Latest News

'നശിച്ചത് ബംഗാളിന്റെ ആത്മാവായിരുന്ന പുസ്തകങ്ങള്‍'; പേമാരിയില്‍ മുങ്ങി പുസ്തകപ്രേമികളുടെ പറുദീസ

നശിച്ചത് ബംഗാളിന്റെ ആത്മാവായിരുന്ന പുസ്തകങ്ങള്‍; പേമാരിയില്‍ മുങ്ങി പുസ്തകപ്രേമികളുടെ പറുദീസ
X

കൊല്‍ക്കത്ത: ഒരു കാലത്ത് പുസ്തകപ്രേമികളുടെ പറുദീസയായിരുന്നു കൊല്‍ക്കത്തയുടെ ഹൃദയഭാഗത്തുള്ള കോളേജ് സ്ട്രീറ്റ്. എന്നാല്‍ ഇപ്പോള്‍ അവിടെനിന്നും വരുന്നത് ശുഭവാര്‍ത്തകളല്ല. പേമാരിയില്‍ തങ്ങളുടെ പുസ്തകങ്ങളെല്ലാം നശിച്ചു പോയതിന്റെ ദുഖം പങ്കുവയ്ക്കുകയാണ് ഇവിടത്തെ പുസ്തകകടക്കാര്‍. ആയിരക്കണക്കിന് വരുന്ന പുസ്തകങ്ങള്‍, അപൂര്‍വ പതിപ്പുകള്‍, പൂജ സ്‌പെഷ്യലുകള്‍, സ്‌കൂള്‍ സിലബസ് ശീര്‍ഷകങ്ങള്‍ എന്നിവയെല്ലാം മഴയില്‍ ചീത്തയായിപ്പോയെന്ന് അവര്‍ പറയുന്നു. സാമ്പത്തിക നഷ്ടത്തേക്കാള്‍ വലുതാണിതെന്നും ഒരു ജീവിതകാലത്തെ സാഹിത്യത്തിന്റെയും അഭിനിവേശത്തിന്റെയും അറിവിന്റെയും നാശമാണിതെന്നും അവര്‍ പറയുന്നു.

''ഈ വര്‍ഷത്തെ മഴ അഭൂതപൂര്‍വമായ നാശനഷ്ടങ്ങള്‍ വരുത്തിവച്ചു. ഇതുപോലുള്ള ഒന്ന് ഞങ്ങള്‍ ഇതുവരെ കണ്ടിട്ടില്ല, ആംഫാന്‍ ചുഴലിക്കാറ്റിന്റെ സമയത്തുപോലും ഇങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല. ഇത് എല്ലാറ്റിനെയും മറികടന്നു' 21 വര്‍ഷമായി അഭിയാന്‍ ബുക്ക് കഫേ നടത്തുന്ന 45കാരനായ മറൂഫ് ഹുസൈന്‍ പറയുന്നു. ഹുസൈന്റെ കട ഇപ്പോള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ചെറുകിട, ഇടത്തരം പ്രസാധകര്‍ നാശത്തിന്റെ വക്കിലാണെന്നും അദ്ദേഹം പറയുന്നു.

അതേസമയം ഇതില്‍നിന്നു പുറത്തുകടക്കണമെങ്കില്‍ സര്‍ക്കാര്‍ സഹായം ആവശ്യമാണെന്നും, അത്രക്കധികമാണ് കഷ്ടപ്പാടുകളെന്നും അദ്ദേഹം പറഞ്ഞു. കോളേജ് സ്ട്രീറ്റിലുടനീളമുള്ള നാശനഷ്ടങ്ങള്‍ കോടിക്കണക്കിന് രൂപയാണെന്നും ഇതുവരെ സര്‍ക്കാര്‍ തന്ന ധനസഹായം ദുരന്തത്തെ മറികടക്കാന്‍ സഹായിക്കില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനോ കുറഞ്ഞത് നാശനഷ്ടങ്ങള്‍ കുറയ്ക്കാനോ സര്‍ക്കാരിന് ഒരു പദ്ധതി ആവശ്യമാണെന്നും എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വലിയതോതില്‍ മൗനം പാലിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ആരെങ്കിലും ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും വെള്ളം കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ മുഖ്യമന്ത്രിയും കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ഇവിടത്തെ കടക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

തുഹിന്‍ സാഹ, സൗരവ് ബിഷായ് തുടങ്ങി പല പുസ്തകകടക്കാരും തങ്ങളുടെ സ്ഥിതി ദയനീയമാണെന്ന് പറയുന്നു. ബംഗാളിന്റെ ആത്മാവായിരുന്ന ആ പുസ്തകങ്ങള്‍ നമുക്ക് എപ്പോഴെങ്കിലും തിരികെ ലഭിക്കുമോ?. ആ വികാരങ്ങള്‍ പുനര്‍നിര്‍മ്മിക്കാന്‍ കഴിയില്ലെന്നും ഈ മഴക്കാലം ബംഗാളി പുസ്തകങ്ങളുടെയും സാഹിത്യത്തിന്റെയും ലോകത്തിനേറ്റ വലിയൊരു പ്രഹരമാണെന്നും അവര്‍ പറയുന്നു. ഈ പ്രതിസന്ധിയില്‍ നിന്നു കരകയറാന്‍, ചെറുതും വലുതുമായ പ്രസാധകരുമായി ചേര്‍ന്ന് പുസ്തകമേള സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ അവര്‍.

Next Story

RELATED STORIES

Share it