Latest News

കെ റെയില്‍: 'ജോസഫ് സി മാത്യുവിന് പകരം വയ്ക്കാന്‍ പറ്റില്ല'; എങ്കിലും പങ്കെടുക്കുമെന്ന് ശ്രീധര്‍ രാധാകൃഷ്ണന്‍

കെ റെയില്‍: ജോസഫ് സി മാത്യുവിന് പകരം വയ്ക്കാന്‍ പറ്റില്ല; എങ്കിലും പങ്കെടുക്കുമെന്ന് ശ്രീധര്‍ രാധാകൃഷ്ണന്‍
X

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയില്‍ എതിര്‍പ്പ് ഉന്നയിച്ച വിദഗ്ധരെ ഉള്‍പ്പെടെ പങ്കെടുപ്പിച്ച് സര്‍ക്കാന്‍ സംഘടിപ്പിക്കുന്ന സംവാദത്തിനുള്ള പാനലില്‍നിന്ന് ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയതിനെ വിമര്‍ശിച്ച് പകരം ഉള്‍പ്പെടുത്തിയ ഗവേഷകന്‍ ശ്രീധര്‍ രാധാകൃഷ്ണന്‍. കെ റെയില്‍ സംഘടിപ്പിക്കുന്ന സില്‍വര്‍ലൈന്‍ പാനല്‍ ചര്‍ച്ചയില്‍ നിന്നും ജോസഫ് സി മാത്യൂനെ ഒഴിവാക്കി പാനല്‍ പ്രഖ്യാപിച്ചത് അങ്ങേയറ്റം ഔചിത്യരഹിതവും അപലപനീയവും വെറും രാഷ്ട്രീയ പ്രേരിതവുമായ തീരുമാനമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

കഴിഞ്ഞ ദിവസം കെ റെയില്‍ ഉദ്യോഗസ്ഥന്‍ തന്നെ ക്ഷണിച്ചിരുന്നെന്നും അപ്പോഴാണ് അതില്‍നടന്ന ഗൂഢാലോചന മനസ്സിലായതെന്നും എങ്കിലും ഉപാധികളോട് പങ്കെടുക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ വ്യക്തമാക്കി. തന്റെ സഹപ്രവര്‍ത്തകരും ജോസഫ് സി മാത്യുവുമായും ചര്‍ച്ച ചെയ്താണ് പങ്കെടുക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. താന്‍ ചില ഉപാധികള്‍ വച്ചിരുന്നുവെന്നും അവരത് അംഗീകരിക്കുകയും ചെയ്തിരുന്നെന്നും അദ്ദേഹം ഫേസ് ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.

ഏപ്രില്‍ 28ന് രാവിലെ 11 ന് ഹോട്ടല്‍ താജ് വിവാന്തയിലാണ് സംവാദം നടക്കുക.

''കെ റെയില്‍ സംഘടിപ്പിക്കുന്ന സില്‍വര്‍ലൈന്‍ പാനല്‍ ചര്‍ച്ചയില്‍ നിന്നും ജോസഫ് സി മാത്യൂനെ ഒഴിവാക്കി പാനല്‍ പ്രഖ്യാപിച്ചത് അങ്ങേയറ്റം ഔചിത്യരഹിതവും അപലപനീയവും വെറും രാഷ്ട്രീയ പ്രേരിതവുമായ തീരുമാനമാണ്. ഇന്നലെ കെ റെയില്‍ ഉദ്യോഗസ്ഥന്‍ എന്നെ ക്ഷണിക്കുകയും ചെയ്തു. അപ്പോഴാണ് ഇതില്‍ നടന്ന ഗൂഢാലോചന എനിക്ക് മനസ്സിലായതും. സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെയുള്ള വിമര്‍ശനങ്ങളില്‍ എന്നോടൊപ്പം നില്‍ക്കുന്ന മറ്റ് എന്‍ജിനീയര്‍, പരിസ്ഥിതി പ്രവര്‍ത്തകരുമായി ചര്‍ച്ച ചെയ്യുകയും ഞാന്‍ പങ്കെടുക്കണം എന്നു പൊതുഅഭിപ്രായം വരികയും ശ്രീ ജോസഫ് മാത്യൂവിനോടും സംസാരിച്ചു ഞാന്‍ ചര്‍ച്ചയില്‍ പങ്കെടുക്കാം എന്നു തീരുമാനിക്കുകയും ചെയ്തു.

