Latest News

കുഴിബോംബ് ഭീഷണി: പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലേക്ക് യാത്ര വേണ്ട; പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി കാനഡ

കുഴിബോംബ് ഭീഷണി: പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലേക്ക് യാത്ര വേണ്ട; പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി കാനഡ
X

ഒട്ടാവ: കുഴിബോംബുകളുടെ സാന്നിധ്യവും പ്രവചനാതീതമായ സുരക്ഷാസാഹചര്യവും കണക്കിലെടുത്ത് പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലേക്ക് യാത്രവേണ്ടെന്ന് പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി കാനഡ. ഗുജറാത്ത്, പഞ്ചാബ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണമെന്നാണ് നിര്‍ദേശം.

'പ്രവചനാതീതമായ സുരക്ഷാ സാഹചര്യവും പൊട്ടിത്തെറിക്കാത്ത കുഴിബോംബുകളുടെയും സാന്നിധ്യവും കാരണം ഗുജറാത്ത്, പഞ്ചാബ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ പാകിസ്താനുമായുള്ള അതിര്‍ത്തിയില്‍ നിന്ന് 10 കിലോമീറ്ററിനുള്ളിലെ എല്ലാ യാത്രകളും ഒഴിവാക്കുക''-യാത്രാ നിര്‍ദേശത്തില്‍ പറയുന്നു.

കനേഡിയന്‍ ഗവണ്‍മെന്റ് അതിന്റെ വെബ്‌സൈറ്റില്‍ സെപ്തംബര്‍ 27ന് അപ്‌ലോഡ് ചെയ്തതാണ് ഈ നിര്‍ദേശം. രാജ്യത്തുടനീളമുള്ള തീവ്രവാദ ആക്രമണഭീഷണിയാണ് കാരണമായി പറഞ്ഞിട്ടുളളത്. തീവ്രവാദത്തിന്റെയും കലാപത്തിന്റെയും അപകടസാധ്യതയുള്ളതിനാല്‍ അസമിലേക്കും മണിപ്പൂരിലേക്കും അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം. കേന്ദ്ര ഭരണപ്രദേശമായ ലഡാക്കിനെ ഇതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം കാനഡയിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് സമാനമായ നിര്‍ദേശം നല്‍കിയിരുന്നു.

'കാനഡയില്‍ വിദ്വേഷ കുറ്റകൃത്യങ്ങളിലും വിഭാഗീയ അക്രമങ്ങളിലും ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളിലും കുത്തനെ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയവും കാനഡയിലെ ഹൈക്കമ്മീഷനും കോണ്‍സുലേറ്റ് ജനറലും ഈ സംഭവങ്ങള്‍ കനേഡിയന്‍ അധികാരികളുമായി ചര്‍ച്ച ചെയ്യുകയും അവരോട് നടപടി ആവശ്യപ്പെടുകയും ചെയ്തു. കുറ്റകൃത്യങ്ങള്‍ അന്വേഷിച്ച് ഉചിതമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു''- ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഇതുസംബന്ധിച്ച് പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു.

'മുകളില്‍ വിവരിച്ചതുപോലെ കുറ്റകൃത്യങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന സംഭവങ്ങള്‍ കണക്കിലെടുത്ത്, കാനഡയിലെ ഇന്ത്യന്‍ പൗരന്മാരും ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും യാത്രയ്ക്കും വിദ്യാഭ്യാസത്തിനായി കാനഡയിലേക്ക് പോകുന്നവരും ജാഗ്രത പാലിക്കണം' പ്രസ്താവനയില്‍ പറയുന്നു.

ഇന്ത്യന്‍ പൗരന്മാര്‍ക്കും കാനഡയിലുള്ള ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കും ഒട്ടാവയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലോ ടൊറന്റോയിലെയും വാന്‍കൂവറിലെയും കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യയിലോ അതത് വെബ്‌സൈറ്റുകളിലൂടെയോ രജിസ്റ്റര്‍ ചെയ്യാമെന്നും നിര്‍ദേശത്തില്‍ പറഞ്ഞിരുന്നു.

Next Story

RELATED STORIES

Share it