Latest News

കള്ളനോട്ട് കേസില്‍ കായംകുളത്ത് അഞ്ചുപേര്‍ കൂടി അറസ്റ്റില്‍

കള്ളനോട്ട് കേസില്‍ കായംകുളത്ത് അഞ്ചുപേര്‍ കൂടി അറസ്റ്റില്‍
X

ആലപ്പുഴ: കള്ളനോട്ട് പിടികൂടിയ കേസില്‍ കായംകുളത്ത് അഞ്ചുപേരെക്കൂടി പോലിസ് അറസ്റ്റ് ചെയ്തു. കായംകുളം കണ്ണമ്പള്ളിഭാഗം വലിയ പറമ്പില്‍ വീട്ടില്‍ നൗഫല്‍ (38), കായംകുളം ടൗണ്‍ പുത്തേത്ത് ബംഗ്ലാവില്‍ ജോസഫ് (34), കരുനാഗപ്പള്ളി ചങ്ങന്‍കുളങ്ങര കോലേപ്പള്ളില്‍ വീട്ടില്‍ മോഹനന്‍ (66), ആലപ്പുഴ സക്കറിയാ ബസാര്‍ യാഫിപുരയിടം വീട്ടില്‍ ഹനീഷ് ഹക്കിം (35), കരുനാഗപ്പള്ളി ചങ്ങന്‍ കുളങ്ങര വവ്വാക്കാവ് പൈങ്കിളി പാലസില്‍ അമ്പിളി എന്ന് വിളിക്കുന്ന ജയചന്ദ്രന്‍ (54) എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്.

കേസിലെ ഒന്നാം പ്രതി സുനില്‍ ദത്തിനെയും രണ്ടാം പ്രതി അനസിനെയും കഴിഞ്ഞ ദിവസം പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കള്ളനോട്ട് കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. കഴിഞ്ഞ ദിവസം ഫിനോ ബാങ്ക് എന്ന ചെറുകിട ധനകാര്യ സ്ഥാപനത്തില്‍ നിന്നും കായംകുളം എസ്ബിഐ ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന 36,500 രൂപയുടെ കള്ളനോട്ട് പിടികൂടിയതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. പ്രതികളുടെ വീടുകളില്‍ പരിശോധന നടത്തിയതില്‍ നിന്നും കണ്ടെടുത്ത 2,32,500 രൂപയുടെയും ബാങ്കിലടക്കാന്‍ കൊണ്ടുവന്ന 36,500 രൂപയുടെയും നോട്ടുകള്‍ ഉള്‍പ്പെടെ ആകെ 2,69,000 രൂപയുടെ കള്ളനോട്ട് ഇതുവരെ കണ്ടെത്തിയിട്ടുണ്ട്.

പ്രതി ജോസഫാണ് ഹനീഷിന് രണ്ടര ലക്ഷം രൂപ നല്‍കി അഞ്ചുലക്ഷം രൂപയുടെ കള്ളനോട്ട് വാങ്ങിയത്. ഹനീഷ് വയനാട് കല്‍പ്പറ്റ സ്വദേശിയില്‍ നിന്നുമാണ് കള്ളനോട്ടുകള്‍ വാങ്ങി ജോസഫിന് നല്‍കിയത്. വയനാട് സ്വദേശിയെ പിടികൂടാന്‍ പോലിസ് വലവിരിച്ചിട്ടുണ്ട്. ഇയാളെ പിടികൂടിയാലെ കള്ളനോട്ടിന്റെ ഉറവിടം ലഭ്യമാവൂ. ജോസഫിന്റെ പക്കലുള്ള നോട്ടുകള്‍ വിതരണം നടത്തിയത് അനസാണ്. അനസിന്റെ ഉറ്റബന്ധുവായ നൗഫലാണ് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത്. സുനില്‍ ദത്ത്, ജയചന്ദ്രന്‍, മോഹനന്‍ എന്നിവര്‍ ഇവരുടെ പക്കല്‍ നിന്നും കള്ളനോട്ടുകള്‍ വാങ്ങിയവരാണ്.

വവ്വാക്കാവിലെ പ്രമുഖ വ്യവസായിയും കാഷ്യു ഫാക്ടറി ഉടമയുമായ അമ്പിളി എന്ന ജയചന്ദ്രന്‍ കാഷ്യു ഫാക്ടറിയിലെ തൊഴിലാളികള്‍ക്കും മറ്റും കള്ളനോട്ടുകള്‍ വേതനമായും മറ്റും നല്‍കിയതായി സംശയമുണ്ട്. മെത്ത കച്ചവടക്കാരനായ മോഹനും നോട്ടുകള്‍ വിതരണം ചെയ്തതായി പോലിസ് സംശയിക്കുന്നു. ജോസഫ് വാങ്ങിയ അഞ്ചുലക്ഷം രൂപയുടെ കള്ളനോട്ടില്‍ 2,69,000 രൂപയുടെ നോട്ടുകളാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്.

ബാക്കി 2,31,000 രൂപയെ സംബന്ധിച്ച് അന്വേഷണം നടത്തി വരികയാണെന്ന് പോലിസ് പറഞ്ഞു. കായംകുളം ഡിവൈഎസ്പി അലക്‌സ് ബേബിയുടെ മേല്‍നോട്ടത്തില്‍ സി ഐ മുഹമ്മദ് ഷാഫി, എസ്‌ഐമാരായ ശ്രീകുമാര്‍, ഷാഹിന, എഎസ്‌ഐമാരായ ഹാരിസ്, സജിത്, ഉദയന്‍, നവീന്‍, പോലിസുകാരായ ദീപക്, വിഷ്ണു, സബീഷ്, ഷാജഹാന്‍, അനീഷ്, രാജേന്ദ്രന്‍, റെജി, സുനില്‍കുമാര്‍, വിനോദ് കുമാര്‍, പ്രദീപ്, ഫിറോസ്, ശിവകുമാര്‍, കണ്ണന്‍, അതുല്യ മോള്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Next Story

RELATED STORIES

Share it