Latest News

കൊവിഡാനന്തര ചികിത്സക്ക് സര്‍ക്കാര്‍ ആശുപത്രികളിലും പണം നല്‍കണം: ഉത്തരവ് ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് കെഎസ് ഷാന്‍

നിത്യവൃത്തിക്കു പോലും ഗതിയില്ലാതായവര്‍ രോഗ ചികില്‍സയ്ക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ പോലും പണം മുടക്കേണ്ട അവസ്ഥ വന്നാല്‍ അത് സംസ്ഥാനത്ത് അതിഭീകരമായ സാമൂഹിക പ്രതിസന്ധി സൃഷ്ടിക്കും.

കൊവിഡാനന്തര ചികിത്സക്ക് സര്‍ക്കാര്‍ ആശുപത്രികളിലും പണം നല്‍കണം: ഉത്തരവ് ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് കെഎസ് ഷാന്‍
X

തിരുവനന്തപുരം: കൊവിഡാനന്തര ചികിത്സക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ പണം ഈടാക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാന്‍. കൊവിഡ് പ്രതിരോധത്തിന്റെ മറവില്‍ നാനാതുറകളില്‍ നിന്നും ഫണ്ട് ശേഖരിച്ച് മഹാവ്യാധിയെ പോലും ലാഭക്കച്ചവടമാക്കി മാറ്റുന്ന ഇടതു സര്‍ക്കാര്‍ സംസ്ഥാനത്തെ ജനങ്ങളെ പല രീതിയിലും കൊള്ളയടിക്കുകയാണ്. ഇതിനിടെയാണ് എപിഎല്‍ വിഭാഗത്തിന് സര്‍ക്കാര്‍ ആശുപത്രികളിലെ വാര്‍ഡില്‍ 750 രൂപ, ഐസിയു വെന്റിലേറ്ററില്‍ 2000 രൂപ, എച്ച്ഡിയു 1250 രൂപ, ഐസിയു 1500 രൂപ എന്നിങ്ങനെ തുക ഈടാക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. തുടരെ തുടരെയുണ്ടായ പ്രളയവും ഒന്നും രണ്ടും ഘട്ട കൊവിഡ് വ്യാപനത്തെത്തുടര്‍ന്നുണ്ടായ ലോക്ഡൗണും എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാതെ സംസ്ഥാനത്തെ ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്.

വ്യാപാര മേഖല ഒന്നാകെ സ്തംഭിച്ചിരിക്കുന്നു. ലൈറ്റ്, ആന്റ് സൗണ്ട്, കാറ്ററിങ്, ടൂറിസം അനുബന്ധ ബിസിനസ് ഉള്‍പ്പെടെയുള്ള മേഖലകളില്‍ ജോലി ചെയ്തിരുന്നവര്‍ മുഴുപ്പട്ടിണിയിലും കടക്കെണിയിലുമാണ്. കടബാധ്യത മൂലം ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം സംസ്ഥാനത്ത് വര്‍ധിക്കുകയാണ്. ഈ മേഖലയിലുള്ള ബഹുഭൂരിപക്ഷം പേരും സര്‍ക്കാര്‍ കണക്കില്‍ എപിഎല്‍ വിഭാഗത്തിലാണ്. നിത്യവൃത്തിക്കു പോലും ഗതിയില്ലാതായവര്‍ രോഗ ചികില്‍സയ്ക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ പോലും പണം മുടക്കേണ്ട അവസ്ഥ വന്നാല്‍ അത് സംസ്ഥാനത്ത് അതിഭീകരമായ സാമൂഹിക പ്രതിസന്ധി സൃഷ്ടിക്കും.

കൂടാതെ, കഴിഞ്ഞ ഭരണത്തില്‍ ധൂര്‍ത്തടിച്ച് ഖജനാവ് കാലിയായതിനാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും ഓണത്തോടനുബന്ധിച്ച് പെന്‍ഷന്‍ കുടിശ്ശിഖ നല്‍കാനുമായി പോലിസ് സേനയെ പോലും നടുറോഡില്‍ രസീത് കുറ്റിയുമായി പിരിക്കാന്‍ നിര്‍ത്തിയും സര്‍ക്കാര്‍ കാണിക്കുന്ന ജനദ്രോഹ നടപടികളില്‍ സംസ്ഥാനത്തെ ജനങ്ങളൊന്നടങ്കം പ്രതിഷേധത്തിലും അമര്‍ഷത്തിലുമാണ്. രണ്ടാം കൊവിഡ് വ്യാപനഘട്ടത്തില്‍ മാത്രം 125 കോടി രൂപയാണ് ജനങ്ങളെ വഴിയില്‍ തടഞ്ഞ് പോലിസ് പിരിച്ചുണ്ടാക്കിയത്. അതേസമയം, കൊവിഡ് പ്രതിരോധത്തിനു മാത്രമായി സ്വരൂപിച്ച ഫണ്ട് സര്‍ക്കാര്‍ പൂഴ്ത്തിവെച്ചിരിക്കുകയാണ്. കേരളത്തിലെ സാധാരണക്കാരുടെ ചികില്‍സയ്ക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ പോലും തുക നല്‍കണമെങ്കില്‍ എന്തിനാണ് ഇത്തരത്തില്‍ പണപ്പിരിവിനു മാത്രമായി ഒരു സര്‍ക്കാര്‍. രോഗികളെ കൊള്ളയടിക്കാന്‍ സ്വകാര്യ ആശുപത്രിയ്ക്ക്് അനുവാദം നല്‍കുന്നതാണ് സര്‍ക്കാരിന്റെ പുതിയ ഉത്തരവ്. കൊവിഡാനന്തര ചികിത്സക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ പണം ഈടാക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം അടിയന്തരമായി പിന്‍വലിക്കണമെന്നും കെ എസ് ഷാന്‍ വാര്‍ത്താക്കുറുപ്പില്‍ ആവശ്യപ്പെട്ടു.


Next Story

RELATED STORIES

Share it