Latest News

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ കെ സി ശോഭിത

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ കെ സി ശോഭിത
X

കോഴിക്കോട്: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ രൂക്ഷവിമര്‍ശനവുമായി കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കെ സി ശോഭിത. തദ്ദേശ തിരഞ്ഞെടുപ്പില്‍ പാറോപ്പടി വാര്‍ഡിലെ കെപിസിസി ജനറല്‍ സെക്രട്ടറി പി എം നിയാസിന്റെ പരാജയത്തില്‍ മാത്രം അന്വേഷണം പ്രഖ്യാപിച്ച സാഹചര്യം മനസ്സിലാവുന്നില്ലെന്നും അന്വേഷണ റിപോര്‍ട്ട് എന്ന പേരില്‍ തന്നേയും കുടംബത്തേയും വേട്ടയാടുകയാണെന്നും മലാപ്പറമ്പ് ഡിവിഷനില്‍നിന്നു വിജയിച്ച കെ സി ശോഭിത ആരോപിച്ചു. കെ സി ശോഭിതയുടെ ഭര്‍ത്താവായിരുന്നു പാറോപ്പടി വാര്‍ഡിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍.

താന്‍ നേതാക്കളുടെ പെട്ടി തൂക്കി വന്നവളല്ലെന്നും ഗാന്ധിജിയുടേയും നെഹ്റുവിന്റേയും പാത പിന്തുടര്‍ന്ന് എത്തിയവളാണെന്നും വ്യക്തമാക്കിയ അവര്‍, ചുവപ്പ് കാര്‍ഡ് കാട്ടി തന്നെ പുറത്താക്കാന്‍ നോക്കുന്നവര്‍ക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരുമെന്നും പ്രഖ്യാപിച്ചു. വനിത എന്ന നിലയില്‍ ലഭിക്കേണ്ട പരിഗണനയോ അംഗീകാരമോ ചില നേതാക്കള്‍ നല്‍കുന്നില്ലെന്നും പാര്‍ട്ടിയില്‍ തന്നെ ഒറ്റപ്പെടുത്താനും ശ്രമം നടക്കുന്നു എന്നും ശോഭിത പറഞ്ഞു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സി അബുവിന്റെ മകളാണ് കെ സി ശോഭിത.

കെ സി ശോഭിതയുടെ ഫേസ്ബുക്ക് കുറിപ്പ്

സത്യമേവ ജയതേ......

കോര്പറേഷന്‍ കൗണ്‍സിലില്‍ തുടര്‍ച്ചയായി നാലാം തവണയും പ്രതിനിധി ആവാന്‍ എനിക്ക് അവസരം നല്‍കിയ വോട്ടര്‍മാരോട് ഒരിക്കല്‍ കൂടി നന്ദി അറിയിക്കട്ടെ. ജയം സുനിശ്ചിതമായ വാര്‍ഡുകള്‍ തരപ്പെടുത്തിയല്ല മത്സരത്തിന് ഇറങ്ങിയത്. പാര്‍ട്ടി നിര്‍ദേശിച്ച വാര്‍ഡില്‍ വെല്ലുവിളി ഏറ്റെടുത്ത്, പാര്‍ട്ടി പ്രവര്‍ത്തകരിലും പൊതു സമൂഹത്തിലും വിശ്വാസം അര്‍പ്പിച്ചു രംഗത്തുവന്നപ്പോള്‍ നാട്ടുകാര്‍ നല്‍കിയ പിന്തുണയാണ് എല്ലാം നിശ്ചയിച്ചത്.

