Latest News

ലക്ഷദ്വീപ്: പ്രതികരണങ്ങളും സാമുദായിക സൗഹൃദാന്തരീക്ഷവും

ലക്ഷദ്വീപ്: പ്രതികരണങ്ങളും സാമുദായിക സൗഹൃദാന്തരീക്ഷവും
X

വി.പി സൈതലവി

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഭരണ പരിഷ്‌കരണങ്ങള്‍ക്കെതിരെ ലക്ഷദ്വീപില്‍ അതിശക്തമായ പ്രതിഷേധം ഉയരുകയാണ്. ഈ പ്രതിഷേധം ദ്വീപിന് പുറത്ത് പല ഭാഗങ്ങളിലും പ്രത്യേകിച്ച് മലയാളികളും ഏറ്റെടുത്തിട്ടുണ്ട്. അതിന്റെ ഭാഗമായാണ് സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ സിനിമ മേഖലകളിലുള്ള പലരും ഈ വിഷയത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയത്.

എന്നാല്‍ കേരളത്തില്‍ നടക്കുന്ന പല ചര്‍ച്ചകളും ലക്ഷദ്വീപ് വിഷയങ്ങളുടെ യഥാര്‍ത്ഥ കാരണങ്ങളിലേക്ക് എത്തുന്നില്ല എന്നതാണ് സത്യം. ലക്ഷദ്വീപില്‍ ബാറുകള്‍ തുറക്കാന്‍ അനുവദിച്ചതിനും ഗോവധ നിരോധനം ഏര്‍പ്പെടുത്തിയതിനെയും ഭൂരിപക്ഷത്തെ മാനിക്കാതെ നിയമം നടത്തി എന്നുമൊക്കെയാണ് വലിയ പ്രശ്‌നങ്ങളായി നമ്മില്‍ പലരും ചൂണ്ടിക്കാണിക്കുന്നത്. ഇത്തരത്തില്‍ ഒരു വിഭാഗം കാടടച്ച് വെടി വയ്ക്കുമ്പോള്‍ മറ്റൊരു വിഭാഗം ലക്ഷദ്വീപില്‍ 99 ശതമാനവും എങ്ങനെയാണ് മുസ്‌ലിംകള്‍ ആയത് എന്നതിന്റെ പൗരാണിക ചര്‍ച്ചകളുമായി വരുമ്പോള്‍ മലിനമാകുന്നത് നമ്മുടെ സാമുദായിക സൗഹൃദമാണ്.

സത്യത്തില്‍ ലക്ഷദ്വീപിലെ പുതിയ ഭരണ പരിഷ്‌കരണങ്ങള്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ കോര്‍പ്പറേറ്റ് ചങ്ങാത്ത നിലപാടുകളുടെ ഫലമാണെന്നതാണ് കാര്യം. മാത്രമല്ല കൊവിഡ് പ്രതിരോധത്തിലെ പാളിച്ചകളും ഈ ബഹളത്തിനിടയില്‍ മുങ്ങിപ്പോകുന്നുണ്ട്. തങ്ങളുടെ ആരോഗ്യവും ഉപജീവനവും നഷ്ടപ്പെടുന്ന രീതിയിലേക്ക് ഭരണ പരിഷ്‌കരണങ്ങള്‍ മാറുന്നത് കൊണ്ടാണ് ലക്ഷദ്വീപിലെ ജനങ്ങള്‍ പ്രതിഷേധിക്കുന്നതും പ്രതികരിക്കുന്നതും എന്നതാണ് വസ്തുത.

ലക്ഷദ്വീപിലെ രോഗികളോട് പോലും ക്രൂരമായ നിലപാടാണ് പ്രഫുല്‍ കെ പാട്ടേലിനുള്ളത് എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് എയര്‍ ആംബുലന്‍സ് വിലക്കിക്കൊണ്ടുള്ള നിയമം നിലവില്‍ വന്നത്.

രോഗി ഗുരുതരാവസ്ഥയില്‍ ആണോ എന്ന് തീരുമാനിക്കാനുള്ള അവകാശം ദ്വീപിലെ മെഡിക്കല്‍ ഓഫീസറില്‍ നിന്ന് എടുത്തുമാറ്റി ഹെല്‍ത്ത് സര്‍വീസ് ഡയറക്ടര്‍ ചെയര്‍മാനായ നാലംഗ സമിതിക്ക് കൈമാറി. ഈ സമിതിയുടെ തീരുമാനത്തിന് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ അംഗീകാരം വേണമെന്നും ഉത്തരവില്‍ പറയുന്നു.

