Latest News

ജാതിയുണ്ടോ സഖാവേ , ജോലി ഒപ്പിക്കാന്‍ : റാങ്ക് ലിസ്റ്റിനെ ശീര്‍ഷാസനം ചെയ്യിപ്പിക്കുന്ന വൈരുധ്യാത്മക കമ്യൂണിസ്റ്റുകള്‍

ഭാര്യമാര്‍ക്ക് ജോലി ഒപ്പിക്കാന്‍ റാങ്ക്‌ലിസ്റ്റിനെ ശീര്‍ഷാസനം ചെയ്യിപ്പിക്കുന്ന 'പ്രതിക്രിയാവാദികളുടെ അന്തര്‍ധാര' പിണറായി വിജയന്‍ ഭരണത്തിലെ അവസാന കാലത്ത് ശക്തവും സജീവവുമാണ്

ജാതിയുണ്ടോ സഖാവേ , ജോലി ഒപ്പിക്കാന്‍ : റാങ്ക് ലിസ്റ്റിനെ ശീര്‍ഷാസനം ചെയ്യിപ്പിക്കുന്ന വൈരുധ്യാത്മക കമ്യൂണിസ്റ്റുകള്‍
X

കോഴിക്കോട്: രാജ്യത്ത് ബിജെപി 'ലൗജിഹാദ്' ആരോപണങ്ങളും അറസ്റ്റും തടവിലിടലും ശക്തമാക്കുന്ന കാലത്ത് മതരഹിത വിവാഹങ്ങള്‍ നടത്തി മതമില്ലാത്ത ജീവിതങ്ങള്‍ക്ക് തുടക്കമിടുന്നവരാണ് സിപിഎമ്മുകാര്‍. വധു മുസ്‌ലിമും വരന്‍ ഹിന്ദുവും ആകുന്നതാണ് ഈ മതരഹിത വിവാഹങ്ങളുടെ ഹൈലൈറ്റ്. അമ്പലനടയില്‍ പോയി താലി കെട്ടി, തുളസിമാലയിടുക കൂടി ചെയ്താല്‍ മതരഹിത വിവാഹത്തിന് മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികരുടെ ഐഎസ്‌ഐ സര്‍ട്ടിഫിക്കറ്റ് ഉറപ്പിക്കുകയും ചെയ്യാം. മതരഹിത വിവാഹത്തില്‍ എല്ലായാപ്പോഴും പെണ്‍കുട്ടി ഒരു പ്രത്യേക മതത്തില്‍ നിന്നു തന്നെ ആകുന്നതും, ഹൈന്ദവ ആചാരങ്ങള്‍ കുറഞ്ഞ തരത്തിലെങ്കിലും ചടങ്ങുകളില്‍ ഉള്‍പ്പെടുത്തുന്നതും മതമില്ലാത്ത വിവാഹങ്ങളില്‍ തെളിഞ്ഞുകാണുന്ന വൈരുദ്ധ്യാതമക ഭൗതികവാദമാണ്. ഈ വൈരുദ്ധ്യാതമക ഭൗതികവാദം ഭാര്യമാര്‍ക്ക് ജോലി ഒപ്പിക്കുന്നതിലേക്കും വ്യാപിപ്പിക്കുകയാണ് കേരളത്തിലെ സിപിഎമ്മുകാര്‍.


മതമില്ലാത്ത ജിവന്‍ എന്ന പാഠഭാഗം പുസ്‌കത്തില്‍ ഉള്‍പ്പെടുത്താന്‍ വേണ്ടി കേരളത്തിലങ്ങോളമിങ്ങോളം സമരം ചെയ്ത് സര്‍ക്കാര്‍ വാഹനങ്ങള്‍ തല്ലിപ്പൊളിച്ച എസ്എഫ്‌ഐക്കാരില്‍ നിന്നും , ഭാര്യക്ക് ജോലി ലഭിക്കാന്‍ മതസംവരണത്തെ കൂട്ടുപിടിക്കുന്ന ഡിവൈഎഫ്‌ഐ നേതാക്കളിലേക്കുള്ള വളര്‍ച്ചയിലാണ് കേരളത്തിലെ കമ്യൂണിസ്റ്റുപാര്‍ട്ടി. എത്ര മൂടിവെച്ചാലും പുറത്തേക്ക് തള്ളിനില്‍ക്കുന്ന ഈ വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ ഏറ്റവും പുതിയ അടയാളമാണ് മുന്‍ എംപി എം ബി രാജേഷിന്റെ ഭാര്യ നിനിത കനിച്ചേരിക്ക് സംസ്‌കൃത സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ജോലി തരപ്പെടുത്താന്‍ മുസ്‌ലിം സംവരണത്തെ ഉപയോഗിച്ചതും റാങ്ക്‌ലിസ്റ്റ് അട്ടിമറിച്ചതും.


