Latest News

ലോകരാജ്യങ്ങള്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമ്പോഴും ആക്രമണം കടുപ്പിച്ച് ഇസ്രായേല്‍

ലോകരാജ്യങ്ങള്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമ്പോഴും ആക്രമണം കടുപ്പിച്ച് ഇസ്രായേല്‍
X

ഗസ: യുഎന്‍ പൊതുസഭയ്ക്ക് മുമ്പാകെ യുകെ, കാനഡ, ഓസ്ട്രേലിയ എന്നിവ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാന്‍ ഒരുങ്ങുമ്പോഴും ഇസ്രായേല്‍ ഗസ നഗരത്തില്‍ മാരകമായ ആക്രമണം തുടരുകയാണ് .ഫലസ്തീന്‍ വാര്‍ത്താ ഏജന്‍സിയായ വഫയുടെ കണക്കനുസരിച്ച്, കഴിഞ്ഞ ദിവസം പുലര്‍ച്ചെമുതലുണ്ടായ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് 31ലധികം പേരാണ്.

ഒരു അപ്പാര്‍ട്ട്‌മെന്റിന് നേരെയുണ്ടായ ആക്രമണത്തില്‍ മാത്രം നാലിലധികം ആളുകള്‍ കൊല്ലപ്പെട്ടു. ഷെയ്ഖ് റദ്വാന്‍ പരിസരത്ത്, ഇസ്രായേല്‍ സൈന്യം റിമോട്ട് നിയന്ത്രിത സ്‌ഫോടകവസ്തുക്കള്‍ നിറച്ച കവചിത വാഹനങ്ങള്‍ പൊട്ടിത്തെറിക്കുന്നത് തുടരുകയാണ്. ആക്രമണം ആരംഭിച്ചതിന് ശേഷമുള്ള സമീപ ആഴ്ചകളില്‍ ഇത് സാധാരണമായി മാറിയിരിക്കുകയാണ്. നിരവധി സ്ത്രീകളും കുഞ്ഞുങ്ങളും കൊല്ലപ്പെട്ടു.

ഗസ നഗരത്തില്‍ ലക്ഷക്കണക്കിന് ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും അവര്‍ക്ക് എങ്ങോട്ടും പോകാന്‍ കഴിയുന്നില്ലെന്നും പട്ടിണികൊണ്ടും മറ്റും അവരുടെ അവസ്ഥ ഭയാനകമാണെന്നും അന്താരാഷ്ട്ര രക്ഷാസമിതി പറഞ്ഞു. നഗരം പിടിച്ചെടുക്കാനുള്ള ഇസ്രായേലിന്റെ പദ്ധതി ഫലസ്തീനികളെ ഒഴിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണെന്നും അവര്‍ വ്യക്തമാക്കി.

നിലവില്‍ ഗസ നഗരത്തെ ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷന്‍ (ഐപിസി) ക്ഷാമബാധിത പ്രദേശമായി പ്രഖ്യാപിച്ചിട്ടുണ്ട്. 32 കുട്ടികള്‍ ഉള്‍പ്പെടെ 164 ഫലസ്തീനികള്‍ പട്ടിണി മൂലം മരിച്ചതായി ഇതുവരെ രേഖപ്പെടുത്തിയിട്ടുണ്ട്. യുദ്ധം ആരംഭിച്ചതിനുശേഷം 147 കുട്ടികള്‍ ഉള്‍പ്പെടെ 442 ഫലസ്തീനികള്‍ പട്ടിണി മൂലം മരിച്ചു.

'കഷ്ടപ്പാടുകളുടെയും നാശത്തിന്റെയും വ്യാപ്തി സങ്കല്‍പ്പിക്കാനാവാത്തതാണ്' എന്ന് പറഞ്ഞുകൊണ്ട് ഐക്യരാഷ്ട്രസഭയുടെ ഫലസ്തീന്‍ അഭയാര്‍ഥി ഏജന്‍സി വെടിനിര്‍ത്തലിനുള്ള ആഹ്വാനം ഇപ്പോഴും ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്.

അതേസമയം, ഇതുവരെ ഗസയ്ക്കെതിരായ ഇസ്രായേലിന്റെ യുദ്ധത്തില്‍ 65,208-ലധികം ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 166,271 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Next Story

RELATED STORIES

Share it