Latest News

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്;സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഇന്ന് ഹൈക്കോടതിയില്‍

104 കോടിരൂപയുടെ നിക്ഷേപ തട്ടിപ്പ് സിപിഎം ഉന്നത നേതാക്കള്‍ ഇടപെട്ട് അട്ടിമറിക്കുകയാണെന്നും കോടതി മേല്‍നോട്ടത്തില്‍ സിബിഐ കേസ് അന്വേഷിക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്;സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഇന്ന് ഹൈക്കോടതിയില്‍
X

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുന്‍ ജീവനക്കാരനായ എം വി സുരേഷ് ആണ് ഹരജിക്കാരന്‍. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ നല്‍കിയ ഹരജിയാണ് കോടതി പരിഗണിക്കുന്നത്.ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഹരജി പരിഗണിക്കുക.

104 കോടിരൂപയുടെ നിക്ഷേപ തട്ടിപ്പ് സിപിഎം ഉന്നത നേതാക്കള്‍ ഇടപെട്ട് അട്ടിമറിക്കുകയാണെന്നും കോടതി മേല്‍നോട്ടത്തില്‍ സിബിഐ കേസ് അന്വേഷിക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.നേരത്തെ ഹരജി പരിഗണിച്ചപ്പോള്‍ സര്‍ക്കാരും ബാങ്കും സിബിഐ അന്വേഷണത്തെ എതിര്‍ത്തിരുന്നു. ക്രൈംബ്രാഞ്ച് ഫലപ്രദമായ അന്വേഷണം നടത്തുന്നുണ്ടെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നുമായിരുന്നു സര്‍ക്കാര്‍ വാദം. നിക്ഷേപകര്‍ക്ക് പണം നഷ്ടപ്പെടില്ലെന്ന് ബാങ്കും കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ വര്‍ഷം ഒന്ന് കഴിഞ്ഞിട്ടും മുഴുവന്‍ പ്രതികളും കേസില്‍ പ്രതിയായില്ല. തട്ടിപ്പ് പണം കണ്ടെടുക്കാനുള്ള നടപടിയും ഇതുവരെ ഉണ്ടായിട്ടില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

അതേ സമയം കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.

കരുവന്നൂര്‍ ബാങ്കില്‍ ലക്ഷങ്ങളുടെ നിക്ഷേപം ഉണ്ടായിട്ടും ചികില്‍സക്ക് പണം കിട്ടാതെ 70 കാരി മരിച്ച സംഭവം വന്‍ വിവാദമായി മാറിയിരുന്നു. ഒരു വര്‍ഷം മുമ്പ് 6 പേരെ പ്രതിയാക്കി ഇഡി കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ അന്വേഷണം തുടങ്ങിയിരുന്നു.എന്നാല്‍ ഇഡിയുടെ കേസ് അന്വേഷണവും നിലച്ച മട്ടിലാണ്.

നിക്ഷേപകര്‍ നല്‍കിയ രണ്ടാമതൊരു ഹരജി കൂടി ഹൈക്കോടതിയുടെ മറ്റൊരു ബഞ്ച് ഇന്ന് പരിഗണിക്കുന്നുണ്ട് .ഈ ഹരജിയില്‍ കാലാവധി പൂര്‍ത്തിയായ സ്ഥിരം നിക്ഷേപം പിന്‍വലിക്കാന്‍ എത്രപേര്‍ അപേക്ഷ നല്‍കിയെന്നും, സര്‍ക്കാറിന് ഇക്കാര്യത്തില്‍ എന്ത് ചെയ്യാന്‍ കഴിയുമെന്നും അറിയിക്കാന്‍ ജസ്റ്റിസ് ടി ആര്‍ രവി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it