Latest News

ഇടതുപക്ഷത്തിന്റെ ഫാഷിസ്റ്റ് വിരുദ്ധത തൊലിപ്പുറത്ത് മാത്രം; ഭരണം അട്ടിമറിച്ച നിലപാടില്‍ പ്രതിഷേധമുയരണമെന്നും കെ സുധാകരന്‍

കോട്ടയം ജില്ലയില്‍ ആനുകാലിക വിവാദവുമായി ബന്ധപ്പെട്ട് വര്‍ഗ്ഗീയ ഫാഷിസ്റ്റ് രാഷ്ട്രീയത്തിന് ഇടം നേടാന്‍ കേന്ദ്ര ഗവണ്‍മെന്റിനെ മുന്‍ നിര്‍ത്തി ബിജെപി കരുക്കള്‍ നീക്കുമ്പോഴാണ് ഇടതുപക്ഷം ബിജെപി സഹായം സ്വീകരിക്കുന്നതെന്ന അപകടകരമായ രാഷ്ട്രീയ ചാണക്യ തന്ത്രത്തെ കേരളം കാണാതെ പോകരുത്

ഇടതുപക്ഷത്തിന്റെ ഫാഷിസ്റ്റ് വിരുദ്ധത തൊലിപ്പുറത്ത് മാത്രം; ഭരണം അട്ടിമറിച്ച നിലപാടില്‍ പ്രതിഷേധമുയരണമെന്നും കെ സുധാകരന്‍
X

തിരുവനന്തപുരം: കോട്ടയം നഗരസഭയില്‍ ബിജെപി പിന്തുണയോടെ യുഡിഎഫ് ഭരണം അട്ടിമറിച്ച എല്‍ഡിഎഫ് നിലപാടില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.

വര്‍ഗ്ഗീയ ഫാഷിസ്റ്റ് സംഘടനകളെ അധികാരത്തില്‍ നിന്നും പുറത്ത് നിര്‍ത്തിയാണ് കോട്ടയം നഗരസഭയില്‍ യു.ഡി.എഫ് ഭരിക്കുന്നത്. കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയില്‍ വര്‍ഗ്ഗീയ ഫാഷിസ്റ്റ് രാഷ്ട്രീയം വേരറ്റു പോകുമ്പോള്‍ ഏതു വിധേനയും ഒരു തിരിച്ചു വരവിന് കൊണ്ടു പിടിച്ച ശ്രമം നടത്തുകയാണ് ആര്‍.എസ്.എസ്-ബി.ജെ.പി സംഘപരിവാര ശക്തികള്‍. മാത്രമല്ല കോട്ടയം ജില്ലയില്‍ ആനുകാലിക വിവാദവുമായി ബന്ധപ്പെട്ട് വര്‍ഗ്ഗീയ ഫാഷിസ്റ്റ് രാഷ്ട്രീയത്തിന് ഇടം നേടാന്‍ കേന്ദ്ര ഗവണ്‍മെന്റിനെ മുന്‍ നിര്‍ത്തി ബി.ജെ.പി കരുക്കള്‍ നീക്കുമ്പോഴാണ് ഇടതുപക്ഷം ബിജെപി സഹായം സ്വീകരിക്കുന്നതെന്ന അപകടകരമായ രാഷ്ട്രീയ ചാണക്യ തന്ത്രത്തെ കേരളം കാണാതെ പോകരുത്.

കോട്ടയം നഗരസഭയില്‍ ബി.ജെ.പി പിന്തുണയില്ലാതെ ഇടതുപക്ഷത്തിന് അവിശ്വാസ പ്രമേയം പാസ്സാക്കാനാവില്ല. രാഷ്ട്രീയ പിന്നാമ്പുറത്ത് ബി.ജെ.പിയുമായി പിന്തുണ ഉറപ്പിച്ചാണ് ഇടതുപക്ഷം ഇന്ന് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. ബി.ജെ.പിയാണെങ്കില്‍ പരസ്യമായി തന്നെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പിണറായി വിജയനും, വിജയരാഘവനും രാഷ്ട്രീയ സദാചാരം എന്നൊന്നുണ്ടെങ്കില്‍ കേരളത്തോട് മാപ്പ് പറയാന്‍ തയ്യാറാവണം. ഊണിലും ഉറക്കിലും ബിജെപിക്കെതിരെ പ്രസംഗിക്കുകയും അധികാരത്തിനു വേണ്ടി പട്ടാപ്പകല്‍ ബിജെപി പിന്തുണ പരസ്യമായി സ്വീകരിക്കുകയും ചെയ്യുന്ന എല്‍ഡിഎഫ് നിലപാട് രാഷ്ട്രീയ മാന്യതയ്ക്ക് ചേര്‍ന്നതല്ല.

ബിജെപിയുടെ പിന്തുണ സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ അറിവോടു കൂടിയാണോ എന്ന് അവര്‍ വ്യക്തമാക്കണം. കേരളത്തിലെ ഒരു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഒരു അധികാര സ്ഥാനങ്ങള്‍ക്കും വര്‍ഗ്ഗീയ സംഘടനകളുടെ പിന്തുണ വേണ്ടെന്ന് പരസ്യമായി പ്രഖ്യാപിത നിലപാട് സ്വീകരിച്ച പ്രസ്ഥാനമാണ് യുഡിഎഫ്. മതന്യൂനപക്ഷ പിന്തുണ നേടാനും വോട്ട് ബാങ്ക് രാഷ്ട്രീയത്തിനും രാക്കിരാമാനം ബിജെപിക്കെതിരെ സംസാരിക്കാറുള്ള മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറി വിജയരാഘവനും ഇനിയെങ്കിലും മതേതര കീര്‍വാണ പ്രസംഗങ്ങള്‍ അവസാനിപ്പിക്കണം. ഇവരുടെ ഫാഷിസ്റ്റ് വിരുദ്ധത തൊലിപ്പുറത്ത് മാത്രമാണ്. കപടമാണ്. അവരുടെ ഉള്ളിലിരുപ്പാണ് ഇപ്പോള്‍ കോട്ടയം നഗരസഭയിലൂടെ മറ നീക്കി പുറത്തു വന്നിരിക്കുന്നത്. കേവലം ഒരു നഗരസഭാ ഭരണം പിടിച്ചെടുക്കുന്നതിന് വര്‍ഗ്ഗീയ ഫാഷിസ്റ്റുകളുടെ എച്ചില്‍ നക്കുന്ന ഇടതുപക്ഷത്തിന്റെ കപട രാഷ്ട്രീയം കേരളം തിരിച്ചറിയണം. കാനത്തെപ്പോലുള്ള വലിയ ഇടതുപക്ഷ ബുദ്ധിജീവികള്‍ ഇനിയും പിണറായി വിജയനെ ന്യായീകരിക്കുമോയെന്നറിയാന്‍ താല്പര്യമുണ്ട്. മതേതര കേരളത്തില്‍ നാളെ നിങ്ങളുടെ സ്ഥാനം ചവറ്റുകുട്ടയായിരിക്കുമെന്നും കെ സുധാകരന്‍ ഓര്‍മ്മിപ്പിച്ചു.

Next Story

RELATED STORIES

Share it