Latest News

ജൂലൈ 11: ദലിത് ചരിത്രത്തിലെ മറക്കാനാകാത്ത ദിവസം

ജൂലൈ 11: ദലിത് ചരിത്രത്തിലെ മറക്കാനാകാത്ത ദിവസം
X

യാസിര്‍ അമീന്‍

1997 ജൂലൈ 11ന് മുംബൈ നഗരത്തിലെ പ്രധാന ദലിത് കോളനിയായ രമാഭായ് അംബേദ്ക്കര്‍ കോളനിയിലെ പത്ത് ദലിതുകളെ അന്നത്തെ ബിജെപി ശിവസേന ഭരണകൂടത്തിന്റെ പോലിസ് വെടിവച്ചുകൊല്ലുന്നു. പത്ത് മനുഷ്യജീവനുകളെ കുരുതിക്ക് കൊടുത്തതിന് പുറമെ, ഇന്ത്യയിലെ, പ്രത്യേകിച്ച് മഹാരാഷ്ട്രയിലെ ദലിത് ജീവിതങ്ങളെ ആഴത്തില്‍ ബാധിച്ചൊരു സംഭവമാണ് രമാഭായ് അംബേദ്ക്കര്‍ കോളനിയില്‍ ഭരണകൂടം സ്‌പോന്‍സര്‍ ചെയത വെടിവയ്പ്പ്. വെടിവയ്പ്പിന് നേത്യത്വം നല്‍കിയ സബ് ഇന്‍സ്‌പെക്ടര്‍ എം വൈ കദത്തിന്റെ ദലിത് വിരുദ്ധത മുതല്‍ വെടിവയ്പ്പിന് ശേഷം സര്‍ക്കാര്‍ കൂട്ടുനിന്ന നിരവധി ദലിത് വേട്ടയും സംഭവിക്കുകയുണ്ടായി. എന്താണ് 1997 ജൂലൈ 11ന് രമാഭായ് അംബേദ്ക്കര്‍ കോളനിയില്‍ ഉണ്ടായത്. അന്വേഷിക്കുകയാണിവിടെ..



