Big stories

പാലക്കാട് മെഡിക്കല്‍ കോളജിന്റെ ഭൂമി സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന് കൈമാറുന്നു; വ്യാപക പ്രതിഷേധം

പാലക്കാട് മെഡിക്കല്‍ കോളജിന്റെ ഭൂമി സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന് കൈമാറുന്നു; വ്യാപക പ്രതിഷേധം
X

പാലക്കാട്; പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കുവേണ്ടി സ്ഥാപിച്ച പാലക്കാട് മെഡിക്കല്‍ കോളജിന്റെ ഭൂമി സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന് കൈമാറാന്‍ തീരുമാനിച്ചതിനെതിരേ പ്രതിഷേധം ശക്തം. കോളജിനുവേണ്ടി റവന്യൂ വകുപ്പ് പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പിനു കൈമാറിയ ഭൂമിയില്‍ നിന്നും എഴുപത് സെന്റ് സ്ഥലമാണ് കക്കൂസ് മാലിന്യസംസ്‌കര പ്ലാന്റ് സ്ഥാപിക്കാന്‍ വിട്ടുകൊടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.

കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

ദലിത് ആദിവാസി വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സവിശേഷ പരിഗണന നല്‍കിയാണ് പാലക്കാട് മെഡിക്കല്‍ കോളേജ് സ്ഥാപിച്ചത്. ഈ സ്ഥാപനത്തിന്റെ ഭൂമിയാണ് മുനിസിപ്പാലിറ്റിയുടെ പരിധിയില്‍ വരുന്ന പാര്‍പ്പിടങ്ങളിലേയും വിവിധ സ്ഥാപനങ്ങളിലേയും കക്കൂസ് മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനായി പ്ലാന്റ് സ്ഥാപിക്കുന്നത്.

എഴുപത് ശതമാനം ദലിത് ആദിവാസി വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികളാണ് പാലക്കാട് മെഡിക്കല്‍ കോളേജില്‍ പഠിക്കുന്നത്. കോളേജിന്റെ വികസനത്തിനായ് കൂടുതല്‍ സ്ഥലം ആവശ്യമാണെന്നിരിക്കെ ഉള്ള ഭൂമിതന്നെ മറ്റ് ആവശ്യങ്ങള്‍ക്ക് കൈമാറുന്നതിലാണ് പ്രതിഷേധമുയര്‍ന്നിരിക്കുന്നത്.

യാക്കര വില്ലേജില്‍ പ്ലാന്റ് സ്ഥാപിക്കാനായിരുന്നു പദ്ധതിയെങ്കിലും ജനവാസ കേന്ദ്രമെന്ന് പരിഗണിച്ച് പിന്നീട് ഉപേക്ഷിച്ചു. പ്ലാന്റിനെതിരേ കോളജ് പിടിഎ രംഗത്തുവന്നെങ്കിലും ബന്ധപ്പെട്ടവര്‍ പരാതി പരിഗണിച്ചില്ല. പട്ടികജാതി കമ്മീഷനില്‍ പി കെ എസ് പാലക്കാട് ജില്ലാ കമ്മറ്റി സെക്രട്ടറി പൊന്നു കുട്ടന്‍ നല്‍കിയ പരാതിയും സര്‍ക്കാര്‍ അംഗീകരിച്ചില്ല.

പാലക്കാട് മെഡിക്കല്‍കോളേജിന് അനുവദിച്ച 50 ഏക്കര്‍ ഭൂമിയില്‍ നിന്ന് 70 സെന്റ് ഭൂമി തിരിച്ചെടുത്ത് സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് നിര്‍മിക്കുന്നതിന് പാലക്കാട് നഗരസഭയ്ക്ക് കൈമാറാനാണ് പദ്ധതി.

Next Story

RELATED STORIES

Share it