Latest News

അര്‍ദ്ധരാത്രിയിലെ കുതിരപ്രസവത്തിന് കൂട്ടായി കൃഷ്ണ

അര്‍ദ്ധരാത്രിയിലെ കുതിരപ്രസവത്തിന് കൂട്ടായി കൃഷ്ണ
X

മാള: അര്‍ദ്ധരാത്രി പിറന്ന കുതിരക്കുട്ടിയെ കാത്തത് കൃഷ്ണയെന്ന വിദ്യാര്‍ത്ഥിനി. മാള ഡോ. രാജു ഡേവീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിലാണ് കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി ഒരു പെണ്‍കുതിരക്കുട്ടിയുടെ ജന്മത്തിന് സാക്ഷ്യം വഹിച്ചത്. രാത്രി 11 മണിയോടെയിരുന്നു പ്രസവം.

സ്‌കൂളിലെ കുട്ടികളെ പരിശീലിപ്പിക്കുവാന്‍ അഞ്ച് വര്‍ഷം മുന്‍പ് വാങ്ങിയ ജാന്‍സി എന്ന കുതിരയാണ് പ്രസവിച്ചത്. ഇത് രണ്ടാം പ്രസവമാണ്. ആദ്യ പ്രസവത്തിലെ കുട്ടി കുറച്ച് ദിവസങ്ങള്‍ക്കകം തന്നെ മരിച്ചിരുന്നു. ആളും അനക്കവുമില്ലാത്ത സ്‌കൂള്‍ ക്യാമ്പസില്‍ നാല് മാസമായി ജാന്‍സി ഏകാന്തവാസത്തിലായിരുന്നു. കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് പ്രസവലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. വിവരമറിഞ്ഞ് കൃഷ്ണയും സ്ഥലത്തെത്തി.

മൈസൂരില്‍ കുതിരസവാരിക്ക് ഉന്നത പരിശീലനം നേടുകയാണ് കൃഷ്ണ ഇപ്പോള്‍. പാസാകുമ്പോള്‍ കേരളത്തില്‍ നിന്നുള്ള ആദ്യ പെണ്‍ ജോക്കിയായിരിക്കും ഈ മിടുക്കി. ഡോ. രാജു ഡേവീസ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് കുതിരസവാരിക്ക് ആദ്യാക്ഷരം കുറിച്ചത് ജാന്‍സിയുടെ പുറത്തായിരുന്നു. ആ വൈകാരിക ബന്ധമാണ് കൃഷ്ണയേയും ഇവിടെയെത്തിച്ചത്.

സ്‌കൂളില്‍ കുതിരപ്പുറത്ത് സവാരി നടത്തി പോകുന്ന കൃഷ്ണയുടെ വീഡിയോ കുറച്ചുകാലം മുന്‍പ് വൈറല്‍ ആയതിനെത്തുടര്‍ന്നാണ് ഡിജിപി ഋഷിരാജ് സിംഗ് കൃഷ്ണയുടെ വീട്ടില്‍ നേരിട്ടെത്തി പരിശീലനത്തിന് സൗകര്യം ഒരുക്കിയത്.

ജാന്‍സിയുടെ കുതിരക്കുട്ടി റാണിക്ക് ലോക്ക്ഡൗണ്‍ കാലത്ത് സ്‌കൂള്‍ അടച്ചതിനാല്‍ കളിക്കാന്‍ കൂട്ടുകാരില്ലാത്തതിന്റെ ദുഃഖത്തിലാണിപ്പോള്‍.

Next Story

RELATED STORIES

Share it