ചികിത്സാ സൗകര്യങ്ങള്‍ ഏറെ കുറവുള്ള ദ്വീപില്‍ മെഡിക്കല്‍ ഓഫീസര്‍ തീരുമാനിച്ചാല്‍ നിലവില്‍ രോഗിയെ അടിയന്തരമായി എയര്‍ ആംബുലന്‍സ് വഴി കേരളത്തില്‍ എത്തിക്കാം. ഇതാണ് കൂടുതല്‍ സങ്കീര്‍ണമായ നടപടികളിലേക്ക് മാറ്റിയത്.

കൊവിഡിന്റെ ഒന്നാം തരംഗത്തില്‍ ഒരു രോഗികള്‍ പോലും ഇല്ലാതിരുന്ന ദ്വീപില്‍ രണ്ടാം തരംഗത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം ആയിരത്തിന് മുകളില്‍ എത്തിയ രോഗ പ്രതിരോധ പാളിച്ചയും ഇതോടൊപ്പം ചേര്‍ത്തു വായിക്കണം.

ബാറുകള്‍ തുറക്കരുതെന്നും ഗോവധം അനുവദിക്കണമെന്നും ഭൂരിപക്ഷത്തെ മാനിക്കണമെന്നും പറഞ്ഞ് ഒരു വിഭാഗം പ്രതിഷേധിച്ചാല്‍ അതിന് മറുവാദങ്ങളുണ്ടാകും. ഈ വാദങ്ങളുടെ മറപറ്റി കേന്ദ്ര ഗവണ്‍മെന്റിന്റെ കോര്‍പ്പറേറ്റ് ചങ്ങാത്ത നടപടികള്‍ ലക്ഷദ്വീപില്‍ പിടിമുറുക്കും എന്ന കാര്യത്തില്‍ സംശയമില്ല.

ലക്ഷദ്വീപില്‍ നടക്കുന്ന പ്രക്ഷോഭങ്ങളുടെ പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് ലക്ഷദ്വീപ് നിവാസികളായ ആളുകളുടെ ഭൂമി സര്‍ക്കാര്‍ പിടിച്ചെടുക്കാന്‍ പോകുന്നു എന്ന തരത്തില്‍ നിയമം വന്നത് കൊണ്ടാണ്. സ്വന്തം ഭൂമിയില്‍ ഒരു പ്രത്യേക പെര്‍മിറ്റുമായി തുടരാന്‍ സാധിക്കും എന്നാണ് അവര്‍ക്ക് കിട്ടിയിട്ടുള്ള ആകെ ഉറപ്പ്. അതും കൃത്യസമയത്ത് പെര്‍മിറ്റ് പുതുക്കിയില്ലെങ്കില്‍ രണ്ട് ലക്ഷം രൂപയാണ് ആദ്യത്തെ പിഴ. അതിനു ശേഷം ഓരോ ദിവസവും 20,000 രൂപ വീതം അഡ്മിനിസ്‌ട്രേഷന് പിഴയായി നല്‍കേണ്ടതുണ്ട്. അതായത് ഭൂനികുതി ഒടുക്കിയില്ലെങ്കില്‍ ഇന്ത്യയില്‍ എന്നല്ല ലോകത്തിലെ തന്നെ ഏറ്റവും കൂടിയ പലിശയും പലിശപ്പിഴയും മീന്‍പിടുത്തം മുഖ്യ ഉപജീവനമായ ദ്വീപ് നിവാസികളില്‍ നിന്നും ഈടാക്കുമെന്നര്‍ത്ഥം.