വെടിവയ്പ്പിന്റെ പശ്ചാത്തലം

1997 ജൂലൈ 11ന് രാവിലെ കോളനിവാസികള്‍ ഉണരുമ്പോള്‍ കാണുന്നത് തങ്ങളുടെ കോളനിക്ക് മുമ്പിലുള്ള വലിയ അംബേദ്ക്കര്‍ പ്രതിമയുടെ കഴുത്തില്‍ ആരോ ചെരുപ്പ്് മാല അണിയിച്ചതാണ്. തങ്ങളുടെ ജീവതത്തിനും സ്വതത്തിനും അര്‍ത്ഥമുണ്ടാക്കി തന്ന മഹാന്റെ പ്രതിമയ്ക്ക് മുകളിലിട്ട ചെരുപ്പ് മാല, ദലിതുകളുടെ നിലനില്‍പ്പിനെതന്നെ ചോദ്യം ചെയ്യുന്നതായാണ് അവര്‍ക്ക് തോന്നിയത്. അവര്‍ പരാതിപ്പെടാനായി അംബേദ്ക്കര്‍ പ്രതിമയ്ക്ക് പത്ത്് അടിമാത്രം അകലെയുള്ള ലോക്കല്‍ ബീറ്റ് നമ്പര്‍ 5, പന്ത്‌നഗര്‍ പോലിസ് സ്‌റ്റേഷനിലേക്ക് പോയി. പക്ഷേ, പോലിസ് അവിടെ പരാതി സ്വീകരിച്ചില്ല. പകരം, മെയിന്‍ സ്‌റ്റേഷനായ പന്ത് നഗര്‍ പോലിസ് സ്‌റ്റേഷനിലേക്ക് പോകാന്‍ അവരോട് ആവശ്യപ്പെട്ടു. ആളുകള്‍ പോലിസ് സ്‌റ്റേഷന് മുന്നില്‍ പ്രതിഷേധിക്കാന്‍ തുടങ്ങി. അവര്‍ റോഡ് തടഞ്ഞു, ഒരോ മിനിറ്റിലും പ്രതിഷേധക്കാര്‍ കൂടികൊണ്ടിരുന്നു. പ്രതിഷേധം കത്തിപടര്‍ന്നു. മിനിറ്റുകള്‍ക്കകം സ്‌പെഷ്യല്‍ റിസര്‍വ് പോലിസ് ഫോഴ്‌സ് (എസ്ആര്‍പിഎഫ് ) അവിടെയെത്തി. എം വൈ കദം എന്ന പോലിസ് സബ് ഇന്‍പെക്ടര്‍ ആയിരുന്നു ഫോഴ്‌സിനെ നയിച്ചത്. പ്രതിഷേധക്കാരില്‍ നിന്ന് നൂറ് മീറ്റര്‍ അകലെ ഫോഴ്‌സ് നിലയുറപ്പിച്ചു. മിനിക്കുകള്‍ക്കം യാതൊരു പ്രകോപനവും ഇല്ലാതെ പ്രതിഷേധക്കാര്‍ക്ക് നേരെയും കോളനിക്കടുത്തുള്ള സര്‍വീസ് റോഡിലെ കാല്‍നടക്കാര്‍ക്ക് നേരേയും പോലിസ് വെടിയുതിര്‍ത്തു. തുടര്‍ച്ചയായി 10,15 മിനിറ്റോളം ദൈര്‍ഘ്യമുള്ള വെടിവയ്പ്പ്. പത്ത് ദലിത് ദേഹങ്ങള്‍ നിലത്തുവീണു. എല്ലാവര്‍ക്കും അരയ്ക്ക് മുകളിലായിരുന്നു വെയിയേറ്റത്. വെടിവയ്പ്പ് കഴിഞ്ഞ് അല്‍പം സമയത്തിനകം, തങ്ങളുടെ 'മിഷന്‍' തീര്‍ന്നിരിക്കുന്നു എന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ എം വൈ കദവും സംഘവും സ്ഥലം വിട്ടു. പകരം സിറ്റിപോലിസ് സ്ഥലത്ത് വിന്യസിച്ചു. 11.30ന് നടന്ന വെടിവയ്പ്പിന് ശേഷം വീണ്ടും വൈകീട്ട് നാല് മണിക്ക് പോലിസ് കോളനികകത്ത് കയറുകയും നിവാസികളെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. 26 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.



