Latest News

കുവൈത്ത് സെന്‍ട്രല്‍ ബാങ്കിന്റെ പുതിയ മാര്‍ഗനിര്‍ദേശം; ഉപഭോക്തൃ സംരക്ഷണത്തിന് കൂടുതല്‍ ശക്തി

കുവൈത്ത് സെന്‍ട്രല്‍ ബാങ്കിന്റെ പുതിയ മാര്‍ഗനിര്‍ദേശം; ഉപഭോക്തൃ സംരക്ഷണത്തിന് കൂടുതല്‍ ശക്തി
X

കുവൈത്ത് സിറ്റി: ബാങ്കിങ് മേഖലയിലെ സുതാര്യതയും ഉപഭോക്തൃ അവകാശ സംരക്ഷണവും ഉറപ്പാക്കാന്‍ പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി കുവൈത്ത് സെന്‍ട്രല്‍ ബാങ്ക്. 'ബാങ്ക് ഉപഭോക്തൃ സംരക്ഷണ ഗൈഡ്' എന്ന പേരിലുള്ള പുതിയ നിയമം, ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ഉറപ്പാക്കുകയും ബാങ്കുകള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തം നല്‍കുകയും ചെയ്യുന്നു.

പുതിയ നിയമപ്രകാരം ഉപഭോക്താക്കളുടെ പരാതികള്‍ക്ക് ബാങ്കുകള്‍ പരമാവധി അഞ്ച് പ്രവൃത്തിദിവസത്തിനകം മറുപടി നല്‍കണം. പരാതിനിരക്കുകളും ഉപഭോക്തൃ സംതൃപ്തിയും അളക്കാന്‍ വ്യക്തമായ പ്രകടന സൂചിക രൂപപ്പെടുത്തണമെന്നും അതിന്റെ റിപോര്‍ട്ട് മൂന്നുമാസത്തിലൊരിക്കല്‍ സിഇഒയ്ക്ക് സമര്‍പ്പിക്കണമെന്നും നിര്‍ദേശമുണ്ട്.

ഉപഭോക്താവിന്റെ വ്യക്തമായ സമ്മതം ഇല്ലാതെ ഇനി ബാങ്കുകള്‍ക്ക് കാര്‍ഡ് പുതുക്കാനാവില്ല. ഓട്ടോമാറ്റിക് പുതുക്കലിന് മൂന്നുമാസം മുന്‍പ് ഉപഭോക്താവിനെ അറിയിക്കണം. പുതുക്കലുമായി ബന്ധപ്പെട്ട നിബന്ധനകളും ഫീസുകളും റദ്ദാക്കല്‍ നടപടികളും വ്യക്തമായി അറിയിക്കണം. ആദ്യവര്‍ഷം സൗജന്യമായി നല്‍കിയ കാര്‍ഡ് ഉപഭോക്താവ് അതേ വര്‍ഷം തന്നെ റദ്ദാക്കിയാല്‍ പുതുക്കല്‍ ഫീസ് ഈടാക്കാന്‍ പാടില്ലെന്നും നിര്‍ദേശത്തില്‍ പറയുന്നു.

പദ്ധതികളുടെയും സേവനങ്ങളുടെയും പ്രധാന വിവരങ്ങള്‍, ഫീസ്, ബാധ്യതകള്‍, നിബന്ധനകള്‍ എന്നിവ ഉള്‍പ്പെടെയുള്ള പ്രാഥമിക വിവര രേഖകള്‍ കരാര്‍ ഒപ്പുവയ്ക്കുന്നതിന് മുന്‍പ് ബാങ്കുകള്‍ നല്‍കണം. വായ്പകളും നിക്ഷേപങ്ങളും സംബന്ധിച്ച് വാര്‍ഷിക ശതമാന നിരക്ക് വ്യക്തമാക്കണമെന്നും നിര്‍ദേശമുണ്ട്, ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് പലിശ നിരക്കുകള്‍ താരതമ്യം ചെയ്ത് യുക്തിപരമായ തീരുമാനമെടുക്കാം.

വായ്പയും ക്രെഡിറ്റ് കാര്‍ഡും സംബന്ധിച്ച് തിരിച്ചടവ് കണക്കാക്കാന്‍ ഓണ്‍ലൈന്‍ കാല്‍ക്കുലേറ്റര്‍ ഒരുക്കണം. പ്രായപൂര്‍ത്തിയാകാത്തവര്‍ക്കും പ്രത്യേക ആവശ്യങ്ങളുള്ളവര്‍ക്കും സൗഹൃദ ഡിജിറ്റല്‍ സേവനങ്ങളും ലളിതമായ അക്കൗണ്ട് സംവിധാനങ്ങളും ഉറപ്പാക്കണമെന്നും നിര്‍ദേശമുണ്ട്.

Next Story

RELATED STORIES

Share it