Latest News

കെ റെയില്‍ സഹായം അഭ്യര്‍ഥിച്ചുള്ള ഇടതുസംഘത്തില്‍ ബിനോയ് വിശ്വം പോകാത്തത് വിയോജിപ്പുകൊണ്ടല്ലെന്ന് കാനം

ഡോക്ടറെ കാണാനുള്ളതിനാലാണ് ബിനോയ് വിശ്വത്തിന് ഇടത് എംപിമാരുടെ സംഘത്തോടൊപ്പം കേന്ദ്ര റെയില്‍വേ മന്ത്രിയെ കാണാനാകാത്തത്

കെ റെയില്‍ സഹായം അഭ്യര്‍ഥിച്ചുള്ള ഇടതുസംഘത്തില്‍ ബിനോയ് വിശ്വം പോകാത്തത് വിയോജിപ്പുകൊണ്ടല്ലെന്ന് കാനം
X

തിരുവനന്തപുരം: കെ റെയില്‍ പദ്ധതി നടപ്പാക്കാന്‍ സഹായമാവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രിയെ കണ്ട ഇടത് എംപിമാര്‍ക്കൊപ്പം ബിനോയ് വിശ്വം പോകാത്തത് വിയോജിപ്പുകൊണ്ടല്ലെന്ന് കാനം രാജേന്ദ്രന്‍. ഇടത് എംപിമാരുടെ സംഘത്തില്‍ ബിനോയ് വിശ്വത്തിന്റെ അഭാവം ചര്‍ച്ചയാകുന്നതിനിടെയാണ് സിപിഐ സംസ്ഥാന സെക്രട്ടറി ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയത്.

സില്‍വര്‍ ലൈന്‍ പ്രോജക്ടിനോടുള്ള വിയോജിപ്പ് കാരണമല്ല ബിനോയ് വിശ്വത്തിന്റെ അസാന്നിധ്യമെന്ന് അദ്ദേഹത്തോട് സംസാരിച്ച ശേഷം കാനം വ്യക്തമാക്കി.

ഡോക്ടറെ കാണാനുള്ളതിനാലാണ് ബിനോയ് വിശ്വത്തിന് ഇടത് എംപിമാരുടെ സംഘത്തോടൊപ്പം കേന്ദ്ര റെയില്‍വേ മന്ത്രിയെ കാണാനാകാത്തത്. ഇടത് എംപിമാരുടെ നിലപാട് കേള്‍ക്കണമെന്നാവശ്യപ്പെട്ട് ബിനോയ് വിശ്വവും ഒപ്പിട്ട കത്തു നല്‍കിയിരുന്നെന്നും കാനം വിവരിച്ചു.

ഇന്ന് ഉച്ചയോടെയാണ് സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കാന്‍ സഹായമാവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിനെ ഇടത് എംപിമാര്‍ സന്ദര്‍ശിച്ചത്. പദ്ധതി തകര്‍ക്കാനുള്ള നീക്കം അനുവദിക്കരുതെന്ന് എംപിമാര്‍ അഭ്യര്‍ത്ഥിച്ചു. എളമരം കരീം, ജോണ്‍ ബ്രിട്ടാസ്, വി ശിവദാസന്‍, എ എം ആരിഫ് എന്നിവരാണ് മന്ത്രിയെ കണ്ടത്. പദ്ധതിയെക്കുറിച്ചുള്ള വിശദീകരണങ്ങളും ഗുണങ്ങളും വ്യക്തമാക്കിയുള്ള രണ്ട് പേജുള്ള നിവേദനം എംപിമാര്‍ മന്ത്രിക്ക് നല്‍കി.

സംഘത്തോടൊപ്പം ബിനോയ് വിശ്വം പോകാത്തത് വലിയ ചര്‍ച്ചയായി മാറി. അശ്വിനി വൈഷ്ണവിനെ കാണാനുള്ള സിപിഎം ക്ഷണം ബിനോയ് വിശ്വം നിരസിച്ചെന്ന റിപോര്‍ട്ടുകളാണ് പുറത്തുവന്നത്. പരസ്യ പ്രതികരണത്തിന് തയ്യാറായില്ലെങ്കിലും പദ്ധതി പരിസ്ഥിതിക്ക് ദോഷമാകുമെന്ന റിപോര്‍ട്ടുകള്‍ മുന്‍പിലുള്ളപ്പോള്‍ കണ്ണടച്ച് അനുകൂലിക്കാനാകില്ലെന്ന നിലപാടാണ് ബിനോയ് വിശ്വത്തിന്റെതെന്ന സൂചനകളാണ് പുറത്തുവന്നത്.

പദ്ധതിയെ കാനം അനുകൂലിക്കുന്നുണ്ടെങ്കിലും സിപിഐയില്‍ വ്യത്യസ്ത അഭിപ്രായമുണ്ടെന്ന റിപോര്‍ട്ടുകളും പുറത്തുവന്നിരുന്നു. നേരത്തെ സിപിഐ സംസ്ഥാന കൗണ്‍സിലിലും പദ്ധതിക്കെതിരെ വ്യത്യസ്ത നിലപാട് ഉയര്‍ന്നിരുന്നു.

Next Story

RELATED STORIES

Share it