Latest News

കോണ്‍ഗ്രസ് അദ്ധ്യക്ഷയുടെ വിലക്ക് ലംഘിച്ച് സിപിഎം സെമിനാറിലേക്ക്; പ്രഫ.കെവി തോമസ് സിപിഎമ്മിലേക്കോ?

കോണ്‍ഗ്രസ് അദ്ധ്യക്ഷയുടെ വിലക്ക് ലംഘിച്ച് കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുമെന്ന് കെവി തോമസ്

കോണ്‍ഗ്രസ് അദ്ധ്യക്ഷയുടെ വിലക്ക് ലംഘിച്ച് സിപിഎം സെമിനാറിലേക്ക്; പ്രഫ.കെവി തോമസ് സിപിഎമ്മിലേക്കോ?
X

തിരുവനന്തപുരം: എഐസിസി അംഗം പ്രഫ. കെവി തോമസിനെതിരേ അച്ചടക്ക നടപടി ഉറപ്പായി. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ് നടപടി ഉറപ്പായത്. കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുമെന്ന് കെവി തോമസ് പരസ്യമായി പ്രഖ്യാപിച്ചു.

അതേസമയം, കോണ്‍ഗ്രസ് എംപി ശശി തരൂരിന് സെമിനാറിലേക്ക് ക്ഷണമുണ്ടായിരുന്നെങ്കിലും എഐസിസി തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം തീരുമാനം പുനപരിശോധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കുന്ന ദേശീയ സെമിനാറില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനൊപ്പം പങ്കെടുക്കാനാണ് തോമസിന്റെ ക്ഷണമുണ്ടായത്. ഈ മാസം ഒന്‍പതിനാണ് ദേശീയ സെമിനാര്‍ നടക്കുന്നത്.

കെവി തോമസിനെതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന് ഇന്ന് വൈകീട്ടോടെ തീരുമാനമുണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും അറിയിച്ചിട്ടുണ്ട്.

സെമിനാറില്‍ പങ്കെടുത്താല്‍ നടപടി സ്വീകരിക്കണമെന്ന് എഐസിസി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, കെവി തോമസിനെ പാര്‍ട്ടി കൈവിടില്ലെന്നും അദ്ദേഹം വഴിയാധാരമാവില്ലെന്നും സിപിഎം നേതാവ് എംവി ജയരാജന്‍ കണ്ണൂരില്‍ പറഞ്ഞു.

കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷയുടെ വിലക്ക് ലംഘിച്ച് സെമിനാര്‍ പങ്കെടുക്കുമെന്ന കെവി തോമസിന്റെ പരസ്യപ്രസ്താവന, സിപിഎമ്മിന്റെ ഭാഗമാവാനുള്ള അദ്ദേഹത്തിന്റെ താല്‍പര്യമാണ് വ്യക്തമാവുന്നത്.

മാസങ്ങളായി കെവി തോമസ് സിപിഎം നേതാക്കളുമായി ചര്‍ച്ച നടത്തുന്നുണ്ട്. അതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍, നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് സെമിനാറില്‍ പങ്കെടുക്കാന്‍ അദ്ദേഹം തീരുമാനിച്ചത്. ക്രിസ്ത്യന്‍ മത നേതൃത്വമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് കെവി തോമസ്. ഈ ബന്ധമാണ് അദ്ദേഹത്തെ തിരഞ്ഞെടുപ്പുകളില്‍ ജയിക്കാന്‍ സഹായിച്ചത്.

തോമസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്

'കഴിഞ്ഞ തവണ ദില്ലിയില്‍ പോയപ്പോള്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി ഞാന്‍ സംസാരിച്ചിരുന്നു. കണ്ണൂരില്‍ പാര്‍ട്ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട സെമിനാറില്‍ പങ്കെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തന്നേയും ശശി തരൂരിനേയും പരിപാടിയിലേക്ക് പ്രതീക്ഷിക്കുന്നതായും എംകെ സ്റ്റാലിന്‍ അടക്കമുള്ള ദേശീയനേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. തുടര്‍ന്ന് ഇക്കാര്യം എഐസിസി അധ്യക്ഷ സോണിയ ഗാന്ധിയേയും കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി താരീഖ് അന്‍വറിനേയും ഞാന്‍ അറിയിച്ചു. ഇന്ത്യന്‍ മതേതരത്വം, കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം എന്നീ രണ്ട് വിഷയങ്ങളില്‍ നടക്കുന്ന സെമിനാറുകളില്‍ പങ്കെടുക്കാനാണ് എന്നെ ക്ഷണിച്ചതെന്നും ഞാന്‍ അറിയിച്ചിരുന്നു. പിന്നീട് ശശി തരൂരിനെ കണ്ടപ്പോള്‍ അദ്ദേഹവും ഈ വിഷയത്തില്‍ പങ്കെടുക്കാന്‍ അനുമതി തേടിയതായി അറിയിച്ചു.

