Latest News

കല്ലൂര്‍ സിദ്ധീഖ് മസ്ജിദ് പള്ളിക്കമ്മിറ്റി കരിങ്കല്‍ ഹൗളിന്റെ ചോര്‍ച്ച പരിഹരിക്കാനുള്ള വഴി തേടുന്നു

കല്ലൂര്‍ സിദ്ധീഖ് മസ്ജിദ് പള്ളിക്കമ്മിറ്റി കരിങ്കല്‍ ഹൗളിന്റെ ചോര്‍ച്ച പരിഹരിക്കാനുള്ള വഴി തേടുന്നു
X

മാള: ഒരു നൂറ്റാണ്ടില്‍ കൂടുതല്‍ പഴക്കമുള്ള കല്ലൂര്‍ സിദ്ധീഖ് മസ്ജിദിലെ കരിങ്കല്‍ ഹൗളിന്റെ ചോര്‍ച്ച പരിഹരിക്കുന്നതിനുള്ള വഴി തേടുകയാണ് പള്ളിക്കമ്മറ്റി. ജലസംഭരണിയുടെ ചോര്‍ച്ച 2017ല്‍ മഹല്ല് കമ്മിറ്റി മുന്‍കൈയെടുത്ത് പരിഹരിച്ചിരുന്നു. എന്നാല്‍ ഒരു മാസത്തിന് ശേഷം വീണ്ടും ചോര്‍ച്ചയുണ്ടായി. പിന്നീട് അത് പരിഹരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് വിദഗ്ധരുടെ സഹായം തേടുന്നത്.

1913ല്‍ കല്ലൂര്‍ സ്വദേശി കണ്ടരുമഠത്തില്‍ അഹ്മദുണ്ണി മേത്തര്‍ പള്ളിക്ക് വേണ്ടി നല്‍കിയ നാല് ഏക്കര്‍ ഭൂമിയില്‍ കല്ലൂര്‍ സിദ്ധീഖ് ജുമുഅ മസ്ജിദ് നിര്‍മിച്ചപ്പോഴാണ് പൂര്‍ണമായും കരിങ്കല്ല് കൊണ്ട് ഹൗളിന്റെ നിര്‍മ്മാണവും നടന്നത്. പള്ളിയുടെ നവീകരണം നടന്നപ്പോഴും കരിങ്കല്‍ ഹൗള് സംരക്ഷിക്കപ്പെട്ടു. മറ്റു പ്രദേശങ്ങളില്‍ നവീന രീതിയില്‍ പള്ളികള്‍ പുനര്‍നിര്‍മ്മാണം നടത്തിയപ്പോള്‍ മഹല്ലുകളിലെ കരിങ്കല്‍ ഹൗളുകള്‍ അപ്രത്യക്ഷമായി. പകരം ആധുനിക രീതിയില്‍ ടൈലുകള്‍ പാകിയ മനോഹരമായ ഹൗളുകള്‍ നിര്‍മ്മിക്കപ്പെട്ടു. അപ്പോഴും കല്ലൂര്‍ മഹല്ല് കമ്മിറ്റിയുടേയും മഹല്ല് നിവാസികളുടേയും താല്‍പ്പര്യപ്രകാരം കല്ലൂരിലെ കരിങ്കല്‍ ഹൗള് നിലനിര്‍ത്തുകയായിരുന്നു.

ചാലക്കുടി താലൂക്കിലെ കല്ലൂര്‍ വടക്കുംമുറി വില്ലേജില്‍ കാടുകുറ്റി ഗ്രാമപഞ്ചായത്തിലെ പതിനാലാം വാര്‍ഡിലാണ് കല്ലൂര്‍ പള്ളിയുള്ളത്. വാളൂര്‍ കരിങ്കല്‍മടയില്‍നിന്ന് വെട്ടിയെടുത്ത വലിയ കരിങ്കല്‍ പാളികള്‍ ഉപയോഗിച്ചാണ് ഹൗള് നിര്‍മ്മിച്ചത്. നിരവധി ആളുകളുടെ അനേക ദിവസങ്ങളിലെ പ്രയത്‌നസാഫല്യമായി നിര്‍മ്മിക്കപ്പെട്ട കരിങ്കല്‍ ഹൗളിന് 2.58 അടി ആഴവും 10.58 അടി നീളവും 7.08 അടി വീതിയുമാണുള്ളത്.

ഇത്ര വലിയൊരു കരിങ്കല്‍ ഹൗള് ഇന്ന് അപൂര്‍വ്വ സ്ഥലങ്ങളില്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ. അതുകൊണ്ടുതന്നെ ഗതകാലസ്മരണ നിലനിര്‍ത്തുന്നതും അനേകം വിശ്വാസികള്‍ അംഗ ശുദ്ധീകരണത്തിന് ഉപയോഗിച്ചതുമായ കരിങ്കല്‍ ഹൗള് പഴമ നിലനിര്‍ത്തി ചോര്‍ച്ച പരിഹരിച്ച് സംരക്ഷിക്കാന്‍ മഹല്ല് കമ്മിറ്റി ആഗ്രഹിക്കുന്നതിനായി സെക്രട്ടറി റഷീദ് പറഞ്ഞു. അതിനുള്ള സാങ്കേതിക വിദ്യയെ കുറിച്ച് അറിയുന്നവര്‍ മഹല്ല് കമ്മിറ്റിയെ അറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഫോണ്‍ 9946597656.

Next Story

RELATED STORIES

Share it