Latest News

കൊല്‍ക്കത്ത ബലാല്‍സംഘ കൊല; മുഖ്യപ്രതി കുറ്റം സമ്മതിച്ചു

കൊല്‍ക്കത്ത ബലാല്‍സംഘ കൊല; മുഖ്യപ്രതി കുറ്റം സമ്മതിച്ചു
X

കൊല്‍ക്കത്ത: ആര്‍ ജി കര്‍ ആശുപത്രിയില്‍ വനിതാ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി കുറ്റം സമ്മതിച്ചതായി സിബിഐയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ചോദ്യംചെയ്യലിനിടയില്‍ പ്രതി സഞ്ജയ് റോയ് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയതായാണ് വിവരം.

സംഭവദിവസം പ്രതിയും സുഹൃത്തും ലൈംഗിക തൊഴിലാളികളെ തേടി പോയതായും റോഡില്‍ വെച്ച് ഒരു സ്ത്രീയെ പീഡിപ്പിച്ചതായും കുറ്റസമ്മതം നടത്തിയതായി പറഞ്ഞു. ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്ന സുഹൃത്തിന്റെ സഹോദരനെ കുറിച്ച് അന്വേഷിക്കാന്‍ സുഹൃത്തിനൊപ്പം സഞ്ജയ് ആശുപത്രിയിലെത്തുകയായിരുന്നു. രാത്രി 11.15 ഓടെ ആശുപത്രിയില്‍ നിന്നിറങ്ങിയ ഇരുവരും റോഡിലിരുന്ന് മദ്യപിച്ചു. തുടര്‍ന്ന് ലൈംഗിക തൊഴിലാളികളെ തേടി വടക്കന്‍ കൊല്‍ക്കത്തയിലെ സോനാഗച്ചിയിലേക്ക് പോകുകയായിരുന്നു. എന്നാല്‍ ലക്ഷ്യം നടക്കാതിരുന്നതിനെ തുടര്‍ന്ന് ഇരുവരും ചെത്ലയിലേക്ക് പോയി. ചെത്ലയിലേക്കുള്ള യാത്രയ്ക്കിടെ റോഡില്‍വെച്ച് ഇവര്‍ ഒരു സ്ത്രീയെ പീഡിപ്പിച്ചു.

ചെത്ലയിലെത്തി സുഹൃത്ത് ഒരു സ്ത്രീയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട സമയം സഞ്ജയ് റോയ് പുറത്ത് കാമുകിയുമായി ഫോണില്‍ വീഡിയോകോളിലൂടെ സംസാരിക്കുകയായിരുന്നു. കാമുകിയില്‍ നിന്ന് ഇയാള്‍ നഗ്‌നചിത്രങ്ങള്‍ ചോദിച്ചുവാങ്ങുകയും ചെയ്തു.

പിന്നീട് സഞ്ജയും സുഹൃത്തും ആശുപത്രിയിലേക്ക് മടങ്ങി. സഞ്ജയ് നാലാം നിലയിലെ ട്രോമ സെന്ററിലേക്കാണ് പോയത്. പുലര്‍ച്ചെ 4.03-ന് സഞ്ജയ് സെമിനാര്‍ ഹാളിന്റെ ഭാഗത്തേക്ക് പോകുന്നത് സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. തുടര്‍ന്ന് സെമിനാര്‍ ഹാളില്‍ വിശ്രമിക്കുകയായിരുന്ന വനിതാ ഡോക്ടറെ പ്രതി ബലാത്സംഗംചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് സംഭവസ്ഥലത്തുനിന്ന് സുഹൃത്തും കൊല്‍ക്കത്ത പോലിസ് ഉദ്യോഗസ്ഥനുമായ അനുപം ദത്തയുടെ വീട്ടിലേക്ക് പോയി.

മൊഴികളില്‍ പരാമര്‍ശിച്ച സ്ഥലങ്ങളിലെല്ലാം പ്രതിയുടെയും സുഹൃത്തിന്റെയും സാന്നിധ്യം തെളിയിക്കുന്ന കോള്‍ ഡാറ്റ റെക്കോര്‍ഡ് കണ്ടെത്തിയതായി സിബിഐ വ്യക്തമാക്കി.

Next Story

RELATED STORIES

Share it