതെ അഞ്ച് വര്‍ഷത്തേയ്ക്ക് അയോഗ്യത കല്‍പ്പിക്കുമെന്ന് കമ്മീഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു. തദ്ദേശസ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിനാണ് അയോഗ്യത വരിക. വീഴ്ച വരുത്തിയ നിലവിലെ അംഗങ്ങള്‍ക്ക് അംഗത്വവും നഷ്ടപ്പെടും.

2020 ഡിസംബര്‍ 8, 10, 14 തീയതികളിലായിരുന്നു പൊതുതിരഞ്ഞെടുപ്പ്. ഫലപ്രഖ്യാപനം 16 നാണ് നടത്തിയത്. ഫലപ്രഖ്യാപന തീയതി മുതല്‍ 30 ദിവസത്തിനകമാണ് ചെലവ് കണക്ക് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന് നല്‍കേണ്ടിയിരുന്നത്. കേരള പഞ്ചായത്ത് രാജ് നിയമത്തിലെ 33, കേരള മുനിസിപ്പാലിറ്റി നിയമത്തിലെ 89 എന്നീ വകുപ്പുകള്‍ പ്രകാരമാണ് അയോഗ്യരാക്കുന്നത്. നിശ്ചിത സമയപരിധിക്കുള്ളില്‍ കണക്ക് നല്‍കാത്തവര്‍ക്കും പരിധിയില്‍ കൂടുതല്‍ ചെവലഴിച്ചവര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. അതിന്‍പ്രകാരം ചെലവ് കണക്കോ കാരണമോ ബോധിപ്പിക്കാത്തവരെയാണ് കരട് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. ത്രിതല പഞ്ചായത്തുകളിലെ 7461, മുനിസിപ്പാലിറ്റികളിലെ 1297, കോര്‍പ്പറേഷനുകളിലെ 444 സ്ഥാനാര്‍ത്ഥികളാണ് കരട് ലിസ്റ്റിലുള്ളത്.

സ്ഥാനാര്‍ത്ഥികള്‍ക്ക് പരമാവധി ചെലവഴിക്കാവുന്ന തുക ജില്ലാ പഞ്ചായത്തിലും കോര്‍പറേഷനിലും 1,50,000 രൂപ, ബ്ലോക്ക് പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും 75,000 രൂപ, ഗ്രാമപഞ്ചായത്തില്‍ 25,000 രൂപ എന്നിങ്ങനെയായിരുന്നു. ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവയിലെ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ ജില്ലാ കളക്ടറാണ്. ഗ്രാമപഞ്ചായത്തുകള്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയും, ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് ജില്ലാ പഞ്ചായത്ത് സെക്രട്ടറിയുമാണ് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥര്‍.

Next Story

RELATED STORIES

Share it