ദൃക്‌സാക്ഷി വിവരണം

ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് എന്ന സംഘടന 1998 ഫെബ്രുവരിയില്‍ രമാഭായ് അംബേദ്ക്കര്‍ കോളനി സന്ദര്‍ശിക്കുകയുണ്ടായി. അവരുടെ റിപോര്‍ട്ട് അനുസരിച്ച് ദൃസാക്ഷികള്‍ പറയുന്നത് ഇങ്ങനെയാണ്. ദ്യസാക്ഷി ഒന്ന്, ഭന്ത കശ്യപ് ( ഒരു സന്യാസി): 'ഞാന്‍ പുറത്ത് നിന്ന് നിലവിളി കേട്ടു; ഉടന്‍ പുറത്തിറങ്ങി. നേരം പുലര്‍ന്നതെയുണ്ടായിരുന്നുള്ളു. പ്രതിഷേധ സ്ഥലത്ത് നിന്ന് 30 മീറ്റര്‍ അകലെ പുറത്തു നില്‍ക്കുകയായിരുന്നു ഞാന്‍. പോലിസ് എന്നെ വെടിവച്ചില്ല, കാരണം ഞാന്‍ സന്യാസിയുടെ വസ്ത്രമായിരുന്നു ധരിച്ചിരുന്നത്. അവര്‍ എന്നോട് പോകാന്‍ പറഞ്ഞു. എല്ലാവരും ഉറങ്ങുകയായിരുന്നു. 'റസ്ത റോക്കോ' (റോഡ് തടയുക) എന്ന് നാല്‍പ്പതോ അമ്പതോ ആളുകള്‍ പറയുന്നത് ഞാന്‍ കണ്ടു. രണ്ട് പോലിസ് കാറുകള്‍ നേരെ പോയി, നിര്‍ത്തിയില്ല. ഒരു എസ്ആര്‍പിഎഫ് വാന്‍ വന്നു. ഒന്നോ രണ്ടോ പ്രതിഷേധക്കാര്‍ സ്വകാര്യ കാറുകള്‍ക്ക് നേരെ കല്ലെറിഞ്ഞു. ആദ്യം അവര്‍ കൗശലിയാഭായ് പട്ടാരെ വെടിവച്ചു. ബുള്ളറ്റ് അവളിലൂടെ തുളച്ചുകയറി. അവള്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഞാന്‍ മിഴിച്ചുനിന്നു. പോലിസ് പറഞ്ഞു, 'സാധു (ഹിന്ദു സന്യാസി എന്ന് അഭിസംബോധന ചെയ്യുന്നു) ഇവിടെ നിന്ന് പുറത്തുകടക്കുക.' ഞാന്‍ വീടിന് അകത്തേക്ക് വന്നു, ജനാലിലൂടെ പുറത്തേക്ക് നോക്കി. സുഖ്‌ദേവ് കപാഡ്‌നെ അവിടെ ഉണ്ടായിരുന്നു. പോലിസ് അവനെ പിടിച്ചു നിര്‍ത്തി ആരാണെന്ന് ചോദിച്ചു. താന്‍ ഒരു സാമൂഹിക പ്രവര്‍ത്തകനാണെന്ന് സുഖദേവ് മറുപടി പറഞ്ഞു. അപ്പോള്‍ പോലിസ് അദ്ദേഹത്തോട് പോകാന്‍ പറഞ്ഞു. എന്നിട്ട് അവനെ പിന്നില്‍ നിന്ന് വെടിവച്ചു. അയാളുടെ നെഞ്ചില്‍ നിന്ന് വെടിയുണ്ട പുറത്തേക്ക് വന്നു, അയാള്‍ നിലത്തുവീണു വീണു. സുഖദേവിന് 50 വയസ്സായിരുന്നു'


ദൃസാക്ഷി രണ്ട്: വി എസ് ഖാദെ: '1994ല്‍ അമ്മ മരിച്ചതിനുശേഷം എന്റെ അനന്തരവന്റെ മകന്‍ ഞങ്ങളോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. അവന്‍ അന്ന് ജോലിക്ക് പോയതായിരുന്നു. പക്ഷേ, ഹൈവേ മുറിച്ചുകടക്കാന്‍ പ്രതിഷേധക്കാര്‍ അവനെ അനുവദിച്ചില്ല. അതിനാല്‍ അവന്‍ തിരിച്ചുവന്ന് എന്റെ ഭാര്യയോടും മകളോടും പുറത്തു പോകരുതെന്ന് പറഞ്ഞു. ഒരു കിലോമീറ്റര്‍ അകലെയുള്ള പിതാവിനെ വിവരങ്ങള്‍ അറിയിക്കാന്‍ പോയി. പക്ഷേ, അവിടെ എത്തുന്നതിനുമുമ്പ് അവന്‍ വെടിയേറ്റ് മരിച്ചു. അവന്റെ സഹോദരനും അമ്മാവനും അവനെ എടുക്കാന്‍ പോയി, പക്ഷേ, പോലിസ് വിളിച്ചുപറഞ്ഞു, 'അവനെ തൊടരുത്, ഞങ്ങള്‍ നിങ്ങളെയും വെടിവയ്ക്കും.' വെടിയൊച്ചകള്‍ ഞാന്‍ കേട്ടിരുന്നു. ഞാന്‍ എത്തുമ്പോഴേക്കും അവന്‍ മരിച്ചു. ്അവന് 17 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.'

