Latest News

ജഡ്ജി നിയമനം വൈകിപ്പിക്കരുത്‌; വനിതാ പ്രാതിനിധ്യം ഉറപ്പാക്കണം: ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ജഡ്ജി നിയമനം വൈകിപ്പിക്കരുത്‌; വനിതാ പ്രാതിനിധ്യം ഉറപ്പാക്കണം: ചീഫ് ജസ്റ്റിസ് സൂര്യകാന്ത്
X

ന്യൂഡല്‍ഹി: സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് രാജ്യത്തെ 25 ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ക്ക് കത്തയച്ച് ജഡ്ജിമാരുടെ ഒഴിവുകളിലേക്കുള്ള നിയമന ശുപാര്‍ശകള്‍ വൈകിക്കരുതെന്ന് നിര്‍ദേശിച്ചു. നിയമനങ്ങളില്‍ വനിതാ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനും അദ്ദേഹം പ്രത്യേകം ഊന്നല്‍ നല്‍കി. ഹൈക്കോടതി ജഡ്ജിമാരുടെ നിയമനത്തില്‍ ഉണ്ടാകുന്ന വൈകിപ്പ് ഉന്നത ജുഡീഷ്യറിയിലേക്കുള്ള നിയമന പ്രക്രിയയെ പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യോഗ്യരായ വനിതാ അഭിഭാഷകരെ കണ്ടെത്തി ശുപാര്‍ശ ചെയ്യുന്നതില്‍ ഹൈക്കോടതി കൊളീജിയങ്ങള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും കത്തില്‍ വ്യക്തമാക്കുന്നു.

കേരള ഹൈക്കോടതിയില്‍ നിലവില്‍ ഏഴു ജഡ്ജിമാരുടെ ഒഴിവുകളാണ് റിപോര്‍ട്ട് ചെയ്യുന്നത്. 35 സ്ഥിരം ജഡ്ജിമാരുടെയും 12 അഡീഷണല്‍ ജഡ്ജിമാരുടെയും തസ്തികകളാണ് കോടതിയിലുള്ളത്. അഭിഭാഷക ശ്രീജ വിജയലക്ഷ്മിയെ ജഡ്ജിയായി നിയമിക്കാന്‍ ഹൈക്കോടതി നല്‍കിയ ശുപാര്‍ശ ഇപ്പോഴും കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണ്. 2023 ഡിസംബര്‍ 5നു നല്‍കിയ ശുപാര്‍ശ സര്‍ക്കാര്‍ മടക്കിയെങ്കിലും 2024 ഏപ്രിലില്‍ കൊളീജിയം വീണ്ടും ആവര്‍ത്തിച്ചിരുന്നു. ഇതില്‍ ഇതുവരെ അന്തിമ തീരുമാനം ഉണ്ടായിട്ടില്ലെന്നാണ് സൂചന.

ഇതിനൊപ്പം സുപ്രിംകോടതിയിലെ സീനിയര്‍ അഭിഭാഷക ലിസ് മാത്യു, കേരള ഹൈക്കോടതിയിലെ അഭിഭാഷക എ കെ പ്രീത എന്നിവരെയും ജഡ്ജിമാരാക്കാന്‍ ശുപാര്‍ശ നല്‍കിയിട്ടുണ്ട്. ശേഷിക്കുന്ന ഒഴിവുകളിലേക്കുള്ള നിര്‍ദേശങ്ങളും ഉടന്‍ വരുമെന്നാണ് പ്രതീക്ഷ. ഉന്നത നീതിന്യായ വ്യവസ്ഥയില്‍ ലിംഗസമത്വം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയ ചീഫ് ജസ്റ്റിസ്, വനിതകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കത്തില്‍ നിര്‍ദേശിച്ചു.

Next Story

RELATED STORIES

Share it