തരൂരിനെ പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാന്‍ അനുവദിക്കരുതെന്ന് കേരളത്തിലെ എംപിമാ!ര്‍ സോണിയ ഗാന്ധിയോട് നേരിട്ട് ആവശ്യപ്പെട്ടെന്ന് പിന്നീട് ഞാന്‍ അറിഞ്ഞു. കോണ്‍ഗ്രസ് പ്രസിഡന്റ് ശശി തരൂരിനോട് പങ്കെടുക്കരുത് എന്ന് പറഞ്ഞു. ഇതോടെ സോണിയ ഗാന്ധിയെ ഞാന്‍ ഇന്നത്തെ രാഷ്ട്രീയ സാഹചര്യം ബോധിപ്പിച്ചു. കേരളം ഒഴികെ മറ്റ് സംസ്ഥാനങ്ങളില്‍ സിപിഎമ്മുമായി കൈപിടിച്ചാണ് കോണ്‍ഗ്രസ് മുന്നോട്ട് പോകുന്നത്. കോയമ്പത്തൂരില്‍ രാഹുല്‍ ഗാന്ധി നേരിട്ടാണ് സിപിഎം സ്ഥാനാ!ര്‍ത്ഥിക്ക് വേണ്ടി പ്രചാരണം നടത്തിയത്. സ്റ്റാലിന്‍ പങ്കെടുക്കുന്ന അതേ സെമിനാറിലാണ് താന്‍ പങ്കെടുക്കേണ്ടത്. കേന്ദ്ര സര്‍ക്കാരിന്റെ ഭരണ രീതിയില്‍ ഒരുപാട് മാറ്റം ഇക്കാലയളവില്‍ വന്നിട്ടുണ്ട്. റെയില്‍വേ ബജറ്റടക്കം ഇല്ലാതാക്കുന്ന അവസ്ഥയുണ്ടായി. ഇത്രയും നിര്‍ണായക സാഹചര്യത്തില്‍ കേന്ദ്രത്തെ എതിര്‍ക്കാനുള്ള അവസരത്തില്‍ എന്തിന് ഇങ്ങനെ വിദ്വേഷം എന്ന് ഞാന്‍ ചോദിച്ചു.

എന്നാല്‍ ഈ ഘട്ടത്തില്‍ എന്നെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കും എന്ന ഭീഷണിയാണ് നേരിട്ടത്. ഞാന്‍ പെട്ടെന്നൊരു ദിവസം പാര്‍ട്ടിയില്‍ പൊട്ടിമുളച്ച ആളല്ല. ഞാന്‍ ജന്മം കൊണ്ട് കോണ്‍ഗ്രസുകാരനാണ്. എന്നും പാര്‍ട്ടി അച്ചടക്കം പാലിച്ചയാളാണ് ഞാന്‍. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എനിക്ക് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചു. എന്നിട്ടും ഒന്നര വര്‍ഷം ഞാന്‍ കാത്തിരുന്നു. പാര്‍ലമെന്റില്‍ പോകാനല്ല, അര്‍ഹമായ പരിഗണന പാര്‍ട്ടി എനിക്ക് തരും എന്ന് ഞാന്‍ കരുതി. ഏഴ് വട്ടം ജയിച്ചത് എന്റെ തെറ്റല്ല. പിന്നെ തോല്‍ക്കുന്നതാണോ തെറ്റ്. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പില്‍ തോറ്റെന്ന പേരിലാണ് ചിലര്‍ക്ക് ആ സീറ്റ് നിഷേധിച്ചത്. പിന്നീട് കെപിസിസി വര്‍ക്കിങ് പ്രസിഡന്റാക്കി. നാല് മാസം കൊണ്ട് എന്നെ മാറ്റി. പിന്നീട് എനിക്ക് നേരെ വലിയ സൈബര്‍ ആക്രമണമാണ് നടന്നത്.

ആരും കോണ്‍ഗ്രസിന്റെ നേതൃത്വം ചോദ്യം ചെയ്തിട്ടില്ല. ചില പ്രത്യേക സാഹചര്യത്തില്‍ കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും രണ്ട്തട്ടിലാണ് അതുമാറ്റി നിര്‍ത്തി ദേശീയസാഹചര്യം മനസിലാക്കി മുന്നോട്ട് പോകണം. ഗണ്‍ മുനയില്‍ ആണോ എന്നോട് സംസാരിക്കേണ്ടത്. ഞാന്‍ പോകുന്നത് സിപിഎമ്മിലേക്കല്ല. ഒരു സെമിനാറിലേക്കാണ്. അതിലേക്ക് ഞാന്‍ പോകും'.

Next Story

RELATED STORIES

Share it