Latest News

ലോകായുക്ത ഭേദഗതി: നിയമത്തെ ദുര്‍ബലമാക്കാനുള്ള സര്‍ക്കാര്‍ നീക്കം തിരിച്ചടിയായേക്കും; ഗവര്‍ണറുടെ നിലപാട് നിര്‍ണായകം

കൂടുതല്‍ കാര്യക്ഷമമാക്കേണ്ട ലോകായുക്തയെ സര്‍ക്കാര്‍ തന്നെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നത് ജനാധിപത്യക്രമത്തിന് ഭൂഷണമല്ലെന്ന് മനുഷ്യാവാകാശ പ്രവര്‍ത്തകന്‍ ജോയ് കൈതാരത്ത് തേജസ് ന്യൂസിനോട് പറഞ്ഞു

ലോകായുക്ത ഭേദഗതി:   നിയമത്തെ ദുര്‍ബലമാക്കാനുള്ള സര്‍ക്കാര്‍ നീക്കം തിരിച്ചടിയായേക്കും; ഗവര്‍ണറുടെ നിലപാട് നിര്‍ണായകം
X

തിരുവനന്തപുരം: ഭരണതലത്തിലുള്ള അഴിമതിയും സ്വജനപക്ഷപാതവും തടയാന്‍ രൂപീകരിച്ച ലോകായുക്തയുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിന് ഭേദഗതി ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള സര്‍ക്കാര്‍ നീക്കം വലിയ പ്രത്യാഘാതമുണ്ടാക്കും. സര്‍ക്കാര്‍ നിശ്ചയിക്കുന്ന ജഡ്ജിമാരാണ് ലോകായുക്തയും ഉപലോകായുക്തയുമായി വരുന്നതെങ്കിലും ഇവരുടെ പ്രവര്‍ത്തനം പ്രതിപക്ഷത്തിന് അനുകൂലമായി മാറുന്നുവെന്നാണ് ഇടതുപക്ഷത്തിന്റെ വിലയിരുത്തല്‍.

മറ്റുപല കാരണങ്ങളുമുണ്ടായിരുന്നെങ്കിലും ബന്ധുനിയമന കേസില്‍ കെടി ജലീലിനെതിരായ ലോകായുക്ത നടപടി, ഭാവിയില്‍ മറ്റ് മന്ത്രിമാര്‍ക്കെതിരെയും ഉണ്ടാകാം എന്ന വിലയിരുത്തലിലാണ് 2021 ഏപ്രില്‍ രണ്ടാംവാരം തന്നെ സര്‍ക്കാര്‍ ലോകായുക്തക്കെതിരേ നിയമോപദേശം തേടിയത്.

ഇടതു സര്‍ക്കാര്‍ നിയോഗിച്ച ജഡ്ജി തന്നെ മന്ത്രി ആര്‍ ബിന്ദുവിനെതിരായ പരാതി വേഗത്തില്‍ ഫയലില്‍ സ്വീകരിച്ചത് ഭേദഗതി നടപടിക്രമങ്ങള്‍ ശരവേഗത്തിലാക്കാന്‍ കാരണമായി.

എന്നാല്‍, അനവസരത്തില്‍ ഒരു അഴിമതി വിരുദ്ധ ജുഡിഷ്യല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്നത് ദൂരവ്യാപമായ പ്രത്യാഖാതമുണ്ടാക്കും. നീണ്ടകാലത്തെ നിയമപോരാട്ടമില്ലാതെ, ഹരജിക്കാരന് തന്നെ നേരിട്ട് വാദിച്ച് വാദം ബലപ്പെടുത്താന്‍ കഴിയുന്ന ഒരു ജനാധിപത്യ സംവിധാനത്തെ ക്ഷീണിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ ഇടതു സഹയാത്രികര്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്.

സര്‍ക്കാര്‍ കൂടുതല്‍ കാര്യക്ഷമമാക്കേണ്ട ലോകായുക്തയെ സര്‍ക്കാര്‍ തന്നെ ദുര്‍ബലപ്പെടുത്തുന്നത് ജനാധിപത്യക്രമത്തിന് ഭൂഷണമല്ലെന്ന് മനുഷ്യാവാകാശ പ്രവര്‍ത്തകന്‍ ജോയ് കൈതാരത്ത് തേജസ് ന്യൂസിനോട് പറഞ്ഞു. ലോകായുക്തക്ക് മറ്റു പല കമ്മിഷനുകളും എന്ന പോലെ പല ദൗര്‍ബല്യങ്ങളുമുണ്ട്. ഈ സംവിധാനത്തിന് എന്തെങ്കിലും ദൗര്‍ബല്യമുണ്ടെങ്കില്‍ അത് പരിഹരിക്കേണ്ടത് സര്‍ക്കാരാണ്. സര്‍ക്കാര്‍ സംവിധാനത്തിലെയും ജനപ്രതിനിധികളുടെയും അഴിമതി തുറന്നുകാട്ടാന്‍ സാധാരണക്കാര്‍ക്ക് ആശ്രയിക്കാന്‍ പറ്റുന്ന ശക്തമായ സംവിധാനമാണ് ലോകായുക്ത. അതിനെ സ്ഥാപിത രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ദുര്‍ബലപ്പെടുത്തുന്നത് ശരിയല്ല. രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലാതാക്കാന്‍ വേണ്ടി നിയമത്തെ ക്ഷീണിപ്പിക്കുന്നത് നല്ലതല്ലെന്നും ഇടതു സഹയാത്രികന്‍ കൂടിയായ ജോയ് കൈതാരത്ത് പറഞ്ഞു.

