Latest News

ബെഹ്‌റയെ കൊച്ചിന്‍ മെട്രോ തലവനാക്കിയത് അനുചിതം

ബെഹ്‌റയെ കൊച്ചിന്‍ മെട്രോ തലവനാക്കിയത് അനുചിതം
X

താജുദ്ദീന്‍ പൊതിയില്‍

കോഴിക്കോട്: മുന്‍ ഡിജിപി ബെഹ്‌റയെ കൊച്ചിന്‍ മെട്രോയുടെ തലവനായി നിയമിച്ച മുഖ്യമന്ത്രിയുടെ നീക്കം തെറ്റായ ശീലങ്ങളും കീഴ് വഴക്കങ്ങളു സൃഷ്ടിക്കുകമാത്രമല്ല, പരസ്പരം പിഴവ് തീര്‍ക്കേണ്ട സിസ്റ്റത്തെ ദുഷിപ്പിക്കുകയും ചെയ്യുമെന്നാണ് താജുദ്ദീന്‍ പൊതിയില്‍ പറയുന്നത്. ഇതിന്റെ പ്രത്യാഘാതങ്ങള്‍ അനന്തമായി തുടരും. നാളത്തെ മേധാവികളും വിരമിച്ചാല്‍ ലഭിക്കുന്ന സ്ഥാനമാനങ്ങള്‍ പ്രതീക്ഷിച്ചു വഴിവിട്ടു കാര്യങ്ങള്‍ ചെയ്യും, ബ്രേക്ക് ഇടേണ്ട അവസരങ്ങളില്‍ മൗനം പാലിക്കും- അദ്ദേഹം വിലയിരുത്തുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം

കൊച്ചിന്‍ മെട്രോയുടെ തലവനായി വിരമിച്ച ഡിജിപി ശ്രീ ബെഹ്‌റയെ നിയമിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റെ തീരുമാനം തികച്ചും അനുചിതമായി. വളരെ തെറ്റായ ഒരു കീഴ്‌വഴക്കാണ് പിണറായി തുടങ്ങിയിരിക്കുന്നത്, അല്ലെങ്കില്‍ പിന്തുടരുന്നത്. ജനാധിപത്യത്തില്‍ ലെജിസ്‌ളേച്ചറിനും എക്‌സിക്യൂട്ടീവിനും ബ്യൂറോക്രസിക്കും ജൂഡിഷ്യറിക്കും അതാത് റോളുകള്‍ക്ക് പുറമെയുള്ള പ്രധാന കര്‍ത്തവ്യം പരസ്പരം തിരുത്തുക എന്നതാണ്. മന്ത്രിമാര്‍ക്ക് പിഴക്കുമ്പോള്‍, അല്ലെങ്കില്‍ മന്ത്രിമാര്‍ തെറ്റ് ചെയ്യുമ്പോള്‍ അവരെ തിരുത്തുക എന്നത് ബ്യൂറോക്രസിയുടെയും പോലിസ് മേധാവിയുടെയും എല്ലാം ചുമതലയാണ്. ആ ചുമതല നിര്‍വഹിക്കാതെ കണ്ണടക്കുന്നതിനുള്ള പ്രതിഫലമായേ അവര്‍ക്ക് വിരമിച്ചതിനു ശേഷം നല്‍കുന്ന സ്ഥാനമാണങ്ങളെ കാണാന്‍ കഴിയൂ.

മെട്രോ ഭരിക്കാനുള്ള ബെഹ്‌റയുടെ കഴിവുകള്‍ എന്തെല്ലാമാണ്? അദ്ദേഹം നല്ലൊരു പോലിസുകാരന്‍ പോലുമായിരുന്നില്ല. പിന്നെയല്ലേ ഒരു മാനേജരായി കഴിവ് തെളിയിക്കാന്‍ പോകുന്നത്?

