Latest News

ജാഗ്രതയുടെ സന്ദേശവുമായി കേരള വനിതാ കമ്മിഷന്‍ 9, 10 തീയതികളില്‍ അട്ടപ്പാടിയിലേക്ക്

ജാഗ്രതയുടെ സന്ദേശവുമായി കേരള വനിതാ കമ്മിഷന്‍ 9, 10 തീയതികളില്‍ അട്ടപ്പാടിയിലേക്ക്
X

പാലക്കാട്: ആദിവാസികളും മനുഷ്യരാണെന്നും മനുഷ്യാവകാശങ്ങള്‍ അവരുടെയും അവകാശങ്ങള്‍കൂടിയാണെന്നും സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനായി മനുഷ്യവകാശ ദിനത്തില്‍ കേരള വനിതാ കമ്മിഷന്‍ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നു. പാലക്കാട് അട്ടപ്പാടിയിലെ ആദിവാസി ഊരുകളില്‍ അവിടത്തെ സ്ത്രീപുരുഷന്മാരെയും കുട്ടികളെയും നേരില്‍ക്കണ്ട് അവരുടെ പ്രശ്‌നങ്ങള്‍ ആരായും. വിവിധ നിയമങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തും. പട്ടികവര്‍ഗ പ്രൊമോട്ടര്‍മാര്‍, ആശാവര്‍ക്കര്‍മാര്‍, അംഗനവാടി അധ്യാപികമാര്‍, ജാഗ്രതാസമിതി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിന് ജാഗ്രതാ സമിതിയുടെ പ്രാധാന്യത്തെക്കുറിച്ചും ബോധവത്കരണം നടത്തും.

ഡിസംബര്‍ 9ന് കേരള വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി, അംഗങ്ങളായ അഡ്വ. എം.എസ്.താര, അഡ്വ. ഷിജി ശിവജി, ഷാഹിദാ കമാല്‍, പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ എന്നിവരുടെ നേതൃത്വത്തില്‍ ഊരുകള്‍ സന്ദര്‍ശിക്കും.

മനുഷ്യാവകാശ ദിനമായ ഡിസംബര്‍ പത്തിന് രാവിലെ 10.30 മുതല്‍ അട്ടപ്പാടി കില പ്രാദേശിക കേന്ദ്രം ഹാളില്‍ നടക്കുന്ന ബോധവത്കരണ പരിപാടികളുടെ ഉദ്ഘാടനം വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി നിര്‍വഹിക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോളുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ കമ്മിഷന്‍ അംഗങ്ങളായ അഡ്വ. എം.എസ്.താര, ഷാഹിദാ കമാല്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ചാമുണ്ണി, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.സി. നീതു, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതിമുരുകന്‍, അഗളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക, ഷോളയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.രാമമൂര്‍ത്തി, പുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്യോതി അനില്‍കുമാര്‍, കേരള വനിതാ കമ്മിഷന്‍ ഡയറക്ടര്‍ ഷാജി സുഗുണന്‍, തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും. ഐറ്റിഡിപി പ്രൊജക്ട് ഓഫിസര്‍ സുരേഷ് കുമാര്‍ അട്ടപ്പാടിയിലെ പ്രശ്‌നങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തില്‍ ബോധവത്കരണ ക്ലാസ്സെടുക്കും. കമ്മിഷന്‍ അംഗം അഡ്വ. ഷിജി ശിവജി സ്വാഗതവും കമ്മിഷന്‍ പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ ശ്രീകാന്ത് എം. ഗിരിനാഥ് നന്ദിയും പറയും.

Next Story

RELATED STORIES

Share it