കശ്മീരില്‍ സമാധാനമുണ്ടാക്കേണ്ടത് ഇന്ത്യയും പാകിസ്താനും; നിലപാട് വ്യക്തമാക്കി ബ്രിട്ടണ്‍

ലണ്ടന്‍: കശ്മീര്‍ പ്രശ്‌നത്തില്‍ നിലപാട് തിരുത്താതെ ബ്രിട്ടന്‍. കശ്മീരില്‍ സമവായമുണ്ടാക്കേണ്ടത് ഇന്ത്യയും പാകിസ്താനുമാണെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ വ്യക്തമാക്കി.
കശ്മീരിലെ രാഷ്ട്രീയ പരിഹാരത്തെ കുറിച്ച് ലണ്ടനിലെ ഹൗസ് ഓഫ് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് വിദേശകാര്യ മന്ത്രി നിഗല്‍ ആദമാണ് ബ്രിട്ടന്റെ ഔദ്യോഗിക നിലപാട് വ്യക്തമാക്കിയത്. ഉഭയകക്ഷി ചര്‍ച്ചയില്‍ മാധ്യസ്ഥം വഹിക്കേണ്ടത് ബ്രിട്ടനല്ലെന്നും രണ്ട് ഭാഗത്തും മനുഷ്യാവകാശലംഘനമുണ്ടെന്ന കാര്യം ബ്രിട്ടന്‍ അംഗീകരിക്കുന്നതായും അദ്ദേഹം പറഞ്ഞു.
''കശ്മീരിനെ കുറിച്ചുള്ള ബ്രിട്ടീഷ് സര്‍ക്കാരിന്റെ നിലപാട് മാറ്റമില്ലാത്തതാണ്. ഇന്ത്യയും പാകിസ്താനും ചേര്‍ന്നാണ് ഇക്കാര്യത്തില്‍ സമവായമുണ്ടാക്കേണ്ടത്. സിംല കരാറും കശ്മീരി ജനതയുടെ താല്‍പ്പര്യങ്ങളും ഇക്കാര്യത്തില്‍ പരിഗണിക്കണം''- ആദം പറഞ്ഞു. ഏഷ്യന്‍ വിഭാഗത്തിന്റെ ചുമതലയുള്ള മന്ത്രിസഭാംഗം കൂടിയാണ് അദ്ദേഹം.
'ബ്രിട്ടീഷ് സര്‍ക്കാര്‍ പ്രശ്‌നപരിഹാരം നിര്‍ദേശിക്കുകയോ മധ്യസ്ഥനായി പ്രവര്‍ത്തിക്കുകയോ ചെയ്യുന്നത് ഉചിതമല്ല,'-മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഹൗസ് ഓഫ് കോമണ്‍സിലെ വെസ്റ്റ്മിനിസ്റ്റര്‍ ഹാളില്‍ നടന്ന ചര്‍ച്ചയില്‍, കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ കശ്മീരില്‍ നടന്ന ജില്ലാ വികസന കൗണ്‍സില്‍ (ഡിഡിസി) തിരഞ്ഞെടുപ്പിനെക്കുറിച്ച് മന്ത്രി പരാമര്‍ശിച്ചു. പ്രാദേശിക വോട്ടര്‍മാരില്‍ 50 ശതമാനത്തിലധികം പേരുടെ ന്യായമായ പങ്കാളിത്തം തിരഞ്ഞെടുപ്പിനുണ്ടായിരുന്നെന്ന ലേബര്‍ പാര്‍ട്ടി എംപി ബാരി ഗാര്‍ഡിനറുടെ അഭിപ്രായവും മന്ത്രി എടുത്തുപറഞ്ഞു.
2019 ആഗസ്റ്റ് 5ന് കശ്മീരിന് പ്രക്യേക പദവി അനുവദിക്കുന്ന 370ാം വകുപ്പ് പിന്‍വലിച്ച് തടവിലിട്ട രാഷ്ട്രീയ നേതാക്കളെ വിട്ടയച്ചതില്‍ മന്ത്രി സംതൃപ്തി പ്രകടപ്പിച്ചു.
ലേബര്‍ പാര്‍ട്ടിയിലെ സാറാ ഓവന്റെ നേതൃത്വത്തിലുളള പാര്‍ലമെന്റ് അംഗങ്ങളാണ് ചര്‍ച്ച സംഘടിപ്പിച്ചത്. വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള എംപിമാരും പരിപാടിയില്‍ പങ്കെടുത്തു.