പാറ്റൂര്‍ ഭൂമി കുംഭകോണം ഉള്‍പ്പെടെയുള്ള കേസുകളില്‍ വേഗത്തില്‍ വിധി നേടാനായത് ലോകായുക്തയുടെ ഇടപെടല്‍ മൂലമാണ്. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് നടന്ന പാറ്റൂര്‍ ഭൂമി കയ്യേറ്റ കേസില്‍ യുഡിഎഫ് അനുകൂലിയായിരുന്ന ജസ്റ്റിസ് കെ പി ബാലചന്ദ്രന്‍ ഉപലോകായുക്തയായിരുന്നപ്പോഴാണ് വിധിപുറപ്പെടുവിച്ചത്. വിധിപ്രകാരം ഭൂമി തിരിച്ച് പിടിച്ചെങ്കിലും ഇടതുസര്‍ക്കാരും ഉദ്യോഗസ്ഥ ലോബിയും കേസിനെ ദുര്‍ബലമാക്കാനാണ് ശ്രമിച്ചത്.

ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സ് ഇപ്പോള്‍ ഗവര്‍ണറുടെ പരിഗണനയിലാണ്. ചാന്‍സലര്‍ പദവിയില്‍ ഉടക്കി നിന്ന ഗവര്‍ണറെ കഴിഞ്ഞ ദിവസമാണ് മയപ്പെടുത്തി സര്‍ക്കാരിനൊപ്പം കൂട്ടിയത്. ഈ പുതിയ ഓര്‍ഡനന്‍സില്‍ ഗവര്‍ണര്‍ ഒപ്പ് വയ്ക്കാനുള്ള സാധ്യത കുറവാണെന്ന് വിവരം. ഒരു ജുഡിഷ്യല്‍ സ്ഥാപനത്തെ ദുര്‍ബലപ്പെടുത്താനുള്ള നീക്കത്തെ ഗവര്‍ണര്‍ പിന്‍തുണയ്ക്കാനുള്ള സാഹചര്യം ഇപ്പോഴില്ല.

അതിനിടെ, ഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പു വയ്ക്കരുതെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. ഈ ആവശ്യമുയര്‍ത്തി അടുത്ത ദിവസം യുഡിഎഫ് സംഘം ഗവര്‍ണറെ നേരില്‍ കാണാനും അനുമതി തേടിയിട്ടുണ്ട്.

അതേസമയം, ഗവര്‍ണറെ മയപ്പെടുത്താന്‍ ലോകായുക്ത നിയമം മൂലം മന്ത്രിമാരെ പുറത്താക്കാനുള്ള ഗവര്‍ണറുടെ അധികാരം നഷ്ടമാവുന്നു എന്നാണ് മന്ത്രി പി രാജീവ് ഇന്ന് പറഞ്ഞത്. മുഖ്യമന്ത്രിക്കോ സര്‍ക്കാരിനോ ഗവര്‍ണര്‍ക്കോ ലോകായുക്ത വിധി തള്ളുകയോ കൊള്ളുകയോ ചെയ്യാം എന്നാണ് പുതിയ ഭേദഗതിയില്‍ പറയുന്നത്.

അപ്പീലധികാരമില്ലാത്തതാണ് നിയമ ഭേദഗതിക്ക് കാരണമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, അപ്പീല്‍ അധികാരം നിയമത്തില്‍ കൂട്ടിച്ചേര്‍ക്കുന്നതിന് പകരം സര്‍ക്കാരിലേക്ക് കൂടുതല്‍ അധികാരങ്ങള്‍ കേന്ദ്രീകരിക്കാനാണ് ശ്രമിക്കുന്നത്. അന്തിമ തീരുമാനം സര്‍ക്കാരില്‍ കേന്ദ്രീകരിക്കുന്നു എന്നു സാരം. ലോകായുക്തയ്ക്ക് മുന്നിലുള്ള, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് തുക വകമാറ്റിയതും കെ റെയില്‍ കേസും സര്‍ക്കാരിന് തലവേദനയാകാന്‍ ഇടയുള്ള പശ്ചാത്തലത്തിലാണ് ഭേദഗതിയുമായി രംഗത്ത് വരുന്നത്.

ദേശീയ തലത്തില്‍ ഇടതുപക്ഷം പൗരാവകാശങ്ങള്‍ക്ക് വേണ്ടിയും അഴിമതിവിരുദ്ധ നിയമങ്ങള്‍ക്ക് വേണ്ടിയും വാദിക്കുകയും കേരളത്തില്‍ അത്തരം സംവിധാനങ്ങളുടെ കടയ്ക്കല്‍ കത്തിവയ്ക്കുകയുമാണ് ചെയ്യുന്നത്. സര്‍ക്കാര്‍ സംവിധാനത്തെ കൂടുതല്‍ സുതാര്യവും അഴിമതി മുക്തവുമാക്കാന്‍ കഴിയുന്ന ഒരു നിയമസംവിധാനത്തെ രാഷ്ട്രീയ താല്‍പര്യത്തിനായി നോക്കുകുത്തിയാക്കുന്നത് പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.

Next Story

RELATED STORIES

Share it