Latest News

എസ്ഡിപിഐയുടെ പരാതിയില്‍ കോട്ടാങ്ങല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫലം റദ്ധാക്കി; ബിജെപി പ്രതിനിധി പുറത്തായി

തിരഞ്ഞെടുപ്പില്‍ ചട്ടലംഘനം നടന്നുവെന്ന് ചൂണ്ടിക്കാട്ടി എസ്ഡിപിഐ നല്‍കിയ പരാതിയിലാണ് തിര. കമ്മീഷന്റെ നടപടി

എസ്ഡിപിഐയുടെ പരാതിയില്‍ കോട്ടാങ്ങല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫലം റദ്ധാക്കി; ബിജെപി പ്രതിനിധി പുറത്തായി
X

പത്തനംതിട്ട: കോട്ടാങ്ങല്‍ പഞ്ചായത്തിലെ വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അസാധുവാക്കി. കോട്ടാങ്ങല്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ചട്ടവിരുദ്ധമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഡിസംബര്‍ 27ന് നടന്ന തിരഞ്ഞെടുപ്പില്‍ ചട്ടലംഘനം നടന്നുവെന്ന് ചൂണ്ടിക്കാട്ടി എസ്ഡിപിഐ നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ നടപടി. നറുക്കെടുപ്പ് പ്രക്രിയയില്‍ ഉണ്ടായ ഗുരുതരമായ പിഴവാണ് തിരഞ്ഞെടുപ്പ് റദ്ദാക്കാന്‍ കാരണമായത്.

ഡിസംബര്‍ 27നായിരുന്നു പഞ്ചായത്തില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് നടന്നത്. കോട്ടാങ്ങലില്‍ അഞ്ച് സീറ്റ് വീതം നേടി ബിജെപിയും യുഡിഎഫും തുല്യനിലയിലായിരുന്നു. മൂന്ന് സീറ്റ് എസ്ഡിപിഐക്കും. ഒരു സീറ്റ് മാത്രമാണ് സിപിഎമ്മിന് ലഭിച്ചത്. തുടര്‍ന്ന് വിജയിയെ നിശ്ചയിക്കാന്‍ നറുക്കെടുപ്പ് നടത്താന്‍ തീരുമാനിച്ചു. എന്നാല്‍, നറുക്കെടുപ്പില്‍ പേര് വരാത്ത സ്ഥാനാര്‍ഥിയെ വിജയിയായി പ്രഖ്യാപിച്ചു.

സാധാരണഗതിയില്‍ നറുക്കെടുപ്പില്‍ ആരുടെ പേരാണോ വരുന്നത് ആ വ്യക്തിയേയാണ് വിജയിയായി പ്രഖ്യാപിക്കേണ്ടത്. എന്നാല്‍ ഇവിടെ നറുക്കില്‍ പേര് വരാത്തയാളെ വിജയിയായി പ്രഖ്യാപിച്ചത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി എസ്ഡിപിഐ പ്രാദേശിക നേതൃത്വം ജില്ലാ ഭരണകൂടത്തിനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കുകയായിരുന്നു. ഈ പരാതിയില്‍ നടത്തിയ വിശദമായ പരിശോധനയിലാണ് തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളില്‍ വീഴ്ച സംഭവിച്ചതായി കമ്മീഷന്‍ കണ്ടെത്തിയത്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവോടെ ബിജെപി പ്രതിനിധിയായ ജാന്‍സി ഹരിദാസിനെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്ത നടപടി അസാധുവാക്കി. ഇതേ തുടര്‍ന്ന് പഞ്ചായത്തിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് ജനുവരി 21ന് വീണ്ടും തിരഞ്ഞെടുപ്പ് നടക്കും. നേരത്തെ പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വിജയിച്ച സ്ഥാനാര്‍ഥിക്ക് എസ്ഡിപിഐ വോട്ട് ചെയ്തതിന്റെ പേരില്‍ അവര്‍ സത്യപ്രതിജ്ഞയ്ക്ക് മുന്‍പായി രാജിവച്ചിരുന്നു. തുടര്‍ന്നാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എസ്ഡിപിഐ മല്‍സരിക്കാന്‍ തീരുമാനിച്ചത്.

Next Story

RELATED STORIES

Share it