Latest News

'അറസ്റ്റ് ചെയ്ത സ്ഥലം തെറ്റി റിപോര്‍ട്ട് ചെയ്തു': ഹരിയാനയില്‍ അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകന് ജാമ്യം

അറസ്റ്റ് ചെയ്ത സ്ഥലം തെറ്റി റിപോര്‍ട്ട് ചെയ്തു: ഹരിയാനയില്‍ അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകന് ജാമ്യം
X

കാന്റ്: 'ഭീകരനെ' അറസ്റ്റ് ചെയ്ത സ്ഥലം തെറ്റായി റിപോര്‍ട്ട് ചെയ്‌തെന്നാരോപിച്ച് ഹരിയാനയില്‍ അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകന് കോടതി ജാമ്യം അനുവദിച്ചു. 50,000 രൂപ കെട്ടിവയ്ക്കാനും കോടതി നിര്‍ദേശിച്ചു. വെള്ളിയാഴ്ചയാണ് മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തത്. മറ്റൊരാള്‍ക്കെതിരേ ഇതേ സംഭവത്തില്‍ കേസും എടുത്തിട്ടുണ്ട്.

ദൈനിക് ഭാസ്‌കറിന്റെ റിപോര്‍ട്ടര്‍ സുനില്‍ ബരാറിനെതിരേയും ന്യൂസ് എഡിറ്റര്‍ സന്ദീപ് ശര്‍മയ്‌ക്കെതിരേയുമാണ് കേസെടുത്തത്. ഐപിസിയുടെ വിവിധ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. ബരാറിനെ വെള്ളിയാഴ്ചയാണ് കസ്റ്റഡിയിലെടുത്തത്. ശര്‍മയെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം തുടരുന്നു.

കഴിഞ്ഞ ബുധനാഴ്ച പഞ്ചാബ് പോലിസ് ടിഫിന്‍ ബോക്‌സ് ബോംബ് കേസില്‍ പഞ്ചാബിലെ അംബാലയില്‍ നിന്ന് ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. കാന്റില്‍നിന്ന് അറസ്റ്റ് ചെയ്‌തെന്നായിരുന്നു വാര്‍ത്തയില്‍ പറഞ്ഞിരുന്നത്. അറസ്റ്റ് മറ്റൊരിടത്തുവച്ചായിരുന്നുവെന്ന് പിറ്റേ ദിവസം പത്രം തിരുത്തും നല്‍കി.

എന്നാല്‍ ഇതിനെതിരേ കാന്റ് എസ്‌ഐ കേസെടുക്കുകയായിരുന്നു. തെറ്റായ വാര്‍ത്ത നല്‍കിയെന്നായിരുന്നു ചുമത്തിയ കുറ്റം. തെറ്റായ വാര്‍ത്ത പരത്തി ജനങ്ങള്‍ക്കിടയില്‍ ഭീതി പരത്തുന്നുവെന്നും ആരോപിച്ചു.

ഐപിസി 153, 177, 504, 505 എന്നിവയാണ് ചുമത്തിയിരിക്കുന്നത്. തെറ്റായ വാര്‍ത്ത മുതല്‍ കലാപശ്രമം, വഞ്ചന തുടങ്ങിയ വകുപ്പുകളും കുറ്റങ്ങളില്‍ ഉള്‍പ്പെടുന്നു.

ബരാറിനെ ഞായറാഴ്ച കോടതിയില്‍ ഹാജരാക്കി. 50,000 രൂപ ജാമ്യത്തില്‍ കോടതി അദ്ദേഹത്തെ മോചിപ്പിച്ചു.

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തത് മാധ്യമസ്വാതന്ത്ര്യത്തിനെതിരേയുള്ള കടന്നുകയറ്റമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

Next Story

RELATED STORIES

Share it