വര്‍ഷങ്ങളായി തങ്ങള്‍ അധിവസിക്കുന്ന തങ്ങളുടെ ഭൂമിയില്‍ നിന്ന് എന്നെന്നേക്കുമായി കുടിയിറക്കപ്പെടും എന്ന കാരണം കൊണ്ട് ദ്വീപ് നിവാസികള്‍ പ്രതിഷേധിക്കുമ്പോള്‍ ആ പ്രധിഷേധങ്ങള്‍ നമ്മുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് വളച്ചൊടിച്ച് അന്തരീക്ഷം മലീമസമാക്കുന്നത് മലര്‍ന്നു കിടന്നു തുപ്പലാണ്. മനസ്സില്‍ ന• മാത്രമുള്ള ദ്വീപ് നിവാസികളുടെ അവകാശങ്ങള്‍ക്കൊപ്പം നില്‍ക്കാനാണ് നമ്മള്‍ ശ്രദ്ധിക്കേണ്ടത്.

പ്രഫുല്‍ പട്ടേലിന്റെ പുതിയ തീരുമാനങ്ങളില്‍ മറ്റൊന്ന് ലക്ഷദ്വീപില്‍ ഗുണ്ടാ ആക്ട് നടപ്പാക്കണം എന്നുള്ളതാണ്. ക്രൈം റേറ്റ് പൂജ്യം ആണെന്നും എന്തിനാണ് ലക്ഷദ്വീപില്‍ ഗുണ്ടാ ആക്ട് നടപ്പാക്കുന്നത് എന്നും ചോദിച്ചാണ് ചിലരുടെ പ്രതിഷേധം.

ഒന്നാമത്തെ കാര്യം ലക്ഷദ്വീപിലെ ക്രൈം റേറ്റ് പൂജ്യം എന്നത് തെറ്റായ പ്രചാരണമാണ്. അത് പൂജ്യമോ അതില്‍കൂടുതലോ എന്നതല്ല ഇവിടുത്തെ മാര്‍മ്മം.ഗുണ്ടാ ആക്ട് നടപ്പിലാക്കുന്നതിന് പിന്നില്‍ മറ്റൊരു അജണ്ടയുണ്ട്. അതിനെ കുറിച്ചാണ് ചര്‍ച്ച ചെയ്യേണ്ടത്. ഭൂമി പിടിച്ചെടുക്കാനുള്ള തീരുമാനവുമായി ബന്ധപ്പെട്ടതാണ് ഈ നീക്കമെന്നു വേണം കരുതാന്‍.

ലക്ഷദ്വീപിന് പുറത്ത് ജോലി ചെയ്യുകയും മറ്റും ചെയ്യുന്ന ആളുകള്‍ക്ക് കൃത്യസമയത്ത് തങ്ങളുടെ പെര്‍മിറ്റ് പുതുക്കി നല്‍കാന്‍ സാധിച്ചില്ലെങ്കില്‍ അവര്‍ക്ക് ഭൂമി എന്നെന്നേക്കുമായി നഷ്ടപ്പെടുന്നതാണ് നിയമം. അത്തരത്തില്‍ ഭൂമി നഷ്ടപ്പെടാന്‍ പോകുന്ന സാഹചര്യത്തില്‍ അവര്‍ അതിനെതിരെ പ്രതിഷേധങ്ങളും പ്രതികരണങ്ങളും ഉയര്‍ത്തുമെന്ന കാര്യത്തില്‍ സംശയമില്ല.

സര്‍ക്കാര്‍ മേഖലകളില്‍ നിന്നും മറ്റും കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന നിരവധി ദ്വീപ് നിവാസികളെ പിരിച്ചുവിട്ട നടപടിയാണ് മറ്റൊന്ന്. ദ്വീപിലെ ജനങ്ങള്‍ ഇതുവരെ ഏറ്റെടുത്തു നടത്തിപ്പോന്നിരുന്ന ചെറുകിട ജോലികള്‍, കോണ്‍ട്രാക്ട്കള്‍, ഉപജീവനത്തിനായി നടത്തിയിരുന്ന മത്സ്യബന്ധനം തുടങ്ങിയ നിരവധി കാര്യങ്ങള്‍ കോടികളുടെ പ്രോജക്ട്കളാക്കി കോര്‍പ്പറേറ്റ് ദല്ലാള•ാര്‍ക്ക് വീതംവച്ചു കൊടുക്കാനുള്ള നടപടിയും നാം കാണാതെ പോകരുത്.

