Latest News

അട്ടപ്പാടിയില്‍ കുട്ടികളുടെ ഐസിയു സെപ്റ്റംബര്‍ 15നകം സജ്ജമാക്കാന്‍ നിര്‍ദേശം

അട്ടപ്പാടിയില്‍ കുട്ടികളുടെ ഐസിയു സെപ്റ്റംബര്‍ 15നകം സജ്ജമാക്കാന്‍ നിര്‍ദേശം
X

പാലക്കാട്: അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ കുട്ടികളുടെ ഐസിയു സെപ്റ്റംബര്‍ 15നകം സജ്ജമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. ആശുപത്രി വികസനത്തിനായി 7.25 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിരുന്നു.

ആശുപത്രിയെ അത്യാധുനിക മാതൃശിശു സംരക്ഷണ ആശുപത്രിയാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കും. അട്ടപ്പാടിയില്‍ നടന്നു വരുന്ന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ ആരോഗ്യ, വനിത ശിശുവികസന വകുപ്പുകളുടെ സംയുക്ത യോഗത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.

അങ്കണവാടി പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ട്രൈബല്‍ പ്രൊമോട്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ ഫീല്‍ഡുതല പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം. സര്‍ക്കാര്‍ പദ്ധതികളുടെ പ്രയോജനം പൂര്‍ണമായും ആദിവാസി ജനവിഭാഗങ്ങള്‍ക്ക് ലഭ്യമാകണം. ഗര്‍ഭിണികളുടേയും സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. കുഞ്ഞുങ്ങളുടെ ആദ്യ 1000 ദിന പരിപാടിയുടെ പ്രവര്‍ത്തന പുരോഗതിയെപ്പറ്റി റിപോര്‍ട്ട് നല്‍കാന്‍ വനിത ശിശുവികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.

തനത് വിഭവങ്ങള്‍ പോഷകാഹാര പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ പറ്റുന്നതിന്റെ സാധ്യത തേടും. കോട്ടത്തറ ആശുപത്രിയില്‍ നിന്നും രോഗികളെ അനാവശ്യമായി റഫര്‍ ചെയ്യുന്നതായി പരാതി ലഭിച്ച സാഹചര്യത്തില്‍ ഇക്കാര്യങ്ങളെപ്പറ്റി അന്വേഷണം നടത്താന്‍ പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.

Next Story

RELATED STORIES

Share it