Latest News

വെള്ളക്കരം വർദ്ധനവ്: ജനങ്ങൾക്ക് മേൽ ഇടതു മുന്നണി താങ്ങാൻ കഴിയാത്ത ഭാരം അടിച്ചേൽപ്പിക്കുന്നു - വെൽഫെയർ പാർട്ടി

വെള്ളക്കരം വർദ്ധനവ്: ജനങ്ങൾക്ക് മേൽ ഇടതു മുന്നണി താങ്ങാൻ കഴിയാത്ത ഭാരം അടിച്ചേൽപ്പിക്കുന്നു - വെൽഫെയർ പാർട്ടി
X


തിരുവനന്തപുരം: വെള്ളക്കരം വർദ്ധിപ്പിച്ച് ജനങ്ങളുടെ മേൽ അമിതഭാരം അടിച്ചേൽപ്പിക്കാൻ ഇടതു മുന്നണി തീരുമാനിച്ചത് പ്രതിഷേധാർഹമാണെന്നും ഈ തീരുമാനത്തിൽ നിന്ന് മുന്നണിയും സർക്കാരും പിൻമാറണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി ആവശ്യപ്പെട്ടു. ഗാർഹിക ഉപഭോക്താക്കൾക്ക് വെള്ളക്കരം വർദ്ധനവിലൂടെ പ്രയാസം ഉണ്ടാവുകയില്ല എന്ന വസ്തുതാ വിരുദ്ധമായ പ്രസ്താവനയാണ് മന്ത്രി റോഷി അഗസ്റ്റിൻ നടത്തുന്നത്. സാധാരണ അളവിൽ വെള്ളം ഉപയോഗപ്പെടുത്തുന്ന ഒരു കുടുംബത്തിന് പോലും ഇരട്ടിയോളം തുകയാണ് പുതിയ വർദ്ധനനുസരിച്ച് നൽകേണ്ടി വരുന്നത്. വർദ്ധിപ്പിച്ച തുകയെ സംബന്ധിച്ച് വളരെ അവ്യക്തത നിറഞ്ഞ വിശദീകരണമാണ് സർക്കാർ നൽകുന്നത്.

അവശ്യ സേവന മേഖലയായ കുടിവെളള വിതരണത്തെ ലാഭ കണ്ണോടെ സമീപിക്കുന്നത് അംഗീകരിക്കാനാകില്ല. ധൂർത്തും ദുർവ്യയവും കെടുകാര്യസ്ഥതയും നടത്തി സർക്കാർ ഉണ്ടാക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ഭാരം ജനങ്ങളുടെ മേൽ കെട്ടിവയ്ക്കാൻ ശ്രമിക്കുന്നത് ഏത് ഇടതുപക്ഷ നയം ആണെന്ന് മുന്നണി നേതാക്കളും മുഖ്യമന്ത്രിയും വ്യക്തമാക്കണം. നിത്യോപയോഗ സാധനങ്ങൾ അടക്കമുള്ള എല്ലാ വസ്തുക്കൾക്കും വൻതോതിൽ വില വർധിച്ചിട്ടും നോക്കുകുത്തിയായിരിക്കുന്ന സർക്കാർ മനുഷ്യരുടെ ദാഹജലത്തിനു കൂടി വില വർദ്ധിപ്പിക്കുന്ന മനുഷ്യത്വരഹിതമായ നിലപാട് സ്വീകരിക്കുകയാണ്. എന്നിട്ട് ചെറിയതോതിലെ വർദ്ധനവ് മാത്രമാണ് വരുത്തിയിട്ടുള്ളതെന്ന കളവ് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കാൻ കൂടി ശ്രമിക്കുകയാണ്. ജനദ്രോഹ നിലപാട് തിരുത്താൻ മുന്നണിയും സർക്കാരും തയ്യാറായില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് വെൽഫെയർ പാർട്ടി നേതൃത്വം കൊടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it