Latest News

ശിവജി പാര്‍ക്കില്‍ ലതാ മങ്കേഷ്‌കര്‍ക്ക് സ്മാരകം; മഹാരാഷ്ട്രയില്‍ വിവാദം പുകയുന്നു

ശിവജി പാര്‍ക്കില്‍ ലതാ മങ്കേഷ്‌കര്‍ക്ക് സ്മാരകം; മഹാരാഷ്ട്രയില്‍ വിവാദം പുകയുന്നു
X

മുംബൈ; ലതാ മങ്കേഷ്‌കര്‍ക്ക് അവരെ സംസ്‌കരിച്ച ശിവജി പാര്‍ക്കില്‍ സ്മാരകം നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയില്‍ വലിയ വിവാദം. ശിവജി പാര്‍ക്കില്‍ സ്മാരകം നിര്‍മിക്കണമെന്നും വേണ്ടെന്നും പരസ്പര വിരുദ്ധമായ ആവശ്യമാണ് ഉയര്‍ന്നിരിക്കുന്നത്. ശിവജി പാര്‍ക്കില്‍ സ്മാരകമെന്നത് തങ്ങളുടെ ആശയമല്ലെന്ന് കുടുംബവും വ്യക്തമാക്കിയിട്ടുണ്ട്.

കൊവിഡാനന്തര രോഗബാധയെത്തുടര്‍ന്നാണ് രാജ്യത്തെ ഏറ്റവും വലിയ ഗായികമാരിലൊളായ ലതാ മങ്കേഷ്‌കര്‍ ബോംബെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ വച്ച് മരിച്ചത്. ശിവജി പാര്‍ക്കില്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം സംസ്‌കരിക്കുകയും ചെയ്തു. ഇവിടെ സ്മാരം വേണമെന്നാണ് ഇപ്പോഴത്തെ ആവശ്യം.

അവിടെ ലതക്ക് സ്മാരകം നിര്‍മിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിട്ടില്ലെന്നും സ്മാരക നിര്‍മാണത്തെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും അഭ്യര്‍ത്ഥിച്ച് മങ്കേഷ്‌കറിന്റെ സഹോദരന്‍ ഹൃദയനാഥ് മങ്കേഷകര്‍ രംഗത്തുവന്നു.

ശിവജി പാര്‍ക്കില്‍ സ്മാരകം നിര്‍മിക്കുന്നത് ശിവസേന, കോണ്‍ഗ്രസ് സഖ്യത്തിനുള്ളിലും പ്രശ്‌നങ്ങളുണ്ടാക്കിയിട്ടുണ്ട്. പ്രതിപക്ഷമായ ബിജെപിയാകട്ടെ സ്മാരകമെന്ന ആവശ്യത്തോട് അനുകൂലമായി പ്രതികരിച്ചിരിക്കുകയും ചെയ്തിരിക്കുകയാണ്.

ബിജെപി എംഎല്‍എ രാം കദമാണ് ഈ ആവശ്യം ആദ്യം ഉന്നയിക്കുന്നത്. ലതയെ സംസ്‌കരിച്ച ശിവജി പാര്‍ക്കില്‍ത്തന്നെ സ്മാരകം നിര്‍മിക്കണമെന്നായിരുന്നു ആവശ്യം. അതിനെ കോണ്‍ഗ്രസ് മേധാവി നാന പത്തോള്‍ പിന്തുണച്ചുവെങ്കിലും പിന്നീട് ആവശ്യം മയപ്പെടുത്തി.

ശിവസേനയെ സംബന്ധിച്ചിടത്തോളം ശിവജി പാര്‍ക്ക് പ്രധാനമാണ്. പാര്‍ട്ടി നേതാവായിരുന്ന ബാല്‍താക്കറെയുടെ നേതൃത്വത്തില്‍ വാര്‍ഷിക ദസറാ ആഘോഷങ്ങള്‍ നടന്നിരുന്നത് ഇവിടെവച്ചാണ്. ഇപ്പോഴത്തെ പാര്‍ട്ടി മേധാവിയായ ഉദ്ദവ് താക്കറെയും ആ പാരമ്പര്യം നിലനിര്‍ത്തുന്നു. അവിടെ സ്മാരകം വേണ്ടെന്നാണ് ശിവസേനയുടെ നിലപാട്.

മഹാരാഷ്ട്ര നവനിര്‍മാണ സേന നേതാവ് സന്ദീപ് ദേശ്പാണ്ഡെയും സ്മാരനിര്‍മാണത്തെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ശിവജി പാര്‍ക്ക് കയ്യേറ്റം ഒഴിപ്പിച്ചത് ബുദ്ധിമുട്ടിയാണെന്നും പെറ്റി രാഷ്ട്രീയത്തിന്റെ പേരില്‍ പാര്‍ക്ക് വിട്ടുനല്‍കരുതെന്നും ദേശ് പാണ്ടെ ട്വീറ്റ് ചെയ്തു. ഉചിതമായ സ്ഥലത്ത് സ്മാരകമെന്നാണ് വഞ്ചിത് ബഹുജന്‍ അഘാടിയുടെ മേധാവി പ്രകാശ് അംബേദ്കറുടെ നിലപാട്.

അതിനിടയില്‍ ലതയുടെ ഓര്‍മ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ സംഗീത കോളജ് സ്ഥാപിക്കുന്നുണ്ട്. ബുധനാഴ്ചയിലെ മന്ത്രിസഭായോഗത്തിലാണ് തീരുമാനമുണ്ടായത്. മുംബൈയിലെ കലീനയിലായിരിക്കും കോളജ് സ്ഥാപിക്കുക.

Next Story

RELATED STORIES

Share it