Latest News

അവസാനഘട്ട വോട്ടെണ്ണൽ നിർണായകമാവും; 64 സീറ്റുകളിൽ ഇഞ്ചോടിഞ്ച് പോരാട്ടം

അവസാനഘട്ട വോട്ടെണ്ണൽ നിർണായകമാവും; 64 സീറ്റുകളിൽ ഇഞ്ചോടിഞ്ച് പോരാട്ടം
X

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് കടക്കവെ 64 സീറ്റുകളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ഇതില്‍ 28 സീറ്റുകളില്‍ എന്‍ഡിഎയും 30 ഇടത്ത് ഇന്‍ഡ്യ സഖ്യവും ആറിടത്ത് മറ്റ് പാര്‍ട്ടികളുമാണ് മുന്നേറുന്നത്. 34 സീറ്റുകളില്‍ ഒരു ശതമാനത്തിലും താഴെയാണ് വോട്ടുവ്യത്യാസം. 30 ഇടത്ത് ഒന്നിനും രണ്ടര ശതമാനത്തിനും ഇടയിലും.

എന്‍ഡിഎ ലീഡ് ചെയ്യുന്ന 12 മണ്ഡലങ്ങളില്‍ ഒരു ശതമാനത്തില്‍ താഴെയാണ് വോട്ടുവ്യത്യാസം. ബിഹാറിലെ ബെഗുസരായ്, യുപിയിലെ ഫത്തേപുര്‍, ഓന്‍ല, ഉന്നാവ്, ഫുല്‍പുര്‍, ഫറൂഖാബാദ്, ബിഹാറിലെ ബക്‌സര്‍, മഹാരാഷ്ട്രയിലെ ഭണ്ഡാര ഗോണ്ടിയ, മുംബൈ നോര്‍ത്ത് ഈസ്റ്റ്, പശ്ചിമ ബംഗാളിലെ ബഹരാംപുര്‍, രാജസ്ഥാനിലെ ജയ്പുര്‍ റൂറല്‍, ഹരിയാനയിലെ സോനിപത് എന്നിവിടങ്ങളിലാണത്.

സമാനമായി 19 മണ്ഡലങ്ങളില്‍ ഇന്‍ഡ്യ മുന്നണിയും ഇതേ മാര്‍ജിനില്‍ മുന്നേറുന്നുണ്ട്. എന്നാല്‍ ചില മണ്ഡലങ്ങളില്‍ മുന്നണിയിലെ പാര്‍ട്ടികള്‍ തന്നെ പരസ്പരം ഏറ്റുമുട്ടുന്നതിനാല്‍ ആശങ്കപ്പെടേണ്ട സ്ഥിതി വരുന്നില്ല. എന്നാല്‍ എന്‍ഡിഎയെ പിടിച്ചുകെട്ടാനായാല്‍ അത് വലിയ നേട്ടമാകും.

ഒന്നു മുതല്‍ രണ്ടര ശതമാനം വോട്ടു മാര്‍ജിനില്‍ എന്‍ഡിഎ മുന്നേറുന്ന 16 സീറ്റുകളും ഇന്‍ഡ്യ സഖ്യം മുന്നേറുന്ന 11 സീറ്റുകളുമാണുള്ളത്. ഈ പട്ടികയില്‍ വരുന്ന മണ്ഡലങ്ങളില്‍ ഏറെയും ഉത്തര്‍പ്രദേശിലും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുമാണ്. ബിജെപി സ്ഥാനാര്‍ഥികളില്‍നിന്ന് ഈ സീറ്റുകള്‍ കൂടി പിടിച്ചെടുക്കാനായാല്‍ ഇന്‍ഡ്യ സഖ്യത്തിന് സര്‍ക്കാര്‍ രൂപവത്കരിക്കാമെന്ന സ്ഥിതിവിശേഷം വന്നുചേരും. ഒടുവില്‍ ലഭ്യമായ വിവരം പ്രകാരം എന്‍ഡിഎ 296, ഇന്‍ഡ്യ 230, മറ്റുള്ളവര്‍ 17 എന്നിങ്ങനെയാണ് സീറ്റുനില. എന്‍ഡിഎക്ക് വന്‍ ഭൂരിപക്ഷം പ്രവചിച്ച എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ അപ്രസക്തമാക്കിയാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്.

Next Story

RELATED STORIES

Share it