Latest News

പൊയ്യയില്‍ സ്വകാര്യസ്ഥാപനം പൊതുസ്ഥലം കൈയേറിയെന്ന് പരിശോധനയില്‍ കണ്ടെത്തല്‍

പൊയ്യയില്‍ സ്വകാര്യസ്ഥാപനം പൊതുസ്ഥലം കൈയേറിയെന്ന് പരിശോധനയില്‍ കണ്ടെത്തല്‍
X

മാള: പൊയ്യ ഗ്രാമപ്പഞ്ചായത്തിലെ പുളിപ്പറമ്പില്‍ സ്വകാര്യസ്ഥാപനം പൊതുസ്ഥലം കൈയേറിയതായി ജില്ലാ സര്‍വേയറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. സ്ഥാപനത്തിന്റെ കവാടം മുതല്‍ മതില്‍ കെട്ടിയതടക്കമുള്ള സ്ഥലമാണ് കൈയേറ്റത്തിലുള്ളത്. രണ്ടുദിവസമായി നടന്ന സര്‍വേയില്‍ കൈയേറ്റം കണ്ടെത്തിയെങ്കിലും എത്രത്തോളമുണ്ടെന്ന് തിട്ടപ്പെടുത്തിയിട്ടില്ല. കൈയേറ്റം നടത്തിയ ഭാഗം അതിര്‍ത്തി നിശ്ചയിച്ച് അടയാളപ്പെടുത്തിയിട്ടുണ്ട്.

സിഎഫ്‌ഐ ചാരിറ്റബിള്‍ ട്രസ്റ്റ് നല്‍കിയ കത്ത് പ്രകാരം താലൂക്ക് സര്‍വേയര്‍ സ്ഥലം അളന്നപ്പോള്‍ കൈയേറ്റമില്ലെന്ന് അറിയിച്ചിരുന്ന ഭാഗത്താണ് ജില്ലാ സര്‍വേയര്‍ വീണ്ടും അളന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി 22ന് പൊയ്യ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി തീരുമാനപ്രകാരം ജില്ലാ സര്‍വേയര്‍ക്ക് കത്ത് നല്‍കിയിരുന്നു. അതിനിടയില്‍ താലൂക്ക് സര്‍വേയറുടെ റിപോര്‍ട്ടനുസരിച്ച് ട്രസ്റ്റ് മതില്‍ കെട്ടിയിരുന്നു.

സര്‍വേയിലിപ്പോള്‍ കണ്ടെത്തിയതനുസരിച്ച് മതിലിന്റെ മുന്‍ഭാഗം ഏറക്കുറെ പൊളിക്കേണ്ടിവരുമെന്നാണ് സൂചന. സുരക്ഷാ ജീവനക്കാരന്‍ ജോലിചെയ്യുന്ന കെട്ടി പൂര്‍ണമായി കൈയേറിയ സ്ഥലത്താണെന്നാണ് സര്‍വേയില്‍ കാണുന്നത്. ജില്ലാ സര്‍വേ സൂപ്രണ്ട് എസ് സുമയുടെ നേതൃത്വത്തില്‍ സര്‍വേയര്‍മാരായ എസ് സാബു, കെ ഡി ദിലീപ്, ഹെഡ് സര്‍വേയര്‍ പി ജി ഷോളി എന്നിവരാണ് സ്ഥലം അളന്നുതിട്ടപ്പെടുത്തിയത്.

കെഎല്‍ഡിസി ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച ബണ്ട് റോഡ് കൈയേറിയത് പൊളിച്ചുനീക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നില്ലെന്ന് പ്രദേശവാസികള്‍ ആരോപണമുന്നയിച്ചിരുന്നു. പരാതികള്‍ നല്‍കിയിട്ടും നടപടിയുണ്ടാവാതെവന്നപ്പോഴാണ് നാട്ടുകാര്‍ കോടതിയെ സമീപിച്ചത്. പതിറ്റാണ്ടുകളായി നാട്ടുകാരുപയോഗിച്ച് വന്നിരുന്ന ഒരുമീറ്റര്‍ വീതിയിലുള്ള നടവഴിയടക്കമാണ് വിദ്യാഭ്യാസ സ്ഥാപനം കൈയേറിയത്. 10 വര്‍ഷത്തോളം മുമ്പാണ് കെഎല്‍ഡിസി തോട് നവീകരണത്തിനൊപ്പം ബണ്ട് റോഡും നിര്‍മിച്ചത്.

Next Story

RELATED STORIES

Share it