Latest News

യുഎപിഎ കുറ്റാരോപിതരുമായി ബന്ധമുള്ള സര്‍ക്കാര്‍ ജീവനക്കാരെ പുറത്താക്കും; കടുത്ത നിയമവുമായി ജമ്മു-കശ്മീര്‍ ഭരണകൂടം

യുഎപിഎ കുറ്റാരോപിതരുമായി ബന്ധമുള്ള സര്‍ക്കാര്‍ ജീവനക്കാരെ പുറത്താക്കും; കടുത്ത നിയമവുമായി ജമ്മു-കശ്മീര്‍ ഭരണകൂടം
X

ശ്രീനഗര്‍: യുഎപിഎ പ്രകാരം കുറ്റാരോപിതരായവരുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ ജീവനക്കാരെ സര്‍വീസില്‍ നിന്ന് പുറത്താക്കാനുള്ള ഉത്തരവ് പുറത്തിറക്കി. ജീവനക്കാര്‍ മാത്രമല്ല, അവരുടെ കുടുംബാംഗങ്ങളില്‍ ആര്‍ക്കെങ്കിലും ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടെങ്കില്‍ അവരും നിയമത്തിന്റെ പരിധിയില്‍ വരും. യുഎപിഎക്കു പുറമെ പബ്ലിക് സേഫ്റ്റി ആക്റ്റ് പ്രകാരം കുറ്റാരോപിതരാവുന്നവരുടെ കാര്യത്തിലും സമാനമായ നടപടിയുണ്ടാകും. സംസ്ഥാനത്ത് രൂപപ്പെടുന്ന പ്രതിഷേധങ്ങളെ തകര്‍ക്കുന്നതിന്റെ ശ്രമത്തിന്റെ ഭാഗമാണ് പുതിയ ഉത്തരവെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി.

പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിജിലന്‍സ് ക്ലിയറന്‍സ് നിര്‍ബന്ധമാക്കിയ ഉത്തരവ് കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്. സംസ്ഥാനത്ത് 6 ലക്ഷം സര്‍ക്കാര്‍ ജീവനക്കാരാണ് ഉള്ളത്.

സപ്തംബര്‍ 15ന് ജമ്മു കശ്മീര്‍ ജനറല്‍ അഡ്മിനിസ്‌ട്രേറ്റീവ് ഡിപാര്‍ട്ട്‌മെന്റാണ് പുതിയ നിയമം പുറത്തിറക്കിയത്. ഒരു മാസം മുമ്പ് ഏകദേശം ഇരുപതില്‍ കൂടുതല്‍ സര്‍ക്കാര്‍ ജീവനക്കാരെ ഇതേ ഉത്തരവില്ലാതെത്തന്നെ പുറത്താക്കിയിരുന്നു. അവര്‍ക്ക് നീതിപൂര്‍വമായ വിചാരണ പോലും നിഷേധിച്ചു.

ഇക്കഴിഞ്ഞ ജൂലൈയില്‍ ഭരണഘടനയുടെ അനുച്ഛേദം 311 പ്രകാരം 11 സര്‍ക്കാര്‍ ജീവനക്കാരെ പുറത്താക്കിയിരുന്നു. അതില്‍ ജമാഅത്ത് ഇസ് ലാമി പ്രവര്‍ത്തകന്റെ മകളും സിസാബ് മേധാവി സയ്യദ് സലാഹുദ്ദീന്റെ രണ്ട് മക്കളും ഉള്‍പ്പെടുന്നു. ഇവര്‍ക്കും നീതിപൂര്‍വമായ വിചാരണ ലഭിച്ചില്ല.

ഇപ്പോഴത്തെ ഉത്തരവ് ജനാധിപത്യവിരുദ്ധവും ഏകപക്ഷീയവുമാണെന്നാണ് സിപിഎം നേതാവ് എം വൈ തരിഗാമി പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

ഇന്ത്യയോടും ഇന്ത്യയുടെ ഭരണഘടനയോടും ജീവനക്കാര്‍ കൂറും വിശ്വസ്തതയും പാലിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.

Next Story

RELATED STORIES

Share it