Latest News

സ്‌കൂള്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസ്;ചിത്രദുര്‍ഗ മുരുക മഠാധിപതിയുടെ കസ്റ്റഡി കാലാവധി നീട്ടി

കസ്റ്റഡി കാലാവധി ബുധനാഴ്ച അവസാനിക്കാനിരിക്കെയാണ് പുതിയ ഉത്തരവ് ഉണ്ടായിരിക്കുന്നത്

സ്‌കൂള്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസ്;ചിത്രദുര്‍ഗ മുരുക മഠാധിപതിയുടെ കസ്റ്റഡി കാലാവധി നീട്ടി
X

ബംഗളൂരു: പോക്‌സോ കേസില്‍ ചിത്രദുര്‍ഗ മുരുക മഠാധിപതി ശിവമൂര്‍ത്തി മുരുക ശരണരുവിന്റെ ജുഡീഷ്യല്‍ കസ്റ്റഡി സെപ്റ്റംബര്‍ 27 വരെ നീട്ടി.ചിത്ര ദുര്‍ഗ സെക്കന്‍ഡ് അഡീഷനല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജ് ബി കെ കോമളയാണ് ഉത്തരവിട്ടത്.

കസ്റ്റഡി കാലാവധി ബുധനാഴ്ച അവസാനിക്കാനിരിക്കെയാണ് പുതിയ ഉത്തരവ് ഉണ്ടായിരിക്കുന്നത്.നിലവില്‍ ചിത്ര ദുര്‍ഗ ജില്ല ജയിലില്‍ കഴിയുകയാണ് മഠാധിപതി.കേസില്‍ അറസ്റ്റിലായശേഷം സെപ്തംബര്‍ ഒന്നിന് രാത്രി ശിവമൂര്‍ത്തി മുരുക ശരണരു ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു. സെപ്റ്റംബര്‍ രണ്ടിന് മൂന്നു ദിവസത്തെ പോലിസ് കസ്റ്റഡിയില്‍വിട്ടു. പോലിസ് കസ്റ്റഡി അവസാനിച്ചശേഷം സെപ്റ്റംബര്‍ 14 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു.

ലിംഗായത്തുകളുടെ പ്രമുഖ മഠമാണ് ചിത്രദുര്‍ഗയിലെ മുരുക മഠം.മഠം നടത്തുന്ന ഹോസ്റ്റലിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ കര്‍ണാടക പോലിസാണ് ശിവമൂര്‍ത്തി മുരുക ശരണരുവയെ അറസ്റ്റ് ചെയ്തത്.

ജില്ല ബാല വികസനസംരക്ഷണ യൂനിറ്റ് ഓഫിസര്‍ ചന്ദ്രകുമാറിന്റെ പരാതിയില്‍ മുരുക ശരണരുവിനും മറ്റ് നാല് പേര്‍ക്കുമെതിരെ മൈസൂരു നസര്‍ബാദ് പോലിസ് പോക്‌സോ കേസെടുത്തിരുന്നു. മൈസൂരില്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്ന കുട്ടികള്‍ക്കും വനിതകള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന ഓടനാടി സേവാ സംസ്ഥേ എന്ന എന്‍ജിഒയില്‍ അഭയം തേടിയപ്പോഴാണ് രണ്ട് പെണ്‍കുട്ടികള്‍ പീഡനവിവരം പുറത്ത് പറഞ്ഞത്. തുടര്‍ന്ന് മൈസൂരു ജില്ലാ ശിശുക്ഷേമ സമിതിക്ക് മുമ്പാകെ ഹാജരായി മൊഴി നല്‍കി. ഹോസ്റ്റല്‍ വാര്‍ഡന്റെയും മറ്റ് മൂന്ന് പേരുടെയും സഹായത്തോടെയും പീഡിപ്പിച്ചെന്നാണ് കുട്ടികള്‍ മൊഴി നല്‍കിയത്.

കേസിലെ പ്രതികളായ ബസവാദിത്യ, അഭിഭാഷകന്‍ ഗംഗാധരയ്യ, പ്രാദേശിക നേതാവായ പരമശിവയ്യ എന്നിവര്‍ ഒളിവിലാണ്. പോലിസും ബിജെപി സര്‍ക്കാറും മഠാധിപതിയെ സംരക്ഷിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി കര്‍ണാടക ഹൈക്കോടതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് അഭിഭാഷക കൂട്ടായ്മ ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് കത്തെഴുതിയിരുന്നു.


Next Story

RELATED STORIES

Share it