Latest News

പാചകവാതക വിലവര്‍ധനവ്: അടുക്കള പൂട്ടിയാലും കോര്‍പറേറ്റുകളെ സഹായിക്കുക എന്നതാണ് കേന്ദ്രസര്‍ക്കാര്‍ നയമെന്ന് സിപിഎം

ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 405 രൂപയുണ്ടായിരുന്ന പാചകവാതക വില 1000 കടന്നിരിക്കുന്നു

പാചകവാതക വിലവര്‍ധനവ്: അടുക്കള പൂട്ടിയാലും കോര്‍പറേറ്റുകളെ സഹായിക്കുക എന്നതാണ് കേന്ദ്രസര്‍ക്കാര്‍ നയമെന്ന് സിപിഎം
X

തിരുവനന്തപുരം: പാചകവാതക വില അടിക്കടി വര്‍ധിപ്പിച്ചു അടുക്കളതന്നെ പൂട്ടിക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുതെന്ന് സിപിഎം. ബിജെപി സര്‍ക്കാര്‍ ഇപ്പോള്‍ അധികാരത്തില്‍ വരുമ്പോള്‍ 405 രൂപയുണ്ടായിരുന്ന പാചകവാതക വില ആയിരം കടന്നിരിക്കുന്നു. കഴിഞ്ഞ ഒമ്പതു മാസത്തിനിടെ 255 രൂപയാണ് വര്‍ധിച്ചത്. ശനിയാഴ്ച മാത്രം 50 രൂപ കൂടി. മാസങ്ങളായി ഉപഭോക്താക്കള്‍ക്ക് സബ്‌സിഡി നല്‍കുന്നതും നിര്‍ത്തിവെച്ചിരിക്കുകയാണ്.

അടുത്തിടെ വാണിജ്യ സിലിണ്ടറിനുള്ള വിലയും കൂടിയിരുന്നു. പെട്രോള്‍, ഡീസല്‍ വിലയും അടിക്കടി വര്‍ധിപ്പിക്കുകയാണ്. മണ്ണെണ്ണ വിലയും കുത്തനെ ഉയരുകയാണ്. 2020 മെയ് മാസത്തില്‍ 18 രൂപയായിരുന്ന മണ്ണെണ്ണ വില 84 രൂപയായിരിക്കുന്നു. രണ്ടുവര്‍ഷത്തിനിടെ 66 രൂപയുടെ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. 2014 ല്‍ ബിജെപി ജനങ്ങള്‍ക്ക് നല്‍കിയ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു ഇന്ധന വില പിടിച്ചുനിര്‍ത്തുമെന്നത്. പിടിച്ച് നിര്‍ത്തിയില്ലെന്ന് മാത്രമല്ല, ജനത്തിന് അസഹനീയമാകും വിധം വിലകൂടിക്കൊണ്ടിരിക്കുന്നു.

എല്ലാ സബ്‌സിഡികളും വെട്ടിക്കുറക്കുകയെന്ന ആഗോളവല്‍ക്കരണ നയം പിന്തുടരുന്ന കോണ്‍ഗ്രസ്സിന്റേയും ബിജെപിയുടേയും നയങ്ങളാണ് ഇത്തരമൊരു സ്ഥിതി വിശേഷം രാജ്യത്ത് ശൃഷ്ടച്ചത്. ആഗോളവല്‍ക്കരണ നയങ്ങളാരംഭിക്കുന്നതിന് മുമ്പ് 55.50 രൂപ നിലനിന്നിരുന്ന വിലയാണ് ഇപ്പോള്‍ ഇത്തരത്തില്‍ വര്‍ദ്ധിച്ചിരിക്കുന്നത്. പാചകവാതകത്തിനുള്‍പ്പെടെ സബ്‌സിഡി നല്‍കാന്‍ പണമില്ലെന്ന് പറയുന്ന കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം കോര്‍പ്പറേറ്റ് ടാക്‌സ് ഇനത്തില്‍ മാത്രം 1.45 ലക്ഷം കോടി രൂപയാണ് എഴുതി തള്ളിയത്. അടുക്കളകള്‍ പൂട്ടിയാലും കോര്‍പ്പറേറ്റുളെ സഹായിക്കുക എന്ന നയങ്ങളുടെ തുടര്‍ച്ചയാണ് ഈ വര്‍ധനവ്.

കൊവിഡിന്റെ പിടിയില്‍ നിന്ന് കരകയറാന്‍ രാജ്യം പ്രയാസപ്പെടുമ്പോഴുള്ള വിലവര്‍ധന ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇതിനെതിരെ സമൂഹത്തിന്റെ എല്ലാ കോണുകളില്‍ നിന്നും ശക്തമായ പ്രതിഷേധമുയരണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്ഥാവനയില്‍ അഭ്യര്‍ഥിച്ചു.

Next Story

RELATED STORIES

Share it