Latest News

കനത്ത മഴയ്ക്കിടെ യുപിയിൽ ഒറ്റദിവസം മിന്നലേറ്റ് മരിച്ചത് 38 പേർ; നിരവധിപേർക്ക് പരിക്കേറ്റു

കനത്ത മഴയ്ക്കിടെ യുപിയിൽ ഒറ്റദിവസം മിന്നലേറ്റ് മരിച്ചത് 38 പേർ; നിരവധിപേർക്ക് പരിക്കേറ്റു
X

ലഖ്‌നൗ: കനത്ത മഴയ്ക്കിടെ ഉത്തര്‍പ്രദേശില്‍ ഒറ്റദിവസം പലയിടങ്ങളിലായി മിന്നലേറ്റു മരിച്ചത് 38 പേര്‍. ബുധനാഴ്ചയാണ് നിരവധിപേര്‍ക്ക് ഇടിമിന്നലേറ്റത്. 11 പേര്‍ മരിച്ച പ്രതാപ്ഗഡിലാണ് എറ്റവും കൂടുതല്‍ മരണം സ്ഥിരീകരിച്ചിട്ടുള്ളത്. യുപിയില്‍ കനത്ത മഴ ജനജീവിതത്തെ ബാധിച്ചിരുന്നു. അതിനിടെയാണ് ഇടിമിന്നലേറ്റ് നിരവധിപേര്‍ മരിക്കാനിടയായത്.

സുല്‍ത്താന്‍പുരില്‍ ഏഴുപേരും, ചന്ദൗളിയില്‍ ആറുപേരും, മെയിന്‍പുരിയില്‍ അഞ്ച് പേരും, പ്രയാഗ്‌രാജില്‍ നാലുപേരും മിന്നലേറ്റു മരിച്ചു. ഹാഥ്‌റസ്, വാരണാസി തുടങ്ങിയ സ്ഥലങ്ങളിലും മരണം റിപോര്‍ട്ടു ചെയ്തിട്ടുണ്ട്. കൃഷിയിലും മത്സ്യബന്ധനത്തിലും ഏര്‍പ്പെട്ടിരുന്നവരാണ് മരിച്ചവരിലേറെയും. നിരവധിപേര്‍ക്കാണ് പരിക്കേറ്റിട്ടുള്ളത്. ബുധനാഴ്ച വൈകീട്ട് നാലിനും ആറിനുമിടക്കാണ് കനത്ത മഴയും ഇടിമിന്നലും ഉണ്ടായത്.

മരിച്ചവരില്‍ 13 ഉം 15 ഉം വയസുള്ള കുട്ടികളുമുണ്ട്. സുല്‍ത്താന്‍പുരില്‍ മരിച്ച ഏഴുപേരില്‍ മൂന്നുപേര്‍ കുട്ടികളാണ്. ഔറയ്യയില്‍ മഴയത്ത് മാവിനടിയില്‍ വിശ്രമിക്കുന്നതിനിടെ 14 വയസ്സുകാരന്‍ മിന്നലേറ്റ് മരിച്ചു. ദിയോറിയയില്‍ കൃഷിസ്ഥലത്തുള്ള ബന്ധുക്കളുടെ അടുത്തേക്ക് പോകുന്നതിനിടെ മിന്നലേറ്റ് അഞ്ച് വയസ്സുകാരിയും മരിച്ചു. വാരാണസിയില്‍ രണ്ട് സഹോദരന്മാര്‍ക്ക് ഇടിമിന്നലേറ്റ് പരിക്കേറ്റു. ഇവരില്‍ ഒരാള്‍ മരണപ്പെട്ടു. രണ്ടാമത്തെയാള്‍ ചികിത്സയിലാണ്. വരുന്ന അഞ്ച് ദിവസം യുപിയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.

Next Story

RELATED STORIES

Share it