ദ്വീപിലെ വികസനപ്രവര്‍ത്തനങ്ങളില്‍ തങ്ങളുടേതായ പങ്ക് വഹിക്കുകയും അതില്‍നിന്ന് ഉപജീവനം കണ്ടെത്തുകയും ചെയ്തിരുന്ന ദീപു നിവാസികളില്‍ നിന്ന് ഇത്തരം അവകാശങ്ങള്‍ എടുത്തുമാറ്റി ബിജെപി സര്‍ക്കാരിന്റെ മുതലാളിത്ത ചങ്ങാതിമാര്‍ക്ക് വീതംവച്ചു കൊടുക്കാനുള്ള നടപടിയെയാണ് എതിര്‍ത്ത് തോല്‍പ്പിക്കേണ്ടത്. ഉപജീവനം നഷ്ടപ്പെട്ട് പട്ടിണിയിലായവര്‍ സ്വമേധയാ ദീപു വിട്ടുപോയി കൊള്ളും എന്ന ചിന്താഗതിയും ഇതിന്റെ പിന്നിലുണ്ട്.

ഇന്ത്യയുടെ ഭരണഘടന ഉറപ്പുനല്‍കുന്ന പൗരാവകാശം കൂടിയാണ് ജീവിക്കാനുള്ള അവകാശം. ആ അവകാശത്തി•േ-ലാണ് ഈ കടന്നുകയറ്റം എന്നതുകൂടി നമ്മള്‍ ഉയര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്.

പൊളിച്ചുമാറ്റലുകളും തുടച്ചുനീക്കലുകളും നിര്‍ത്തിവയ്ക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിക്കുകയുമുണ്ടായി. ഇതുപോലും മാനിക്കാതെ ഭരണകൂടം തങ്ങളുടെ പൊളിച്ചു മാറ്റല്‍ നടപടികള്‍ തുടര്‍ന്നിരുന്നു. ഇത്തരം ഭരണകൂടഭീകരതകളെ ഒളിച്ചു വയ്ക്കുന്നതിനായി സോഷ്യല്‍ മീഡിയകള്‍ അടക്കമുള്ള മാധ്യമങ്ങള്‍ ബ്ലോക്ക് ചെയ്ത് ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ നിര്‍ത്തിവച്ചതും ഭരണകൂടമാണ്.

ദീപുകാര്‍ക്ക് ദ്വീപ് തന്നെ വേണമെന്ന് മാത്രം ശഠിച്ചാല്‍ ലക്ഷദ്വീപില്‍ ആള്‍താമസമില്ലാത്ത എത്തിപ്പെടാന്‍ പോലും പ്രയാസമുള്ള കറണ്ടും വെളിച്ചവും ഇല്ലാത്ത 26 ഓളം ദ്വീപുകള്‍ ഉണ്ട്. അതില്‍ ഏതെങ്കിലും ആയിരിക്കും അവര്‍ക്കു ജീവിക്കാന്‍വേണ്ടി വിട്ടുനല്‍കുക.

തങ്ങളുടെ നിലനില്‍പ്പിനും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി പ്രതിഷേധിക്കുന്ന ലക്ഷദ്വീപ് സമൂഹത്തോടൊപ്പം നില്‍ക്കേണ്ടത് മനുഷ്യത്വം വറ്റിയിട്ടില്ലാത്ത ഓരോ പൗരന്റെയും ധര്‍മ്മമാണ്. അതിനിടയിലേക്ക് ഭൂരിപക്ഷമെന്നും ന്യൂനപക്ഷമെന്നും പറഞ്ഞു ഹറാമും ഹലാലും കൂട്ടിക്കലര്‍ത്തി ലക്ഷദ്വീപില്‍ 99% ആളുകളും എങ്ങനെ മുസ്ലീങ്ങള്‍ ആയി എന്ന ചരിത്രമൊക്കെ ചികഞ്ഞു പോയിട്ടുണ്ടെങ്കില്‍ നമ്മുടെ സാമുദായിക സൗഹൃദ അന്തരീക്ഷം തകര്‍ക്കുന്ന നീക്കമാണ് അത് എന്നതു തിരിച്ചറിയാതെ പോകരുത്.

(എംഇഎസ് പൊന്നാനി കോളജിലെ ചരിത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ആണ് ലേഖകന്‍)

Next Story

RELATED STORIES

Share it