Latest News

ലോക്കര്‍ തുറന്നത് ശിവശങ്കറിന്റെ നിര്‍ദേശപ്രകാരം; നിര്‍ണായക മൊഴി നല്‍കി ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാല്‍

ലോക്കര്‍ തുറന്നത് ശിവശങ്കറിന്റെ നിര്‍ദേശപ്രകാരം; നിര്‍ണായക മൊഴി നല്‍കി ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാല്‍
X

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന്‍ കള്ളപ്പണക്കേസില്‍ എം ശിവശങ്കറിനെതിരേ സുഹൃത്തും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ വേണുഗോപാല്‍ നിര്‍ണായക മൊഴി നല്‍കി. ലോക്കര്‍ തുറന്നത് ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമാണെന്നാണ് മൊഴി. മൂന്നുതവണ ലോക്കര്‍ തുറന്നു. ഓരോ തവണ സ്വപ്‌ന ലോക്കര്‍ തുറന്നപ്പോഴും ശിവശങ്കറിനെ അറിയിച്ചിരുന്നു. സ്വപ്‌നയുമായി ചേര്‍ന്ന് ലോക്കര്‍ തുറക്കണമെന്ന് ശിവശങ്കറാണ് നിര്‍ദേശിച്ചത്. ശിവശങ്കറിന്റെ പൂര്‍ണ അറിവോടെയാണ് എല്ലാം ചെയ്തത്.

അതേസമയം, ലോക്കറില്‍ എന്താണുണ്ടായിരുന്നതെന്ന് അറിയില്ലെന്നും ഇയാള്‍ മൊഴി നല്‍കി. വ്യാഴാഴ്ച ശിവശങ്കറിനെയും വേണുഗോപാലിനെയും ഇഡി ഒന്നിച്ചിരുത്തി ചോദ്യം ചെയ്തിരുന്നു. ഈ ചോദ്യം ചെയ്യലിലാണ് ശിവശങ്കറിനെതിരേ ഇയാള്‍ മൊഴി നല്‍കിയത്. ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമാണ് വേണുഗോപാല്‍ സ്വപ്‌നയ്ക്കായി ലോക്കര്‍ തുടങ്ങിയതെന്ന് സ്വപ്‌ന മൊഴി നല്‍കിയിരുന്നു. എന്നാല്‍, ഇതെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്നാണ് ശിവശങ്കര്‍ ചോദ്യം ചെയ്യലില്‍ ആവര്‍ത്തിക്കുന്നത്.

സ്വര്‍ണക്കടത്ത് കേസില്‍ നേരത്തെ ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു. 2021ല്‍ രജിസ്റ്റര്‍ ചെയ്ത ലൈഫ് മിഷന്‍ കോഴ ഇടപാടുമായി ചോദ്യം ചെയ്തപ്പോഴും ശിവശങ്കര്‍ പറഞ്ഞിട്ടാണ് ലോക്കര്‍ തുറന്നതെന്ന് വേണുഗോപാല്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍, ലോക്കറുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് കാര്യമായ പ്രതികരണങ്ങള്‍ക്ക് ശിവശങ്കര്‍ തയ്യാറായിരുന്നില്ല. ശിവശങ്കറിന്റെ ഭാഗത്തുനിന്ന് പൂര്‍ണമായ നിസ്സഹകരണമാണെന്ന് ഇഡി കോടതിയേയും അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വേണുഗോപാലിനെ ലൈഫ് മിഷന്‍ കേസില്‍ ചോദ്യം ചെയ്തത്.

ലൈഫ് മിഷന്‍ കരാര്‍ ടെന്‍ഡര്‍ കൂടാതെ യുണീടാക് കമ്പനിക്ക് നല്‍കിയതില്‍ മുഖ്യ ആസൂത്രകന്‍ ശിവശങ്കറാണെന്നാണ് സ്വപ്‌നയുടെ മൊഴി. ഇതിന് പ്രതിഫലമായി ഒരുകോടി രൂപ ശിവശങ്കറിന് കൈക്കൂലി ലഭിച്ചെന്നും സ്വപ്‌ന മൊഴി നല്‍കിയിരുന്നു. ആരോപണം ശിവശങ്കര്‍ നിഷേധിച്ചെങ്കിലും ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് ഇഡി നീക്കം. കേസില്‍ ഇഡിയുടെ കസ്റ്റഡിയിലുള്ള ശിവശങ്കറിനെ ഇന്നും ചോദ്യം ചെയ്യും. അഞ്ചുദിവസത്തേയ്ക്കാണ് എറണാകുളം സിബിഐ കോടതി ശിവശങ്കറിനെ ഇഡിയുടെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.

Next Story

RELATED STORIES

Share it