Exceptional കഴിവുകള്‍ ഉള്ള ഐഎഎസുകാര്‍ എല്ലാമുണ്ട്. അവരെ അറുപതാം വയസില്‍ പേരക്കുട്ടിയെ കളിപ്പിക്കാന്‍ വിടുന്നതും പോയത്തമാണ്. ഉദാഹരണം സിയാലിന്റെ എം ഡിയായിരുന്ന കുര്യന്‍. കേരളം പോലെ ഒരു സംസ്ഥാനത്തു ഒരു മെഗാ പ്രോജക്ട് സമയബന്ധിതമായി നടപ്പിലാക്കി അതൊരു ലോകോത്തര സ്ഥാപനമായി വളര്‍ത്തി എടുക്കാന്‍ ചില്ലറ കഴിവൊന്നും പോരാ. ഇത്തരം കഴിവുള്ള മനുഷ്യര്‍ സ്വകാര്യ മേഖലയില്‍ ബ്ലൂ ചിപ്പ് കമ്പനികളില്‍ ജോലി ചെയ്താല്‍ ഒരു വര്‍ഷം ശമ്പളവും സ്‌റ്റോക് ഓപ്ഷനും എല്ലാമായി പത്തു കോടിയോ ഇരുപതു കോടിയോ വീട്ടില്‍ കൊണ്ട് പോകാന്‍ കഴിയുന്നവരാണ്. മറ്റൊരു ഉദാഹരണം ഇ ശ്രീധരന്‍. അദ്ദേഹം സംഘിയായതു മറ്റൊരു വിഷയം. സംഘിയായതു കൊണ്ട് അദ്ദേഹത്തിന്റെ നേരത്തെയുള്ള കഴിവുകളും നേട്ടങ്ങളൂം റദ്ദ് ചെയ്യപ്പെടുന്നില്ല. അത്തരക്കാരുടെ സേവനം വീണ്ടും പ്രയോജനപ്പെടുത്താതിരിക്കുന്നതാണ് തെറ്റ്.

പറയാതിരിക്കാന്‍ വയ്യ. ശ്രീ കരുണാകരനെ പോലെ അല്ലെങ്കില്‍ അതിലും കൂടുതല്‍ ആശ്രിതവത്സലനാണ് ശ്രീ പിണറായി. സീസറുടെ ഭാര്യയുടെ ചാരിത്ര്യശുദ്ധി സംശയരഹിതമായിരിക്കണം (ഇനി ഈ പ്രയോഗം സ്ത്രീവിരുദ്ധമാണ് എന്ന് പറഞ്ഞു അന്തം കമ്മികള്‍ താലിബാനി എന്ന് വിളിക്കുമോ? എന്നാലും കിടക്കട്ടെ. സ്‌ക്രീന്‍ഷോട്ട് പറക്കുമ്പോള്‍ എഡിറ്റ് ചെയ്യാം)

വിരമിച്ച ജഡ്ജിമാര്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കുന്ന മോദിയില്‍ നിന്ന് ഒട്ടും വിഭിന്നനല്ല പിണറായി. നിങ്ങള്‍ രണ്ടു പേരും 'ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണയുടെ' കാര്യത്തില്‍ ഒരുപോലെ നഗ്‌നരാണ്. ഇത്തരം നിയമനങ്ങള്‍ സിസ്റ്റത്തെ മുച്ചൂടും ദുഷിപ്പിക്കും. ഇതിന്റെ പ്രത്യാഘാതങ്ങള്‍ അനന്തമായി തുടരും. നാളത്തെ മേധാവികളും വിരമിച്ചാല്‍ ലഭിക്കുന്ന സ്ഥാനമാനങ്ങള്‍ പ്രതീക്ഷിച്ചു വഴിവിട്ടു കാര്യങ്ങള്‍ ചെയ്യും, ബ്രേക്ക് ഇടേണ്ട അവസരങ്ങളില്‍ മൗനം പാലിക്കും.

Next Story

RELATED STORIES

Share it