Latest News

ഉരുള്‍പ്പൊട്ടല്‍: കൂട്ടിക്കല്‍ പ്ലാപ്പള്ളിയില്‍ മരിച്ചവരുടെ എണ്ണം ആറായി

ഉരുള്‍പ്പൊട്ടല്‍: കൂട്ടിക്കല്‍ പ്ലാപ്പള്ളിയില്‍ മരിച്ചവരുടെ എണ്ണം ആറായി
X

കോട്ടയം: കനത്ത മഴ തുടരുന്ന കോട്ടയം കൂട്ടിക്കല്‍ പ്ലാപ്പള്ളിയില്‍ ഉരുള്‍പ്പൊട്ടി മരിച്ചവരുടെ എണ്ണം ആറായി. ഇവിടെ ഏഴ് പേരെയാണ് കാണാതായത്. നേരത്തെ ഇവിടെനിന്ന് മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. അല്‍പ്പ സമയം മുമ്പ് മൂന്ന് പേരുടെ മൃതദേഹം കൂടി കണ്ടെത്തി.

കാണാതായവരില്‍ ആറ് പേര്‍ ഒരു കുടുംബത്തിലുള്ളവരാണെന്ന് റിപോര്‍ട്ടുണ്ടായിരുന്നു.

പ്രദേശത്ത് മൂന്ന് വീടുകള്‍ ഒഴുക്കില്‍ ഒലിച്ചുപോയി. പുലര്‍ച്ചെ മുതല്‍ പെയ്യുന്ന ശക്തമായ മഴയെത്തുടര്‍ന്നാണ് ഉരുള്‍പൊട്ടലുണ്ടായത്. പൂഞ്ഞാര്‍ തെക്കേക്കരയിലും മുണ്ടക്കയത്തുമൊക്കെ ഉരുള്‍പൊട്ടല്‍ ഉണ്ടായെങ്കിലും അത് തീവ്രത കുറഞ്ഞവ ആയിരുന്നു. എന്നാല്‍, കൂട്ടിക്കലില്‍ ഉണ്ടായത് ശക്തമായ ഉരുള്‍പൊട്ടലാണ്.

കൂട്ടിക്കല്‍ കവലയില്‍ ഒരാള്‍ പൊക്കത്തില്‍ വെള്ളം കയറിയിട്ടുണ്ട്. വെള്ളപ്പൊക്കത്തില്‍ വീടുകളില്‍ വെള്ളം കയറുകയും വാഹനങ്ങളും കോഴി ഫാമുകളും അടക്കമുള്ളവ ഒഴികിപ്പോവുകയും ചെയ്തു. ഇതിനകം നൂറോളം ദുരിതാശ്വാസ കാംപുകളാണ് ജില്ലയില്‍ തുറന്നിരിക്കുന്നത്. കൂട്ടിക്കല്‍ നഗരവും മുണ്ടക്കയം നഗരവും ഒറ്റപ്പെട്ടു. സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ മഴക്കെടുത്തി തുടരുകയാണ്. കോട്ടയം ജില്ലയിലാണ് ഏറെ കെടുതികള്‍ റിപോര്‍ട്ട് ചെയ്യുന്നത്.

Next Story

RELATED STORIES

Share it