Latest News

രാജ്യത്തിന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതില്‍ കേരളത്തിന്റെ പങ്ക് കരുത്തുറ്റത്: ഗവര്‍ണര്‍

രാജ്യത്തിന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതില്‍ കേരളത്തിന്റെ പങ്ക് കരുത്തുറ്റത്: ഗവര്‍ണര്‍
X

തിരുവനന്തപുരം; രാജ്യത്തിന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതില്‍ കേരളത്തിന്റെ പങ്ക് കരുത്തുറ്റതാണെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അടിസ്ഥാന സൗകര്യ വികസനത്തിലും കണക്റ്റിവിറ്റിയിലും കേരളം വലിയ പുരോഗതി കൈവരിച്ചതായും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന സംസ്ഥാനതല റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ റിപ്പബ്ലിക് ദിന സന്ദേശം നല്‍കുകയായിരുന്നു ഗവര്‍ണര്‍.

ആരോഗ്യ രംഗത്തും സദ്ഭരണ സൂചികയിലും രാജ്യത്തെ മുന്‍നിര സംസ്ഥാനമാകാന്‍ കേരളത്തിനു കഴിഞ്ഞതായി ഗവര്‍ണര്‍ പറഞ്ഞു. നീതി ആയോഗിന്റെ ആരോഗ്യ സൂചകങ്ങളില്‍ തുടര്‍ച്ചയായ നാലാം വര്‍ഷവും കേരളം ഒന്നാമതെത്തി. സദ്ഭരണ സൂചികയില്‍ രാജ്യത്തെ അഞ്ചാം സ്ഥാനവും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒന്നാമതെത്തിയതും മികച്ച നേട്ടമാണ്. ഭരണത്തില്‍ സുതാര്യത ഉറപ്പാക്കാന്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെയാക്കിയതും കൂടുതല്‍ മേഖലകളിലേക്ക് ഇസേവനങ്ങള്‍ വ്യാപിപ്പിക്കുന്നതും ശ്രദ്ധേയമാണ്. ദേശീയ പാതകളും ജലപാതകളും ഗ്യാസ് പൈപ്പ് ലൈനുകളും കമ്മിഷന്‍ ചെയ്തതിലൂടെ അടിസ്ഥാന സൗകര്യ, കണക്റ്റിവിറ്റി മേഖലകളില്‍ വലിയ പുരോഗതി നേടാനായി.

സാക്ഷരതയിലും ആരോഗ്യ മേഖലയിലും സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്തും കേരളം കൈവരിച്ച പുരോഗതിയും മാതൃകകളും ഉന്നത വിദ്യാഭ്യാസ മേഖലയിലും നേടേണ്ടതുണ്ടെന്നു ഗവര്‍ണര്‍ പറഞ്ഞു. മികച്ച നിലവാരമുള്ള ഉന്നത വിദ്യാഭ്യാസ, ഗവേഷണ സ്ഥാപനങ്ങളുടെ ശക്തമായ ശൃംഘല കെട്ടിപ്പടുക്കാന്‍ കഴിയണം. ഇതുവഴി ദേശീയ വിദ്യാഭ്യാസ നയത്തില്‍ രാജ്യം വിഭാവനം ചെയ്യുന്ന രീതിയില്‍, ലോകത്തിന്റെ വിജ്ഞാന കേന്ദ്രമാക്കി ഇന്ത്യയെ മാറ്റുകയെന്ന സ്വപ്ന സാക്ഷാത്കാരത്തിനു നമുക്കും വലിയ പിന്തുണ നല്‍കാന്‍ കഴിയും.

സ്ത്രീധന പീഡനം, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കേസുകള്‍ വിചാരണ ചെയ്യാന്‍ പ്രത്യേക കോടതികള്‍ സ്ഥാപിക്കാനുള്ള കേരളത്തിന്റെ തീരുമാനം സ്ത്രീധനം പോലുള്ള ദുരാചാരങ്ങള്‍ തുടച്ചുനീക്കി ലിംഗനീതി ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെ പ്രത്യക്ഷ ഉദാഹരണമാണെന്നു ഗവര്‍ണര്‍ പറഞ്ഞു. കൊവിഡിന്റെ മൂന്നാം തരംഗം പ്രതിരോധിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു. ജനസംഖ്യയുടെ 80 ശതമാനം പേര്‍ക്കു വാക്‌സിന്‍ നല്‍കി ഫലപ്രദമായ വാക്‌സിനേഷന്‍ ഡ്രൈവിനു നേതൃത്വം നല്‍കാന്‍ കഴിഞ്ഞു. ശിശുമരണ നിരക്ക് ആറിലേക്ക് കുറയ്ക്കാനായതും ക്ഷയരോഗ ബാധിതരുടെ എണ്ണത്തില്‍ 7.5 ശതമാനം വാര്‍ഷിക കുറവ് രേഖപ്പെടുത്താന്‍ കഴിഞ്ഞതും കേരളത്തിന്റെ നേട്ടമാണെന്നു ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.

സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലെ പ്രൗഢമായ ചടങ്ങില്‍ രാവിലെ ഒമ്പതിന് ഗവര്‍ണര്‍ ദേശീയ പതാക ഉയര്‍ത്തി. വായൂ സേന ഹെലികോപ്റ്റര്‍ പുഷ്പവൃഷ്ടി നടത്തി. തുടര്‍ന്ന് അദ്ദേഹം പരേഡ് പരിശോധിച്ചു. കരസേന, വായൂ സേന, സ്‌പെഷ്യല്‍ ആംഡ് പൊലിസ്, തിരുവനന്തപുരം സിറ്റി പൊലിസ് എന്നീ സേനാ വിഭാഗങ്ങളും എന്‍.സി.സി. സീനിയര്‍ ഡിവിഷന്‍(ബോയ്‌സ്), എന്‍.സി.സി. സീനിയര്‍ വിങ്(ഗേള്‍സ്) എന്നിവരും പരേഡില്‍ അണിനിരന്നു. തിരുവനന്തപുരം സിറ്റി പൊലിസിന്റെയും കേരള സായുധ പൊലിസിന്റെയും ബാന്‍ഡ് സംഘവുമുണ്ടായിരുന്നു. വായൂ സേന സ്‌ക്വാഡ്രണ്‍ ലീഡര്‍ ആര്‍. രാഹുലായിരുന്നു പരേഡ് കമാന്‍ഡര്‍. കരസേനാ മേജര്‍ സച്ചിന്‍ കുമാര്‍ സെക്കന്‍ഡ് ഇന്‍ കമാന്‍ഡ് ആയി. ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ചടങ്ങില്‍ സന്നിഹിതനായിരുന്നു. ജില്ലയില്‍നിന്നുള്ള എം.എല്‍.എമാര്‍, ജനപ്രതിനിധികള്‍, ഉന്നത ഉദ്യോഗസ്ഥര്‍, സൈനിക ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചശേഷമാണു സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലെ സംസ്ഥാനതല റിപബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ ഗവര്‍ണര്‍ എത്തിയത്.

Next Story

RELATED STORIES

Share it