വെടിവയ്പ്പിനു ശേഷം

രമാഭായ് അംബേദ്ക്കര്‍ കോളനിയില്‍ 10 ദലിതര്‍ മരിക്കാനിടയായ പോലിസ് വെടിവയ്പ്പ് കലുഷിതമായ രാഷ്ട്രീയ അവസ്ഥകള്‍ക്ക് വഴിവച്ചു. വെടിവയ്പ്പിന് തുടര്‍ച്ചയെന്നോണം സംസ്ഥാനത്ത് നിരവധി ദലിത് കോളനികളും ദലിത് ജീവിതങ്ങളും അക്രമിക്കപ്പെട്ടു. സാമൂഹിക ബഹിഷ്‌കരണവും വംശീയ കലാപവുമുണ്ടായി. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ പിപ്പിള്‍സ് ഹ്യൂമന്‍ റൈറ്റ്‌സ് എന്ന എന്‍ജിഒയുടെ അന്വേഷണ റിപോര്‍ട്ട് ദലിതര്‍ അനുഭവിച്ച വേദനകളുടെ നേര്‍സാക്ഷ്യങ്ങളായിരുന്നു. രണ്ടംഗ സംഘം 1997 ഒക്ടോബറില്‍ നാഗ്പൂര്‍, അമരാവതി, യവാത്മല്‍, വാര്‍ധ തുടങ്ങിയ സംസ്ഥാനത്തെ വിവിധ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചാണ് റിപോര്‍ട്ട് തയ്യാറാക്കിയത്. ഈ അന്വേഷണാത്മക റിപോര്‍ട്ടിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ 1997 നവംബര്‍ ഒന്നിന് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നത് ഇങ്ങനെയാണ്: 'വെടിവയ്പ്പിനു ശേഷം സംസ്ഥാനത്ത് ദലിതര്‍ക്കെതിരേ നടന്ന എല്ലാ അതിക്രമങ്ങള്‍ക്കും ഭരണകക്ഷി ആയിരുന്ന ബിജെപി ശിവസേന പൂര്‍ണ പിന്തുണ നല്‍കിയിരുന്നു. ദലിതരെ ഭയപ്പെടുത്തി നിര്‍ത്തുന്നതിനും അവര്‍ക്കെതിരേ അക്രമം അഴിച്ചുവിടുന്ന അക്രമികള്‍ക്ക് പൂര്‍ണ പിന്തുണ കൊടുക്കാനും ഭരണകൂടം പോലിസിനെ ഉപയോഗിച്ചിരുന്നു. അംബേദ്ക്കറുടെ പ്രതിമ തകര്‍ത്തതിനെതിരേ പ്രതിഷേധിക്കാനിടയുള്ള ബുദ്ധമതക്കാരെ (ഹിന്ദു മതത്തില്‍ നിന്ന പരിവര്‍ത്തനം ചെയ്ത ദലിതര്‍ ) ഭയപ്പെടുത്താനും ഭരണകൂടം പോലിസിനെ ഉപയോഗിച്ചു. അതിക്രമങ്ങള്‍ക്കെതിരേ പരാതി പറയാന്‍ പോലിസ് സ്‌റ്റേഷനില്‍ എത്തുന്ന ദലിതരെ കൊലപാതക കേസ് ഉള്‍പ്പടെ പല കള്ളകേസിലും പ്രതിചേര്‍ക്കാനും പോലിസ് ശ്രമിച്ചിരുന്നു എന്നും ലേഖനത്തില്‍ പറയുന്നു.