സംസ്‌കൃത സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തകയിലേക്ക് അര്‍ഹരെ നിര്‍ണയിക്കാന്‍ സര്‍വകലാശാല ചുമതലപ്പെടുത്തിയ സെലക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ തന്നെ റാങ്ക്‌ലിസ്റ്റ് കണ്ടപ്പോള്‍ ഞെട്ടിപ്പോയി എന്നാണ് പറഞ്ഞത്. ' റാങ്ക് ലിസ്റ്റ് തന്നെ ശീര്‍ഷാസനം ചെയ്തുപോയ ഒരനുഭവം, കേരളത്തിലെ ഒരു സര്‍വകലാശാലയില്‍നിന്നും ഇതാ ദ്യമാണുണ്ടായത്.ഇതിനോടുള്ള കടുത്ത വിമര്‍ശനവും വിയോജിപ്പും ഞാനും സഹവിദഗ്ധരും സര്‍വകലാശാല അ ധികൃതരെ അറിയിച്ചിട്ടുണ്ട്. ഇതിന്റെ വെളിച്ചത്തില്‍ ഇനിയും ഇപ്പണിക്ക് ഈയുള്ളവന്‍ ഇല്ലെന്നു കേരളത്തിലെ അക്കാഡമിക് സമൂഹത്തെ ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു.' എന്നാണ് സെലക്ഷന്‍ കമ്മറ്റിയിലെ അക്കാദമിക് വിദഗ്ധനായ ഡോ. ഉമര്‍ തറമേല്‍ സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചത്.


സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപികയായ നിനിത കനിച്ചേരിക്ക് സംസ്‌കൃത സര്‍വകലാശാല മലയാള വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായി നിയമനം നല്‍കാന്‍ ഉയര്‍ന്ന യോഗ്യതയുള്ള നിരവധിയാളുകളെ മറികടന്നാണ് റാങ്ക്‌ലിസ്റ്റില്‍ ഒന്നാമതായി ഇടം നല്‍കിയത്. ജാതി സംവരണം പഴഞ്ചനാണെന്നും സാമ്പത്തിക സംവരണമാണ് വേണ്ടതെന്നും പ്രസംഗിച്ചു നടക്കുന്ന എം ബി രാജേഷിന്റെ ഭാര്യ മതം എന്ന കോളത്തില്‍ മുസ്‌ലിം എന്നെഴുതിയാണ് സാമുദായിക സംവരണത്തിന്റെ ഓരം പറ്റി നിയമനം നേടിയത്. മകളെ സ്‌കൂളില്‍ ചേര്‍ത്തപ്പോള്‍ മതം എന്ന കോളത്തില്‍ മതമില്ല എന്നെഴുതിയ 'ധീരകൃത്യം' എഫ്ബിയില്‍ പോസ്റ്റു ചെയ്ത സഖാവിന് പക്ഷേ ഭാര്യക്ക് ജോലി ലഭിക്കാന്‍ മതത്തെ കൂട്ടുപിടിക്കേണ്ടിവന്നു എന്നതിന്റെ പേരാണ് വൈരുദ്ധാത്മക ഭൗതികവാദം.


ഭാര്യമാര്‍ക്ക് ജോലി ഒപ്പിക്കാന്‍ റാങ്ക്‌ലിസ്റ്റിനെ ശീര്‍ഷാസനം ചെയ്യിപ്പിക്കുന്ന 'പ്രതിക്രിയാവാദികളുടെ അന്തര്‍ധാര' പിണറായി വിജയന്‍ ഭരണത്തിലെ അവസാന കാലത്ത് ശക്തവും സജീവവുമാണ്. കെ.കെ. രാഗേഷ് എംപിയുടെ ഭാര്യ പ്രിയ വര്‍ഗീസിനെ സ്റ്റുഡന്റ്‌സ് ഡീനായി കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമിച്ചതും ഇത്തരത്തില്‍ റാങ്ക്‌ലിസ്റ്റിനെ ശീര്‍ഷാസനം ചെയ്യിപ്പിച്ചായിരുന്നു. നിനിത കനിച്ചേരിയുടെ അനര്‍ഹ നിയമനത്തില്‍ ഡോ. ഉമര്‍ തറമേലിനെ പോലെയുള്ള നിക്ഷ്്പക്ഷരായ സെലക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ ഉള്ളതു കാരണം സത്യാവസ്ഥ പുറംലോത്തെത്തി. നേരത്തെ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ പി ഷംസീര്‍ എംഎല്‍എയുടെ ഭാര്യ ഷഹലയെ അസി. പ്രൊഫസര്‍ റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിന് അവരുടെ റിസര്‍ച്ച് ഗൈഡായിരുന്ന പി.കേളുവിനെ തന്നെ ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയിരുന്നു. റാങ്ക് പട്ടിക പുറത്തുവന്നപ്പോഴും ഇവരായിരുന്നു ഒന്നാമത്. എന്നാല്‍ സമരം ഉള്‍പ്പെടെയുള്ള പ്രതിഷേധ പരിപരാടികള്‍ ശക്തമായതോടെ ഷംസീര്‍ എംഎല്‍എയുടെ ഭാര്യക്ക് നിയമനം നല്‍കാനായില്ല.


മുന്‍ എം.പി പി രാജീവിന്റെ ഭാര്യ വാണി കേസരിയെ കൊച്ചി സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിയമിച്ചതും മുന്‍ എം പി പി.കെ ബിജുവിന്റെ ഭാര്യ വിജി വിജയനെ കേരള സര്‍കലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിയമിച്ചതും റാങ്ക് പട്ടികയില്‍ ഇടപെടല്‍ നടത്തിയിട്ടായിരുന്നു. സ്വന്തക്കാരെ സെലക്ഷന്‍ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയാണ് ഇവിടങ്ങളിലെല്ലാം നേതാക്കളുടെ ഭാര്യമാരെ റാങ്ക്പട്ടികയില്‍ ഒന്നാമതാക്കിയത്.
Next Story

RELATED STORIES

Share it