Latest News

സ്മാര്‍ട്ട് പോലിസ് പദ്ധതി സര്‍വേയില്‍ കേരളം നാലാമതായത് സഗൗരവം കാണണം: ജ. ആന്റണി ഡൊമിനിക്

വിദ്യാഭ്യാസപരമായും സാമൂഹികമായും ഏറെ മുന്നില്‍ നില്‍ക്കുന്ന കേരളം രാജ്യത്ത് ഒന്നാമതായി മാറണമെന്നും അദ്ദേഹം പറഞ്ഞു.

സ്മാര്‍ട്ട് പോലിസ് പദ്ധതി സര്‍വേയില്‍ കേരളം നാലാമതായത് സഗൗരവം കാണണം: ജ. ആന്റണി ഡൊമിനിക്
X

കോഴിക്കോട്: ഇന്ത്യന്‍ പോലിസ് ഫൗണ്ടേഷന്‍ എന്ന സംഘടന സ്മാര്‍ട്ട് പോലിസ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിവിധ സംസ്ഥാനങ്ങളില്‍ നടത്തിയ സര്‍വേയില്‍ കേരളം നാലാം സ്ഥാനത്തായതിനെ കുറിച്ച് സഗൗരവം ചിന്തിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്. വിദ്യാഭ്യാസപരമായും സാമൂഹികമായും ഏറെ മുന്നില്‍ നില്‍ക്കുന്ന കേരളം രാജ്യത്ത് ഒന്നാമതായി മാറണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സംസ്ഥാന തലത്തില്‍ സംഘടിപ്പിച്ച ലോക മനുഷ്യാവകാശ ദിനാചരണം കോഴിക്കോട് മാലൂര്‍ കുന്ന് ജില്ലാ പോലിസ് ട്രെയിനിംഗ് സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

2014ല്‍ ഗുവാഹത്തിയില്‍ സംഘടിപ്പിച്ച സംസ്ഥാന പോലിസ് മേധാവിമാരുടെ യോഗത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച പദ്ധതിയാണ് സ്മാര്‍ട്ട് പോലിസ്. ആന്ധ്രയും തെലുങ്കാനയുമാണ് ഒന്നും രണ്ടും സ്ഥാനത്തെത്തിയത്. അസം മൂന്നാമതും കേരളം നാലാമതുമെത്തി. ആന്ധ്രക്ക് ലഭിച്ച സ്മാര്‍ട്ട് ഇന്‍ഡക്‌സ് സ്‌കോര്‍ 8.11 ആണ്. കേരളത്തിന് ലഭിച്ചത് 7.53. ഒരു മുന്നാക്ക സംസ്ഥാനമായ കേരളത്തിന്റെ സ്ഥാനം നാലില്‍ നിന്നും ഒന്നിലെത്തണം. യുപിയും ബീഹാറുമാണ് സര്‍വേയില്‍ അവസാനമെത്തിയത്.

1993ലാണ് മനുഷ്യാവകാശ സംരക്ഷണ നിയമം ഇന്ത്യയില്‍ പാസാക്കിയത്. 20-21 ആയെങ്കിലും മനുഷ്യാവകാശ സംരക്ഷണത്തില്‍ വലിയ നേട്ടം കൈ വരിക്കാന്‍ രാജ്യത്തിന് കഴിഞ്ഞിട്ടില്ലെന്ന് ജസ്റ്റിസ് ആന്റണി ഡൊമിനിക് പറഞ്ഞു. ജയിലുകളിലും സര്‍ക്കാര്‍ ഓഫിസുകളിലും ദിനംപ്രതി മനുഷ്യാവകാശ ലംഘനങ്ങള്‍ വര്‍ധിക്കുന്നു. ഓരോ ദിവസവും പത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് മനുഷ്യാവകാശ ലംഘനങ്ങളുടെ വാര്‍ത്തകളാണ്. മനുഷ്യാവകാശ ദിനത്തിലെങ്കിലും മനുഷ്യാവകാശ ലംഘനങ്ങള്‍ ആവര്‍ത്തിക്കുകയില്ലെന്ന പ്രതിജ്ഞ നാം ചൊല്ലേണ്ടിയിരിക്കുന്നു- ജസ്റ്റിസ് ആന്റണി ഡൊമിനിക് പാഞ്ഞു.

അധികാരവും പണവും സ്വാധീനവുമില്ലെങ്കില്‍ തനിക്ക് നീതി ലഭിക്കില്ലെന്ന് സാധാരണക്കാര്‍ ചിന്തിക്കുന്ന കാലത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജു നാഥ് പറഞ്ഞു. മനുഷ്യരായി ജീവിക്കാന്‍ കഴിയാതെ മരിച്ചവരുടെ ആത്മാവ് നമ്മെ നൊമ്പരപെടുത്തുന്നുണ്ട്. നമ്മുടെ സമൂഹം അസ്വസ്ഥപെടാനുള്ള ഏക കാരണം മനുഷ്യാവകാശ ലംഘനമാണ്. നിയമങ്ങള്‍ മാത്രം ഉപയോഗിച്ച് മനുഷ്യാവകാശ ലംഘനങ്ങള്‍ തടയാന്‍ കഴിയില്ല. അധികാരവും ജാതിയും പറഞ്ഞ് മനുഷ്യരെ ചെറുതാക്കുന്ന പ്രവണത കൂടി വരികയാണെന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യാവകാശ കമ്മീഷനുകളുടെ പ്രവര്‍ത്തനം കൂടുതല്‍ ഫലപ്രദമാക്കുകയാണ് മനുഷ്യാവകാശ ലംഘനങ്ങള്‍ തടയാനുള്ള മാര്‍ഗ്ഗമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ കമ്മീഷന്‍ അംഗം വി കെ ബീനാകുമാരി പറഞ്ഞു. നിയമം പാലിക്കേണ്ടവര്‍ നീതിയുടെയും നിയമത്തിന്റെ ഭാഗത്ത് നിന്ന് അവരുടെ ഉത്തരവാദിത്വം നടപ്പാക്കണമെന്നും അവര്‍ പറഞ്ഞു. രാജ്യത്ത് ഇന്ന് മനുഷ്യാവകാശ ലംഘനങ്ങളുടെ എണ്ണം വര്‍ധിക്കുകയാണ്.

ദേശീയ പുരസ്‌കാര ജേതാവും കാലിക്കറ്റ് സര്‍വകലാശാലാ വിസിറ്റിംഗ് പ്രൊഫസറുമായ ഡോ.ആര്‍സു പ്രഭാഷണം നടത്തി. മനുഷ്യാവകാശങ്ങള്‍ മഹാത്മജിയുടെ വീക്ഷണത്തില്‍ എന്ന വിഷയത്തിലാണ് പ്രഭാഷണം നടത്തിയത്.

മനുഷ്യാവകാശ കമ്മീഷന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ടോമിന്‍ ജെ തച്ചങ്കരി, കോഴിക്കോട് കമ്മീഷണര്‍ എ.വി.ജോര്‍ജ്, ഡിസിപി സ്വപ്‌നില്‍ മഹാജന്‍, സബ്കകളക്റ്റര്‍ വി ചെല്‍സസിനി, മനുഷ്യാവകാശ കമ്മീഷന്‍ സെക്രട്ടറി ടി വിജയകുമാര്‍, രജിസ്ട്രാര്‍ ജി എസ് ആശ എന്നിവര്‍ സംസാരിച്ചു. പോലിസ് ഉദ്യോഗസ്ഥരും വിവിധ വകുപ്പുദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it