Latest News

തൊഴിലാളികള്‍ക്ക് ആശ്വാസം പകര്‍ന്ന് സോഷ്യല്‍ ഫോറം മെഗാ മെഡിക്കല്‍ ക്യാംപ്

തൊഴിലാളികള്‍ക്ക് ആശ്വാസം പകര്‍ന്ന് സോഷ്യല്‍ ഫോറം മെഗാ മെഡിക്കല്‍ ക്യാംപ്
X

ദോഹ: ആസാദി കാ അമൃത് മഹോത്സവിനോടനുബന്ധിച്ച് ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം നസീം മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് കഴിഞ്ഞ ദിവസം സിറിങ് റോഡ് നസീം മെഡിക്കല്‍ സെന്ററില്‍ നടത്തിയ മെഗാ മെഡിക്കല്‍ ക്യാംപ് ഡ്രൈവര്‍മാര്‍ക്കും തൊഴിലാളികള്‍ക്കും ആശ്വാസമായി.


രാവിലെ ആറുമണിക്ക് തുടങ്ങിയ ക്യാംപ് ഉച്ചയ്ക്ക് രണ്ടുമണിവരെ നീണ്ടു. 800ലധികം പേര്‍ പങ്കെടുത്തു. ഡ്രൈവര്‍മാര്‍, തൊഴിലാളികള്‍ അടക്കം താഴ്ന്ന വരുമാനക്കാരെ ഉദ്ദേശിച്ച് നടത്തിയ പരിപാടിയില്‍ മുന്‍കൂര്‍ രെജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമായിരുന്നു പ്രവേശനം അനുവദിച്ചിരുന്നത്.


ബിപി, ബിഎംഐ, ബ്ലഡ് ഷുഗര്‍, ടോട്ടല്‍ കൊളസ്‌ട്രോള്‍ പരിശോധനകള്‍ക്കു ശേഷം ജനറല്‍ മെഡിസിന്‍, നേത്ര രോഗം, ദന്ത രോഗം എന്നീ വിഭാഗങ്ങളുടെ ഡോക്ടര്‍ കന്‍സല്‍ട്ടെഷനും ആവശ്യമായവര്‍ക്ക് സൗജന്യ മരുന്നും നല്‍കി. ക്യാമ്പില്‍ പങ്കെടുത്തവര്‍ക്കായി ഫോട്ടോഷൂട്ട് മത്സരവും സംഘടിപ്പിച്ചിരുന്നു.

ക്യാംപ് ഇന്ത്യന്‍ എംബസി സെക്കന്റ് സെക്രട്ടറി (ഇന്‍ഫര്‍മേഷന്‍, കള്‍ച്ചര്‍ ആന്റ് എജുക്കേഷന്‍) കുല്‍ജീത് സിങ് അറോറ ഉദ്ഘാടനം ചെയ്തു. സോഷ്യല്‍ ഫോറം കേരളാ സ്‌റ്റേറ്റ് പ്രസിഡന്റ മുഹമ്മദലി കെസി അധ്യക്ഷത വഹിച്ചു. അതിഥികളായ ഐസിസി പ്രസിഡന്റ് കെ എന്‍ ബാബുരാജ്, ഐസിബിഎഫ് പ്രസിഡന്റ് സിയാദ് ഉസ്മാന്‍ എന്നിവര്‍ സംസാരിച്ചു. സോഷ്യല്‍ ഫോറത്തിന്റെയും നസീം മെഡിക്കല്‍ സെന്ററിന്റെയും പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് അവര്‍ പറഞ്ഞു. ഇത്തരം സമര്‍പ്പിതമായ ധാരാളം പ്രവര്‍ത്തനങ്ങള്‍ മുന്‍കാലങ്ങളിലും നേരില്‍ കണ്ട് ബോധ്യപ്പെട്ടതാണെന്ന് കെ എന്‍ ബാബുരാജ് പറഞ്ഞു. ഇന്ത്യന്‍ കമ്മ്യൂണിറ്റിക്ക് വേണ്ടി ആവശ്യമായ എന്ത് സഹകരണങ്ങള്‍ക്കും തങ്ങള്‍ ഒരുക്കമാണെന്ന് സിയാദ് ഉസ്മാന്‍ പറഞ്ഞു.

സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സഈദ് കൊമ്മാച്ചി, നസീം മെഡിക്കല്‍ സെന്റര്‍ ജനറല്‍ മാനേജര്‍ (സ്ട്രാറ്റജിക് ഡിവിഷന്‍) ഡോ. മുനീര്‍ അലി ഇബ്‌റാഹീം എന്നിവര്‍ ആശംസകളര്‍പ്പിച്ചു.

ഡോ. മുഹമ്മദ് ഷമീം ഹെല്‍ത്ത് അവെയര്‍നെസ്സ് പ്രഭാഷണം നടത്തി. ജീവിതത്തിന്റെ സമസ്ത മേഖലകളിലും മുഴുവന്‍ സമയങ്ങളിലും പ്രത്യേകമായി ചില കാര്യങ്ങള്‍ മാത്രം ശ്രദ്ധിച്ചാല്‍ എന്നും നമ്മുടെ ശരീരം ആരോഗ്യത്തോടെ കൊണ്ടുനടക്കാനാവുമെന്ന് അദ്ദേഹം പറഞ്ഞു.

തുടര്‍ന്ന് ഇന്ത്യന്‍ എംബസി സെക്കന്റ് സെക്രട്ടറി കുല്‍ജീത് സിങ് അറോറ നസീം മെഡിക്കല്‍ സെന്റ്റര്‍ ജനറല്‍ മാനേജര്‍ ഡോ മുനീര്‍ അലി ഇബ്‌റാഹീമിനും ഐസിബിഎഫ് പ്രസിഡന്റ് സിയാദ് ഉസ്മാന്‍ റേഡിയോ സുനോ പ്രതിനിധി അപ്പുണ്ണിക്കും മൊമെന്റോ നല്‍കി. സോഷ്യല്‍ ഫോറം ജനറല്‍ സെക്രട്ടറി അഹമ്മദ് കടമേരി സ്വാഗതവും ഉസ്മാന്‍ മുഹമ്മദ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് നസീം മെഡിക്കല്‍ സെന്റര്‍, സോഷ്യല്‍ ഫോറം പ്രതിനിധികള്‍ക്കൊപ്പം ക്യാംപ് സന്ദര്‍ശിച്ച ശേഷമാണ് അതിഥികള്‍ മടങ്ങിയത്.

Next Story

RELATED STORIES

Share it