Latest News

എലിപ്പനി: ജാഗ്രത പാലിക്കാന്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം

രോഗാണു ശരീരത്തില്‍ പ്രവേശിച്ച് പത്തു പതിനാലു ദിവസങ്ങള്‍ക്കകം രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും

എലിപ്പനി: ജാഗ്രത പാലിക്കാന്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം
X

പാലക്കാട്.ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എലിപ്പനി കണ്ടെത്തിയ സാഹചര്യത്തില്‍ ജാഗ്രതയും നിരീക്ഷണവും ഊര്‍ജ്ജിതമാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.കെ പി റീത്ത അറിയിച്ചു. എലിപ്പനി മൂലം മരണം സംഭവിക്കുന്നതിന്റെ പ്രധാന കാരണം രോഗവ്യാപനത്തെപ്പറ്റിയും രോഗലക്ഷണങ്ങളെപ്പറ്റിയുമുളള അറിവില്ലായ്മയും വൈറല്‍ പനി ആയിരിക്കാമെന്നു കരുതി ചികിത്സ വൈകിപ്പിക്കുന്നതുമാണ്. പനി വന്നാല്‍ ദിവസങ്ങള്‍ക്കകം തന്നെ രോഗനിര്‍ണ്ണയം നടത്തി ശരിയായ ചികിത്സ ലഭ്യമാക്കണം. സ്വയം ചികിത്സ ഒഴിവാക്കുകയും അടുത്തുളള ആരോഗ്യ പ്രവര്‍ത്തകരെ വിവരമറിയിച്ച് ചികിത്സ ലഭ്യമാക്കണമെന്നും ഡി എം ഒ അറിയിച്ചു.



എലിപ്പനി എങ്ങനെ പടരുന്നു?


1. രോഗാണുക്കള്‍ കലര്‍ന്ന മലിന ജലത്തില്‍ ചവിട്ടുകയോ, കളിക്കുകയോ ഒക്കെ ചെയ്യുമ്പോള്‍ രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കാം. പ്രത്യേകിച്ച് മുറിവുകളോ പോറലോ വൃണങ്ങളോ ഉണ്ടെങ്കില്‍.


2. ദീര്‍ഘനേരം മലിനജലത്തില്‍ നിന്ന് പണിയെടുക്കുന്നവരില്‍ ജലവുമായി സമ്പര്‍ക്കമുള്ള ത്വക്ക് മൃദുലമാകുകയും ആ ഭാഗത്തുകൂടി രോഗാണു പ്രവേശിക്കുകയും ചെയ്യും.


3. കണ്ണ്, മൂക്ക്, വായ, ജനനേന്ദ്രിയം എന്നിവയുടെ മൃദുലമായ ചര്‍മ്മത്തിലൂടെ രോഗാണുക്കള്‍ പ്രവേശിക്കാം.


4. രോഗാണു കലര്‍ന്ന ജലം കുടിക്കുന്നതിലൂടെയും രോഗം ഉണ്ടാകാം.


രോഗ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം


രോഗാണു ശരീരത്തില്‍ പ്രവേശിച്ച് പത്തു പതിനാലു ദിവസങ്ങള്‍ക്കകം രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും. മറ്റു പകര്‍ച്ച പനികള്‍ക്ക് ഉണ്ടാകുന്ന സമാന ലക്ഷണങ്ങളാണ് ആരംഭത്തില്‍ ഉണ്ടാകുന്നതെങ്കിലും അല്‍പ്പം ശ്രദ്ധിച്ചാല്‍ എലിപ്പനിയാണോ എന്ന് മനസ്സിലാക്കാം.


1. ശക്തമായ പനി


2. ശക്തമായ തലവേദന


3. ശക്തമായ പേശിവേദന, പ്രത്യേകിച്ച് നടുവിനും കാലുകളിലെ പേശികള്‍ക്കും ഉണ്ടാകുന്ന വേദന. കാല്‍മുട്ടിനു താഴെയുള്ള പേശികളില്‍ കൈ വിരല്‍ കൊണ്ട് അമര്‍ത്തുമ്പോള്‍ വേദന ഉണ്ടാകുന്നു.


4. അമിതമായ ക്ഷീണം.


5. കണ്ണിന് ചുവപ്പ് നിറം, നീര്‍വീഴ്ച, കണ്ണിന്റെ കൃഷ്ണമണിക്ക് ചുറ്റും വെള്ള ഭാഗത്തുണ്ടാകുന്ന ചുവപ്പ് നിറം എലിപ്പനിയുടെ പ്രധാന ലക്ഷണങ്ങളിലൊന്നാണ്. കണ്ണുകളില്‍ ഉണ്ടാകുന്ന രക്തസ്രാവമാണ് ചുവപ്പു നിറത്തിന് കാരണം. പനിയ്ക്കും ശരീര വേദനക്കും ഒപ്പം കണ്ണിന്റെ ചുവപ്പ് നിറം കൂടിയിട്ടുണ്ടെങ്കില്‍ പെട്ടന്ന് തന്നെ ചികിത്സ തേടണം.


6. മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ , പനിയോടൊപ്പം കണ്ണിന് മഞ്ഞനിറം, മനം മറിച്ചില്‍, ഛര്‍ദ്ദി എന്നിവ. രോഗം കരളിനെ ബാധിക്കുന്നതു കൊണ്ടാണ് മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ ഉണ്ടാകുന്നത്. രോഗത്തിന്റെ ഗൗരവ സ്വഭാവമുള്ള ലക്ഷണങ്ങളില്‍ ഒന്നാണിത്.


7. ശരീരത്തില്‍ ചുവന്ന പാടുകള്‍. ത്വക്കില്‍ രക്തസ്രാവം ഉണ്ടാകുന്നതാണ് കാരണം. രോഗം ഗുരുതരാവസ്ഥയിലാണെങ്കില്‍ മൂക്കിലൂടെ രക്തസ്രാവം, രക്തം ഛര്‍ദ്ദിക്കുക, മലം കറുത്ത നിറത്തില്‍ പോകുക എന്നിവയും ഉണ്ടാകാം.


8. ചിലരില്‍ പനിയോടൊപ്പം വയറിളക്കം, ഛര്‍ദ്ദി എന്നിവയും ഉണ്ടാകും.


രക്തപരിശോധനയിലൂടെ എലിപ്പനി ആണോയെന്ന് സ്ഥിരീകരിക്കാനാകും. മിക്കവരിലും ശക്തമായ പനിയും ദേഹവേദനയും മാത്രമേ ഉണ്ടാകൂ. 56 ദിവസം കൊണ്ട് പനി സുഖമാകുകയും ചെയ്യും. 10 ശതമാനം ആള്‍ക്കാരില്‍ ഗൗരവമായ സങ്കീര്‍ണ്ണതകള്‍ ഉണ്ടാകുന്നു. ശരീരത്തിലെ എല്ലാ പ്രധാന അവയവങ്ങളെയും ഇത് ബാധിക്കാം. വൃക്കകളെ ബാധിച്ചാല്‍ അവയുടെ പ്രവര്‍ത്തനം നിലക്കാനും മരണം സംഭവിക്കാനും ഇടയുണ്ട്.


കൃത്യമായ ചികിത്സ ഉറപ്പാക്കണം


പെന്‍സിലിന്‍ പോലുളള ആന്റിബയോട്ടിക് മരുന്നുകള്‍ വളരെ ഫലപ്രദമാണ്. ആരംഭത്തില്‍തന്നെ രോഗനിര്‍ണ്ണയം നടത്തി ചികിത്സിക്കണം. ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ സ്വയം ചികിത്സ ഒഴിവാക്കി ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കണം.


പ്രതിരോധിക്കാന്‍ ചെയ്യേണ്ടവ


1. മലിനജലം, കെട്ടിക്കിടക്കുന്ന ജലം എന്നിവയുമായി സമ്പര്‍ക്കം ഒഴിവാക്കുക. കുട്ടികളെ മലിനജലത്തില്‍ കളിക്കാന്‍ അനുവദിക്കരുത്. ശരീരത്തില്‍ മുറിവുളളവര്‍ ശുചീകരണ പ്രവര്‍ത്തനത്തിന് ഇറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം.


2. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ഭക്ഷണാവശിഷ്ടങ്ങള്‍ ചുറ്റുപാടും വലിച്ചെറിയരുത്.


3. പശു, മറ്റ് കന്നുകാലികള്‍, വളര്‍ത്തുമൃഗങ്ങള്‍ തുടങ്ങിയവയുടെ മൂത്രത്തിലൂടെയും എലിപ്പനി പടരാന്‍ സാധ്യതയുള്ളതിനാല്‍ ഇവയുമായി ഇടപഴകുന്നവര്‍ പ്രത്യേക മുന്‍കരുതലുകള്‍ സ്വീകരിക്കണം.


4. കെട്ടിക്കിടക്കുന്ന ജലവുമായി സമ്പര്‍ക്കം ആവശ്യമായി വരുന്ന വീടും പരിസരവും ശുചീകരണത്തിന് എത്തുന്നവര്‍, പണിയെടുക്കുന്നവര്‍, ഈര്‍പ്പമുളള മണ്ണില്‍ കൃഷി ചെയ്യുന്നവര്‍ തുടങ്ങിയവര്‍ പ്രത്യേകം ശ്രദ്ധിക്കണം. കൈയ്യുറകള്‍, ബൂട്‌സ് എന്നിവ ധരിക്കുകയും രോഗപ്രതിരോധം നല്‍കുന്ന ഡോക്‌സിസൈക്ലിന്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരം കഴിക്കുകയും വേണം.


5. മലിനജലത്തില്‍ ചവിട്ടിയാല്‍ കാലുകള്‍ ശുദ്ധജലവും സോപ്പും ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക.


6. പൈപ്പ് വെളളം ആണെങ്കില്‍ കൂടി കുടിവെള്ളം അഞ്ച് മിനിറ്റെങ്കിലും തിളപ്പിച്ചാറ്റി ഉപയോഗിക്കുക. എലിമൂത്രം കലര്‍ന്നില്ലെന്ന് ഉറപ്പാക്കണം.


7. പാചകത്തിനും കുളിക്കാനും വായ് ശുദ്ധികരിക്കാനുമൊക്കെ ക്ലോറിനേറ്റ് ചെയ്ത ജലം മാത്രം ഉപയോഗിക്കുക.




Next Story

RELATED STORIES

Share it