Latest News

ജിനുരാജിനെ കുറിച്ചുള്ള അന്വേഷണം അവസാനിച്ചു; മൃതദേഹം ഷാര്‍ജയില്‍ നിന്നും നാട്ടിലേക്ക്

ജിനുരാജിനെ കുറിച്ചുള്ള അന്വേഷണം അവസാനിച്ചു; മൃതദേഹം ഷാര്‍ജയില്‍ നിന്നും നാട്ടിലേക്ക്
X

ഷാര്‍ജ: അവകാശികളില്ലാത്തതിനാല്‍ പൊതുശ്മശാനത്തില്‍ സംസ്‌കരിക്കാന്‍ തീരുമാനിച്ചിരുന്ന പത്തനംതിട്ട മല്ലപ്പുഴ സ്വദേശി ജിനു രാജിന്റെ (42) മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. തിരുവനന്തപുരത്ത് എത്തിക്കുന്ന മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോവും.

ഷാര്‍ജയില്‍ ജൂലൈ ആറിന് ദേഹാസ്വാസ്ഥ്യം മൂലം കുഴഞ്ഞുവീണ ജിനുവിനെ ഷാര്‍ജ കുവൈത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല. ഏകദേശം മൂന്ന് മാസത്തിലേറെയായിട്ടും ജിനുവിന്റെ മരണം ബന്ധുക്കളോ സുഹൃത്തുക്കളോ അറിഞ്ഞിരുന്നില്ല. ചില ട്രാഫിക് നിയമലംഘനങ്ങളുടെ പേരില്‍ ജിനു ഷാര്‍ജയില്‍ തടവിലാണെന്ന തെറ്റിദ്ധാരണയായിരുന്നു നാട്ടിലുണ്ടായിരുന്നത്. തുടര്‍ന്ന്, നാട്ടിലെ സഹോദരി ജിജി നടത്തിയ തീവ്രമായ അന്വേഷണത്തിലും വിവരമൊന്നും ലഭിക്കാതെ വന്നതോടെ അവര്‍ സഹായത്തിനായി ഹൈക്കോടതിയിലെ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സലും എസ്എന്‍ഡിപി യോഗം പന്തളം യൂണിയന്‍ പ്രസിഡന്റുമായ അഡ്വ. സിനില്‍ മുണ്ടപ്പള്ളിയെ സമീപിച്ചു.

അഡ്വ. സിനില്‍ മുണ്ടപ്പള്ളി എസ്എന്‍ഡിപി യോഗം യുഎഇ സെന്‍ട്രല്‍ കമ്മിറ്റി വൈസ് ചെയര്‍മാന്‍ പ്രസാദ് ശ്രീധരനുമായി ബന്ധപ്പെടുകയും അദ്ദേഹം യാബ് ലീഗല്‍ സര്‍വീസ് സലാം പാപ്പിനിശ്ശേരിയെ ഏല്‍പ്പിക്കുകയും ചെയ്തു. സലാം പാപ്പിനിശ്ശേരിയുടെ ഇടപെടലാണ് കേസില്‍ വഴിത്തിരിവായത്. ജിനു യുഎഇ ജയിലുകളില്‍ ഇല്ലെന്നും മൃതദേഹം ഷാര്‍ജ പോലീസ് മോര്‍ച്ചറിയില്‍ ഉണ്ടെന്നും കണ്ടെത്താനായി. മോര്‍ച്ചറിയില്‍ അവകാശികളെ കാത്ത് കിടക്കുകയായിരുന്നു മൃതദേഹം.

തുടര്‍ന്ന്, കോടതിയുമായി ബന്ധപ്പെട്ട് മൃതദേഹം യുഎഇയില്‍ സംസ്‌കരിക്കാനുള്ള തീരുമാനത്തിന് സ്റ്റേ വാങ്ങുകയും, നാട്ടിലേക്ക് കൊണ്ടുപോകാനുള്ള എല്ലാ നിയമതടസ്സങ്ങളും നീക്കുകയും ചെയ്തു. ജിനുവിന്റെ ബന്ധുവായ വില്‍സനെ പ്രസാദ് ശ്രീധരന്‍ കണ്ടെത്തുകയും യാബ് ലീഗല്‍ സര്‍വീസ് പ്രതിനിധികള്‍, എസ്എന്‍ഡിപി യോഗം പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്ന് നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.

അമ്മ നേരത്തെ മരിച്ച ജിനുവിന് അച്ഛനും സഹോദരി ജിജിയുമായിരുന്നു പ്രധാന ആശ്രയം. 2025 ജൂലായ് 6-നാണ് ജിജി അവസാനമായി ജിനുവുമായി ബന്ധപ്പെട്ടത്. അന്ന് വൈകുന്നേരം തന്നെയായിരുന്നു മരണം. 2023-ല്‍ വിസ കാലാവധി കഴിഞ്ഞ ജിനു വിസിറ്റിംഗ് വിസയിലാണ് ഷാര്‍ജയില്‍ തുടര്‍ന്നത്.

Next Story

RELATED STORIES

Share it