Latest News

കശ്മീര്‍ പ്രീമിയര്‍ ലീഗ് ; ബിസിസിഐയുടെ അപേക്ഷയില്‍ ഒന്നും ചെയ്യാനാവില്ലെന്ന് ഐസിസി

കശ്മീര്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്നവരെ ഇന്ത്യയിലെ എല്ലാ തരം ക്രിക്കറ്റ് പ്രവര്‍ത്തനങ്ങളില്‍ നിന്നും വിലക്കുമെന്ന് ബിസിസിഐ പറഞ്ഞിരുന്നു.

കശ്മീര്‍ പ്രീമിയര്‍ ലീഗ് ; ബിസിസിഐയുടെ അപേക്ഷയില്‍ ഒന്നും ചെയ്യാനാവില്ലെന്ന് ഐസിസി
X

ന്യൂഡല്‍ഹി: പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ലീഗായ കശ്മീര്‍ പ്രീമിയര്‍ ലീഗ് അംഗീകരിക്കരുതെന്ന ബിസിസിഐയുടെ അപേക്ഷയില്‍ ഒന്നും ചെയ്യാനാവില്ലെന്ന് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍. ആഭ്യന്തര ലീഗുകള്‍ തങ്ങളുടെ കീഴില്‍ അല്ലെന്നും അതാത് ക്രിക്കറ്റ് ബോര്‍ഡുകളാണ് അതിന് അനുമതി നല്‍കേണ്ടതെന്നും ഐസിസി വ്യക്തമാക്കി. തര്‍ക്കപ്രദേശങ്ങള്‍ തങ്ങളുടെ അധികാരപരിധിയില്‍ അല്ലെന്നും ഐസിസി അറിയിച്ചു.

ആറ് ടീമുകളാണ് കശ്മീര്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്നത്. എല്ലാ ടീമിലും അഞ്ചു കളിക്കാര്‍ പാക് അധീനതയിലുള്ള കാശ്മീരില്‍ നിന്നുള്ളവരാണ്. എല്ലാ മത്സരങ്ങളും മുസഫറാബാദ് ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ വെച്ച് നടക്കും. മുന്‍ പാക് താരം വസീം അക്രമാണ് പ്രധാന സംഘാടകന്‍. ഷാഹിദ് അഫ്രീദിയാണ് ബ്രാന്‍ഡ് അംബാസഡര്‍.

കശ്മീര്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്നവരെ ഇന്ത്യയിലെ എല്ലാ തരം ക്രിക്കറ്റ് പ്രവര്‍ത്തനങ്ങളില്‍ നിന്നും വിലക്കുമെന്ന് ബിസിസിഐ പറഞ്ഞിരുന്നു. ദേശീയ താല്‍പര്യം പരിഗണിച്ചാണ് ഇത്തരത്തില്‍ ഒരു തീരുമാനമെന്നും പാകിസ്താന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്നതിന് എതിര്‍പ്പില്ലെന്നും ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്. 'കശ്മീര്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ താരങ്ങളെ അനുവദിക്കരുതെന്ന് ക്രിക്കറ്റ് ബോര്‍ഡുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിലക്ക് ലംഘിച്ച് ലീഗില്‍ കളിക്കുന്ന താരങ്ങളെ ഇന്ത്യയിലെ എല്ലാ തരം ക്രിക്കറ്റ് പ്രവര്‍ത്തനങ്ങളില്‍ നിന്നും വിലക്കും. ഇക്കാര്യത്തില്‍ ഞങ്ങള്‍ ദേശീയ താല്‍പര്യം പരിഗണിക്കുന്നുണ്ട്. പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ കളിക്കുന്ന താരങ്ങളോട് ഞങ്ങള്‍ക്ക് എതിര്‍പ്പില്ല. പക്ഷേ, ഇത് പാക് അധിനിവേശ കശ്മീരിലെ ക്രിക്കറ്റ് ലീഗാണ്.' ബിസിസിഐ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ ദിവസം ബിസിസിഐക്കെതിരെ ഗുരുതര ആരോപണവുമായി മുന്‍ ദക്ഷിണാക്കന്‍ ക്രിക്കറ്റ് താരം ഹെര്‍ഷെല്‍ ഗിബ്‌സ് രംഗത്തെത്തിയിരുന്നു. കശ്മീര്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാതിരിക്കാന്‍ ബിസിസിഐ തന്നെ ഭീഷണിപ്പെടുത്തുന്നു എന്നാണ് ഗിബ്‌സ് ആരോപിക്കുന്നത്. വിഷയത്തില്‍ ബിസിസിഐ അനാവശ്യമായി ഇടപെടുകയാണെന്ന് ഗിബ്‌സിന്റെ ട്വീറ്റില്‍ പറയുന്നു 'ബിസിസിഐ രാഷ്ട്രീയം കളിക്കുകയാണ്. കെപിഎല്ലില്‍ കളിച്ചാല്‍ ഇന്ത്യയില്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട ഒരു ജോലിക്കും പ്രവേശിപ്പിക്കില്ലെന്നാണ് ബിസിസിഐയുടെ ഭീഷണിയെന്നും' ഗിബ്‌സ് ആരോപിക്കുന്നു. ഗിബ്‌സിനെ കൂടാതെ പ്രശസ്തരായ പല കളിക്കാരും കാശ്മീര്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്നുണ്ട്. മുസാഫറാബാദില്‍ ആഗസ്ത് ആറിനാണ് കശ്മീര്‍ പ്രമീയര്‍ ലീഗ് ആരംഭിക്കുന്നത്.

Next Story

RELATED STORIES

Share it