വെടിവയ്പ്പിന് നേതൃത്വം നല്‍കിയ പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ എം വൈ കദം

വെടിവയ്പ്പിന് നേത്യത്വം നല്‍കിയ എം വൈ കദം എന്ന പോലിസ് ഉദ്യോഗസ്ഥന്‍, നിരവധി ദലിത് പീഡനം നടത്തിയതിന് നിയമ നടപടികള്‍ നേരിട്ട ആളാണ്. കദത്തിന്റെ മുന്‍ സൂപ്പര്‍വൈസറും എസ്ആര്‍പിഎഫ് കമാന്‍ഡന്റുമായ വസന്ത് ഇഗ്‌ലി മുമ്പ് എം വൈ കദം 'ദലിത് വിരുദ്ധന്‍' ആണെന്ന് ആരോപിച്ചിരുന്നു. ജാതിപരമായി ഇയാള്‍ ഒരു കീഴുദ്യോഗസ്ഥനെ അധിക്ഷേപിക്കുകയും പട്ടികജാതി, പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമം, 1989 ലംഘിച്ചതിന് സസ്‌പെന്‍ഷനില്‍ പോകുകയും ചെയ്തിരുന്നു. ദലിതര്‍ക്കെതിരേ മുന്‍പും ഈ പോലിസ് ഉദ്യോഗസ്ഥന്‍ നടത്തിയ ജാതീയ പരാമര്‍ശങ്ങള്‍ സൂചിപ്പിക്കുന്നത് ഇയാളുടെ വംശീയ വിവേചനം തന്നെയാണ്. അതിനാല്‍ തന്നെ രമാഭായ് അംബേദ്ക്കര്‍ കോളനിയില്‍ നടന്ന വെടിവയ്പ്പ് മുന്‍നിശ്ചയപ്രകാരം നടന്നതാണ് എന്ന് ഒറ്റനോട്ടത്തില്‍ തന്നെ വ്യക്തമാണ്. ഇന്ത്യന്‍ പീപ്പിള്‍സ് ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷന്‍, നാഷണല്‍ അലയന്‍സ് ഓഫ് പീപ്പിള്‍സ് മൂവ്‌മെന്റ് തുടങ്ങി നിരവധി സംഘടനകളുടെ വസ്തുതാന്വേഷണ റിപോര്‍ട്ട് അനുസരിച്ച് ദൃസാക്ഷി വിവരണം ഇങ്ങനെയാണ് ' പോലിസ് ലാത്തി ചാര്‍ജ് നടത്തിയില്ല, കണ്ണീര്‍ വാതകം പ്രയോഗിച്ചില്ല, ആദ്യം അന്തരീക്ഷത്തിലേക്ക് വെടിയുതിര്‍ത്തിയില്ല, ആളുകള്‍ പിരിഞ്ഞുപോവുന്നതിനായി ഒരു ശ്രമവും പോലിസ് നടത്തിയില്ല. പകരം മുന്‍പ് തീരുമാനിച്ചുറപ്പിച്ച പോലെ നിരപരാധികളായ ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.'

എം വൈ കദം


1998 ഓഗസ്റ്റിന് സര്‍ക്കാര്‍ നിയമിച്ച ഗുണ്ടേവര്‍ കമ്മീഷന്‍ റിപോര്‍ട്ട് സമര്‍പ്പിച്ചു. വെടിവയ്പ്പില്‍ സബ് ഇന്‍സ്‌പെക്ടര്‍ കുറ്റകാരനെന്ന്് അന്വേഷണ സമിതി കണ്ടെത്തി. സര്‍ക്കാര്‍ സേവനത്തില്‍ അയാളെ പിരിച്ചുവിടണമെന്ന് അന്വേഷണ കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. 2001ല്‍ കേസ് ആരംഭിച്ചു. 2006ല്‍ ഇയാള്‍ കുറ്റകാരനെന്ന് കോടതി കണ്ടെത്തി. 2009 ആഗസ്ത് 8ന് കൊലപാതക കുറ്റത്തിന് ശിക്ഷിക്കപ്പെട്ട കദത്തിന് സെഷന്‍ കോടതി ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ചുമത്തി. 2009 മെയ് മസത്തില്‍ ഹൈക്കോടതി ഇയാളുടെ ജീവപര്യന്തം റദ്ദ് ചെയ്യുകയും ജാമ്യം അനുവദിക്കുകയും ചെയ്തു.

Next Story

RELATED STORIES

Share it