Latest News

പ്രീമിയര്‍ ലീഗ് വിലക്ക് മറികടന്ന് ആന്‍ഫീല്‍ഡില്‍ ലിവര്‍പൂള്‍ ആരാധകരുടെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യം

പ്രീമിയര്‍ ലീഗ് വിലക്ക് മറികടന്ന് ആന്‍ഫീല്‍ഡില്‍ ലിവര്‍പൂള്‍ ആരാധകരുടെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യം
X

ആന്‍ഫീല്‍ഡ്: ഗസയില്‍ ഇസ്രായേല്‍ കുരുതിക്കിരയാകുന്ന ഫലസ്തീനികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ലിവര്‍പൂള്‍ ആരാധകര്‍. ഇന്നലെ ആന്‍ഫീല്‍ഡില്‍ എവര്‍ട്ടനെതിരെ നടന്ന മത്സരത്തിലായിരുന്നു ഫലസ്തീന്‍ പതാകകളും പ്ലക്കാര്‍ഡുകളുമായി ആരാധകരെത്തിയത്. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ പ്രീമിയര്‍ ലീഗ് അധികൃതര്‍ ഇസ്രായേല്‍-ഫലസ്തീന്‍ പതാകകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് മറികടന്നായിരുന്നു ആരാധകരുടെ ഐക്യദാര്‍ഢ്യപ്രകടനം.

മത്സരത്തിനിടെയാണ് ലിവര്‍പൂള്‍ ആരാധകര്‍ ഫലസ്തീന്‍ പതാക ഉയര്‍ത്തിയത്. ദൈവത്തെയോര്‍ത്ത് ഗസ്സയെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്ലക്കാര്‍ഡും ഗാലറിയില്‍ ഉയര്‍ന്നു. ഫലസ്തീനിലും ഇസ്രായേലിലും കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചായിരുന്നു മത്സരം ആരംഭിച്ചത്. ഇരുടീമുകളും അണിനിരന്നു മൗനമാചരിച്ചായിരുന്നു ആദരം. ഗസയിലെ ഇസ്രായേല്‍ ആക്രമണത്തെ അപലപിച്ച് നേരത്തെ ലിവര്‍പൂള്‍ സൂപ്പര്‍താരം മുഹമ്മദ് സലാഹ് രംഗത്തെത്തിയിരുന്നു. ഇനിയും നിരപരാധികളായ കുഞ്ഞുങ്ങളടക്കം കൊലചെയ്യപ്പെടുന്നതു തടയാന്‍ ലോക നേതാക്കള്‍ ഇടപെടണമെന്ന് താരം ആവശ്യപ്പെട്ടു. അതീവഗുരുതരമായ സാഹചര്യം നേരിടുന്ന ഗസയിലേക്ക് മാനുഷിക സഹായം എത്തിക്കണമെന്നും സലാഹ് വിഡിയോ സന്ദേശത്തിലൂടെ ആഹ്വാനം ചെയ്തു.

ഇന്നലെ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ടു ഗോളിന് ലിവര്‍പൂള്‍ എവര്‍ട്ടനെ തകര്‍ത്തു. മുഹമ്മദ് സലാഹിന്റെ ഇരട്ട ഗോളാണ് ചെമ്പടയെ തുണച്ചത്. അവസാന ഘട്ടം വരെ ഗോള്‍രഹിത സമനിലയില്‍ മത്സരം പുരോഗമിക്കുമ്പോഴായിരുന്നു 75-ാം മിനിറ്റില്‍ സലാഹിന്റെ ആദ്യ ഗോള്‍ പിറന്നത്. എക്സ്ട്രാ ടൈമില്‍ മത്സരം അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ബാക്കിനില്‍ക്കെയായിരുന്നു രണ്ടാം ഗോള്‍.





Next Story

RELATED STORIES

Share it