ഇത്തവണ പാറോപ്പടി വാര്‍ഡില്‍ കോണ്‍ഗ്രസ് തോറ്റത്തില്‍ ഏറെ വേദനിക്കുന്ന പ്രവര്‍ത്തകയാണ് ഞാന്‍. കോര്പറേഷന്‍ ഭരണം തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തില്‍ പാറോപ്പടി മാത്രമല്ല, കോണ്‍ഗ്രസ് തോറ്റ മറ്റെല്ലാ വാര്‍ഡുകളിലെയും പരാജയം വേദനാ ജനകമാണ്. എന്നാല്‍ പാറോപ്പടി പരാജയം മാത്രം അന്വേഷിക്കാന്‍ ഉണ്ടായ സാഹചര്യം എന്താണെന്ന് മനസിലാവുന്നില്ല. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. പക്ഷെ അന്വേഷണ റിപ്പോര്‍ട്ട് എന്ന പേരില്‍ എന്നെയും കുടുംബത്തെയും വേട്ടയാടുന്ന, പാര്‍ട്ടിയില്‍ ഇകഴ്ത്തി കാണിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. സ്വന്തം ബിസിനെസ്സുമായി കഴിയുന്ന എന്റെ ഭര്‍ത്താവ് പാര്‍ട്ടി പ്രവര്‍ത്തകനല്ല എന്ന കാര്യം എല്ലാവര്‍ക്കും അറിയുന്നതാണ്. അദ്ദേഹത്തെ തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ ആയി വെക്കുന്നു എന്ന് പറഞ്ഞപ്പോള്‍ തന്നെ അദ്ദേഹം താല്പര്യമില്ല എന്ന് അറിയിച്ചിരുന്നു. പിന്നീട് നിര്‍ബന്ധിച്ചു വെച്ച ശേഷം, അവിടെ തോറ്റതിന് അദ്ദേഹത്തെ പഴി ചാരാന്‍ ശ്രമം നടക്കുകയാണ്.

ഒട്ടേറെ പ്രശ്നങ്ങള്‍ അവഗണിച്ചാണ് 15 വര്‍ഷമായി കൗണ്‍സിലര്‍ ആയി പ്രവര്‍ത്തിക്കുന്നത്. വനിതാ എന്ന നിലയില്‍ ലഭിക്കേണ്ട പരിഗണനയോ അംഗീകാരമോ ചില നേതാക്കള്‍ തരുന്നില്ലെന്ന് മാത്രമല്ല പലപ്പോഴും കടുത്ത അവഗണന നേരിട്ടിട്ടുണ്ട്. കൗണ്‍സിലില്‍ സി. പി. എം ഭരണക്കാര്‍ എടുത്ത തെറ്റായ തീരുമാനങ്ങള്‍ ക്കെതിരെ കടുമണി ഒത്തുതീര്‍പ്പില്ലാതെ പോരാടിയപ്പോള്‍ ചുവപ്പ് കാര്‍ഡ് കാട്ടി റെഫറി കളിച്ച ചില നേതാക്കള്‍ തന്നെയാണ് ഇപ്പോള്‍ അന്വേഷണ നാടകവുമായി ഇപ്പോള്‍ നിലവിളിക്കുന്നത്. കോണ്‍ഗ്രസ് തോറ്റ മറ്റു വാര്‍ഡുകളില്‍ എന്താണ് പരാജയ കാരണം എന്ന് കണ്ടെത്താന്‍ ഇവര്‍ക്ക് താല്പര്യമില്ല. കാരണം ഇതിലെല്ലാം പ്രവീണ്യമുള്ള ചില നേതാക്കളുടെ പങ്കുണ്ട്.

പാര്‍ട്ടിയില്‍ ഒറ്റപ്പെടുത്താനും പുകച്ചു പുറത്ത് ചാടിക്കാനും ഇവര്‍ നടത്തുന്ന ശ്രമം പൊരുതി തോല്‍പ്പിച്ചേ പറ്റു. കാരണം ഞാന്‍ നേതാക്കളുടെ പെട്ടി തൂക്കി വന്ന ആളല്ല. ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയും അവിസ്മരണീയമായ പോരാട്ട പാത പിന്തുടര്‍ന്ന് കോണ്‍ഗ്രസില്‍ എത്തിയ പ്രവര്‍ത്തകയാണ്. പദവികള്‍ മാത്രം സ്വപ്നം കണ്ട് നെട്ടോട്ടം ഓടുന്നവര്‍ക്ക് ഒരു സാധാരണ കോണ്‍ഗ്രെസ്സുകാരിയുടെ ഹൃദയ വേദന ഉള്‍കൊള്ളാന്‍ കഴിയാത്തത് സ്വാഭാവികം മാത്രം......

Next Story

RELATED STORIES

Share it