Latest News

അക്കാദമിക് ഗവേഷണ ഫലങ്ങള്‍ ഉല്‍പ്പന്നങ്ങളാക്കി മാറ്റാന്‍ ലക്ഷ്യമിട്ട് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍

അക്കാദമിക് ഗവേഷണ ഫലങ്ങള്‍ ഉല്‍പ്പന്നങ്ങളാക്കി മാറ്റാന്‍ ലക്ഷ്യമിട്ട് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍
X

മാള: അക്കാദമിക് സ്ഥാപനങ്ങളില്‍ നിന്നുള്ള ഗവേഷണഫലങ്ങളുടെ ചെറിയ ശതമാനമെങ്കിലും വിപണനം ചെയ്യാവുന്ന സാങ്കേതിക വിദ്യകളിലേക്ക് മാറ്റുക എന്നതാണ് സ്റ്റാര്‍ട്ടപ്പ് മിഷന്റെ അടുത്ത ദൗത്യങ്ങളില്‍ പ്രധാനപ്പെട്ടത് എന്ന് കേരള സ്റ്റാര്‍ട്ടപ്പ്മിഷന്‍ പ്രോജക്ട് ഡയറക്ടര്‍ പി എം റിയാസ് പറഞ്ഞു. കൊടകര സഹൃദയ കോളജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജിയില്‍ റിസര്‍ച്ച് ട്രാന്‍സാലേഷന്‍ ആന്റ് കൊമേഴ്‌സ്യലൈസേഷന്‍ സംസ്ഥാന ബൂട്ട്ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ വിവിധ അക്കാദമിക് സ്ഥാപനങ്ങളില്‍ നിന്ന് ഓരോ വര്‍ഷവും 5000 ത്തിലധികം ഗവേഷണ തീസിസുകള്‍ ശാസ്ത്ര സാങ്കേതിക മേഖലകളില്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. ഇതില്‍ തിരഞ്ഞെടുത്തത് വാണിജ്യ വത്ക്കരണത്തിലൂടെ ഉല്പന്നങ്ങളാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്. ഇതിന് അധ്യാപകരെ പ്രാപ്തരാക്കുന്നതിനാണ് സഹൃദയ എഞ്ചിനീയറിംഗ് കോളേജിലെ ഇന്നൊവേഷന്‍ ആന്റ് എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് റിസര്‍ച്ച് സെന്ററും (ഐ ഇ ഡി സി സഹൃദയ) സ്റ്റാര്‍ട്ടപ്പ് മിഷന്റെ റിസര്‍ച്ച് ഇന്നൊവേഷന്‍ നെറ്റ് വര്‍ക്ക് കേരളയും (റിങ്ക്) ചേര്‍ന്ന് ബൂട്ട്ക്യാമ്പ് സംഘടിപ്പിച്ചത്. കേരളത്തിലെ എഞ്ചിനീയറിംഗ് കോളേജുകളിലെയും പോളിടെക്‌നിക് ഇന്‍സ്റ്റിറ്റിയൂട്ടുകളിലെയും തിരഞ്ഞെടുത്ത അധ്യാപകര്‍ക്കായുള്ള ബൂട്ട്ക്യാമ്പ് കേരള സ്റ്റാര്‍ട്ട്അപ്പ് മിഷന്‍ (കെ എസ് യു എം) ആണ് നടത്തിയത്. 2022ലെ ബഡ്ജറ്റില്‍ കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ വിവര്‍ത്തന ഗവേഷണനയവുമായി സമന്വയിപ്പിച്ച പൈലറ്റ് പ്രോജക്റ്റായിരുന്നു ബൂട്ട്ക്യാമ്പ്.

ഗവേഷണ ഉത്പ്പന്നങ്ങളെ അവരുടെ ഉപഭോക്താക്കളുമായി ബന്ധിപ്പിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. കേവലം ഒരു തീസിസ് പേപ്പറിലോ ഫയലിലോ ഒതുക്കാതെ ഗവേഷണ സ്ഥാപനങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍, നിക്ഷേപകര്‍, വ്യവസായം, സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവയെ ഒരു പൊതു ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടുവന്ന് അത്യാധുനിക ഗവേഷണ ഉത്പ്പന്നങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ എത്തിക്കാനുള്ള അവസരം നല്‍കുകയും ചെയ്യുക എന്നതാണ് റിങ്ക് ലക്ഷ്യമിടുന്നത്.

Next Story

RELATED STORIES

Share it