Latest News

''സുരേഷേ ആ മുസ്‌ലിമിനെ പെട്രോള്‍ ബോംബ് എറിഞ്ഞ് കത്തിക്കൂ''; കൊള്ളയിലും വര്‍ഗീയ പരാമര്‍ശത്തിലും ഹിന്ദുത്വര്‍ക്കെതിരേ കേസെടുക്കാന്‍ ഉത്തരവ്

സുരേഷേ ആ മുസ്‌ലിമിനെ പെട്രോള്‍ ബോംബ് എറിഞ്ഞ് കത്തിക്കൂ; കൊള്ളയിലും വര്‍ഗീയ പരാമര്‍ശത്തിലും ഹിന്ദുത്വര്‍ക്കെതിരേ കേസെടുക്കാന്‍ ഉത്തരവ്
X

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഹിന്ദുത്വര്‍ 2020ല്‍ നടത്തിയ വര്‍ഗീയ കലാപത്തിനിടെ വിദ്വേഷ പരാമര്‍ശം നടത്തിയവര്‍ക്കെതിരേ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. വിനോദ്, ടിങ്കു, ആദേശ് ശര്‍മ, മഹേഷ്, സുരേഷ്, മോനു, അന്‍ഷു പണ്ഡിറ്റ് രാജ്പാല്‍ തുടങ്ങിയവര്‍ക്കെതിരെയാണ് കേസെടുക്കേണ്ടത്. റഹീസ് അഹമദ് എന്ന യുവാവ് 2020ല്‍ നല്‍കിയ പരാതിയില്‍ കേസെടുക്കാനാണ് കാര്‍ക്കദൂമ കോടതി പോലിസിന് നിര്‍ദേശം നല്‍കിയത്. കൃത്യമായ പരാതിയുണ്ടായിട്ടും 2020 മുതല്‍ പോലിസ് കേസെടുത്തില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

മുസ്‌ലിംകളുടെ പൗരത്വം റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തെ ചോദ്യം ചെയ്ത് സമരം നടത്തിയിരുന്ന കാലത്താണ് ഹിന്ദുത്വര്‍ ഡല്‍ഹിയില്‍ കലാപം അഴിച്ചുവിട്ടത്. അമ്പതില്‍ അധികം പേര്‍ കൊല്ലപ്പെട്ട സംഭവമായിരുന്നു അത്. ആ സമയത്താണ് റഹീസ് അഹമദിന്റെയും കുടുംബത്തിന്റെയും വീട്ടില്‍ ഹിന്ദുത്വ സംഘമെത്തിയത്. പെട്രോള്‍ ബോംബുകളും ഇരുമ്പുവടികളും പൈപ്പുകളും അവരുടെ കൈവശമുണ്ടായിരുന്നു. വീട്ടില്‍ അതിക്രമിച്ചു കയറിയ ഹിന്ദുത്വര്‍ മോഷണം നടത്തിയ ശേഷം വീട്ടിലെ സാധനങ്ങളെല്ലാം തകര്‍ത്തു. വീടിനകത്ത് അവര്‍ തീയുമിട്ടു.

അതിന് ശേഷം അദേശ് ശര്‍മ റഹീസ് അഹമദിന് നേരെ തോക്കുചൂണ്ടി. ''മുസ്‌ലീമേ നീയും നിന്റെ കുടുംബവും ഇന്ന് ചാവും. നിങ്ങള്‍ക്ക് ഇവിടെ ജീവിക്കാന്‍ അവകാശമില്ല, പാകിസ്താനികള്‍'' എന്നു പറഞ്ഞു. മുസ്‌ലിംകള്‍ക്ക് പാകിസ്താനും ഖബര്‍സ്ഥാനും ഉണ്ടെന്ന് മറ്റൊരാള്‍ വിളിച്ചു പറഞ്ഞു. ''ഏയ് സുരേഷേ, നീ എന്തും നോക്കി നില്‍ക്കുകയാണ്. മുസ്‌ലിമിന് മേലേക്ക് പെട്രോള്‍ ബോംബ് എറിയൂ. ഇവിടെ കിടന്ന് കത്തിച്ചാവട്ടെ.'' എന്ന് മറ്റൊരാളും പറഞ്ഞു. ഇതെല്ലാം ചൂണ്ടിക്കാട്ടി 2020 മാര്‍ച്ച് ഒന്നിന് റഹീസ് പരാതി നല്‍കിയെങ്കിലും പോലിസ് കേസെടുത്തില്ല. പകരമായി ഹിന്ദുത്വരുടെ വര്‍ഗീയ വിദ്വേഷ പ്രസംഗങ്ങളുമായി ബന്ധപ്പെട്ട മറ്റു 29 പരാതികളുടെ കൂട്ടത്തിലാണ് ഇതിനെ ചേര്‍ത്തത്. ഈ ഒറ്റക്കേസില്‍ പരാതിയുടെ വിവരങ്ങളൊന്നും ചേര്‍ത്തതുമില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് റഹീസ് അഹമദ് കാര്‍ക്കദൂമ കോടതിയെ സമീപിച്ചത്.

റഹീസ് അഹമദിന്റെ പരാതി വ്യക്തവും മറ്റു സംഭവങ്ങളില്‍ നിന്നും വ്യത്യസ്തവുമായിട്ടും പോലിസ് ചെയ്തത് നീതിയല്ലെന്ന് കോടതി പറഞ്ഞു. വര്‍ഗീയ അക്രമം, കൊള്ള, കൊള്ളിവയ്പ്പ്, വര്‍ഗീയ പ്രസംഗം എന്നിവയുണ്ടായിട്ടും പോലിസ് കേസെടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്തില്ല. അതിനാല്‍, ഈ പരാതിയില്‍ പുതിയ കേസെടുത്ത് പ്രതികള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

Next Story

RELATED STORIES

Share it