Latest News

ശോഭ കരന്തലജെയ്‌ക്കെതിരെ പോലിസില്‍ പരാതി നല്‍കി കര്‍ണാടക തിരഞ്ഞെടുപ്പ് കമ്മീഷന്‍

ശോഭ കരന്തലജെയ്‌ക്കെതിരെ പോലിസില്‍ പരാതി നല്‍കി കര്‍ണാടക തിരഞ്ഞെടുപ്പ് കമ്മീഷന്‍
X

ബെംഗളുരു: ബെംഗളുരു നോര്‍ത്തിലെ ബിജെപി സ്ഥാനാര്‍ഥിയും കേന്ദ്രസഹമന്ത്രിയുമായ ശോഭ കരന്തലജെയ്ക്ക് എതിരെ പോലിസില്‍ പരാതി നല്‍കി കര്‍ണാടക തിരഞ്ഞെടുപ്പ് കമ്മീഷന്‍. തിരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ഡിഇഒയാണ് കോട്ടണ്‍പേട്ട് പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. മതവികാരങ്ങള്‍ വ്രണപ്പെടുത്തുന്ന പ്രസ്താവനകള്‍ നടത്തി എന്നതടക്കം ചൂണ്ടിക്കാട്ടി ജനപ്രാതിനിധ്യനിയമത്തിന്റെ 123 (3), (3A), 125 എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്നാണ് പരാതിയില്‍ ഉള്ളത്. തമിഴ്‌നാട്ടില്‍ നിന്ന് തീവ്രവാദപരിശീലനം നേടിയവര്‍ ബെംഗളുരുവില്‍ വന്ന് സ്‌ഫോടനം നടത്തുന്നുവെന്ന പ്രസ്താവനയ്ക്ക് എതിരെ ഡിഎംകെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ഇത് പരിഗണിച്ച കേന്ദ്ര തിരഞ്ഞെടുപ്പ് കര്‍ണാടക തിരഞ്ഞെടുപ്പ് കമ്മീഷനോട് ശോഭയ്‌ക്കെതിരെ ഉടനടി നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ചില ഇംഗ്ലീഷ് മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തിലാണ് ശോഭ വിദ്വേഷ പരാമര്‍ശം നടത്തിയത്. തമിഴ്‌നാട്ടിലെ ആളുകള്‍ ബോംബ് ഉണ്ടാക്കാന്‍ പരിശീലനം നേടി ബംഗളൂരുവില്‍ എത്തി സ്‌ഫോടനങ്ങള്‍ നടത്തുന്നു എന്നാണ് ശോഭ കരന്തലജേ അഭിപ്രായപ്പെട്ടത്. കേരളത്തില്‍ നിന്ന് ആളുകള്‍ എത്തി കര്‍ണാടകയിലെ പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നു എന്നും ശോഭ അഭിപ്രായപ്പെട്ടു. കര്‍ണാടകയില്‍ നിന്നെത്തിയവര്‍ നിയമസഭയില്‍ പാകിസ്താന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യങ്ങള്‍ വിളിക്കുന്നു എന്നുമായിരുന്നു വിദ്വേഷ പരാമര്‍ശം.

Next Story

RELATED STORIES

Share it