പങ്കെടുക്കല്‍ ചില ഉപാധികള്‍ അംഗീകരിച്ചാല്‍ മാത്രമേയുള്ളൂ എന്ന് കെ റെയിലിനെ അറിയിക്കുകയും അവര്‍ ഇന്ന് രാവിലെ അത് അംഗീകരിക്കുന്നു എന്ന് എനിക്ക് മെസ്സേജ് ചെയ്യുകയും ചെയ്തു. ഒരു കാര്യം കൂടി വ്യക്തമാക്കട്ടെ: ഇപ്പൊള്‍ വിഷയം ഇവരുടെ കയ്യിലൊന്നുമല്ല. അത് ജനങ്ങളുടെ സമരവും ഇന്ത്യന്‍ റെയില്‍വേ ബോര്‍ഡിന്റെയും കയ്യിലാണ്. അവിടെയാണ് ഇതിന്റെ ഭാവി നിഷ്ചയിക്ക്‌പെടുക. അപ്പോള്‍ ഇത്തരം അര്‍ത്ഥശൂന്യമായ പാനല്‍ ചര്‍ച്ച നാടകങ്ങള്‍ നടക്കട്ടെ. കാര്യങ്ങല്‍ പറയാന്‍ പറ്റുന്ന ഒരു ഇടവും നമ്മളും വിടില്ല. കേരളത്തിനെ ഈ ദുര്‍ഗതിയില്‍ നിന്നും രക്ഷിക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണ്''- ശ്രീധര്‍ രാധാകൃഷ്ണന്‍ ഫേസ് ബുക്കില്‍ എഴുതി.

''ഇപ്പോഴത്തെ ചര്‍ച്ച പൊതുജനങ്ങളുടെ ഭാഗം കേട്ടു എന്ന തരത്തില്‍ വ്യാഖ്യാനിക്കരുത്, നിഷ്പക്ഷ സമീപനം ഉണ്ടാവണം, ഏകപക്ഷീയത ഒട്ടും പാടില്ല, മോഡറേറ്ററായി വരുന്നയാള്‍ ഉപസംഹരിച്ച് പറയരുത്, സംസ്ഥാന സര്‍ക്കാരിന്റെയോ സമരസമിതിയുടെയോ പ്രതിനിധികളില്ലാത്തതിനാല്‍ പാനല്‍ പ്രസന്റേഷനില്‍ നഷ്ടപരിഹാരം, ഭൂമി ഏറ്റെടുക്കല്‍ എന്നിവ അവതരണത്തിന്റെ ഭാഗമാകരുത്''-തുടങ്ങിയ ഉപാധികളോടെയാണ് അദ്ദേഹം സംവാദത്തില്‍ പങ്കെടുക്കുന്നത്.

ഇന്ത്യന്‍ റെയില്‍വേ റിട്ടയേര്‍ഡ് ചീഫ് എന്‍ജിനീയര്‍ അലോക് കുമാര്‍ വര്‍മ, കണ്ണൂര്‍ ഗവ. കോളജ് ഓഫ് എന്‍ജിനീയറിങ് റിട്ട, പ്രിന്‍സിപ്പല്‍ ഡോ. ആര്‍ വി ജി മേനോന്‍ തുടങ്ങിയവരാണ് പദ്ധതിയെ എതിര്‍ത്ത് സംസാരിക്കുന്നത്.

ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയതിന്റെ കാരണം വ്യക്തമാക്കാന്‍ സര്‍ക്കാരോ കെ റെയില്‍ അധികൃതരോ തയ്യാറായിട്ടില്ല. വ്യാഴാഴ്ച നടക്കുന്ന സംവാദത്തില്‍ പദ്ധതിയെ അനുകൂലിക്കുന്ന മൂന്ന് പേരുടെ പാനലില്‍ നിന്നും ഡിജിറ്റല്‍ സര്‍വകലാശാലാ വിസി സജി ഗോപിനാഥിനെയും മാറ്റിയിട്ടുണ്ട്. സജി ഗോപിനാഥ് സ്ഥലത്തില്ലാത്തതാണ് അദ്ദേഹത്തെ മാറ്റാന്‍ കാരണം.

Next Story

RELATED STORIES

Share it