Top

കരുതലോടെ, കൈത്താങ്ങായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം

ലോക്ക് ഡൗണ്‍ കാലത്ത് പ്രവാസികള്‍ കടന്നുപോകേണ്ടിവന്ന ശാരീരിക, മാനസിക ബുദ്ധിമുട്ടുകളും സാമ്പത്തികപ്രയാസങ്ങളും യാത്രാദുരിതവും ഒക്കെ സോഷ്യല്‍ഫോറം പ്രവര്‍ത്തകര്‍ കണ്ടറിഞ്ഞുതന്നെ നിവര്‍ത്തിച്ചു. സൗദിയിലുടനീളം വളണ്ടിയര്‍മാരുടെ സേവനവും ഭക്ഷ്യ ധാന്യ വിതരണവും മരുന്നുകള്‍ എത്തിക്കുന്നതുള്‍പ്പെടെയുള്ള സേവനങ്ങളും സോഷ്യല്‍ഫോറത്തിന്റെ മുന്‍കൈയിലാണ് നടന്നത്. കൃത്യമായ ഏകോപനത്തിലൂടെയാണ് ഇത് സാധ്യമായതെന്ന് പ്രവര്‍ത്തകര്‍ ആണയിടുന്നു.

കരുതലോടെ, കൈത്താങ്ങായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം

ദമ്മാം: കൊവിഡ്-19 ലോക്ക് ഡൗണ്‍ കാലത്ത് പ്രയാസമനുഭവിച്ച സൗദിയിലെ ഇന്ത്യക്കാര്‍ക്കായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം നടത്തിയ പ്രവര്‍ത്തനങ്ങള്‍ സമാനതകളില്ലാത്തതെന്ന് പ്രവാസലോകം. ലോക്ക് ഡൗണ്‍ കാലത്ത് പ്രവാസികള്‍ കടന്നുപോകേണ്ടിവന്ന ശാരീരിക, മാനസിക ബുദ്ധിമുട്ടുകളും സാമ്പത്തികപ്രയാസങ്ങളും യാത്രാദുരിതവും ഒക്കെ സോഷ്യല്‍ഫോറം പ്രവര്‍ത്തകര്‍ കണ്ടറിഞ്ഞുതന്നെ നിവര്‍ത്തിച്ചു. സൗദിയിലുടനീളം വളണ്ടിയര്‍മാരുടെ സേവനവും ഭക്ഷ്യ ധാന്യ വിതരണവും മരുന്നുകള്‍ എത്തിക്കുന്നതുള്‍പ്പെടെയുള്ള സേവനങ്ങളും സോഷ്യല്‍ഫോറത്തിന്റെ മുന്‍കൈയിലാണ് നടന്നത്. കൃത്യമായ ഏകോപനത്തിലൂടെയാണ് ഇത് സാധ്യമായതെന്ന് പ്രവര്‍ത്തകര്‍ ആണയിടുന്നു.

സൗദിയിലെ വിവിധ പ്രവിശ്യാ കമ്മിറ്റികളുടെ കീഴില്‍ വെല്‍ഫെയര്‍ വളണ്ടിയര്‍മാരുടെ പ്രത്യേക വിങ്ങുകളിലൂടെയാണ് ബുദ്ധിമുട്ടനുഭവിക്കുന്ന ജനങ്ങള്‍ക്കുള്ള സേവനങ്ങള്‍ ഏകോപിപ്പിച്ചത്. പ്രതികൂലമായ സാഹചര്യം നേരിടാനായുള്ള ക്രമീകരണങ്ങള്‍ നടത്തുമ്പോഴുള്ള മുന്‍ഗണന ഇന്ത്യക്കാരായ ഒരു പ്രവാസിയും ഭക്ഷണം ലഭിക്കാതെ കഷ്ടപ്പെടരുതെന്നും രോഗബാധ ഉണ്ടാവുന്ന സാഹചര്യത്തില്‍ ചികില്‍സ ഏത് വിധേനയും ഉറപ്പാക്കുക എന്നതുമായിരുന്നു. ഇതിന്റെ ആദ്യപടി എന്ന നിലയില്‍ വോളന്റിയര്‍മാരെ ചെറിയ ഗ്രൂപ്പുകളാക്കി തിരിച്ചു. എല്ലാ ദിവസവും ഇവരില്‍ നിന്ന് അതാതു പ്രദേശത്തു നിന്നുള്ളവരുടെ വിവരങ്ങള്‍ ശേഖരിച്ചു. ക്രൈസസ് മാനേജ്മെന്റിനായി സോഷ്യല്‍ ഫോറത്തിന്റെ നാല് റീജണല്‍ തലങ്ങളിലും വ്യത്യസ്ത ചാപ്റ്റര്‍ തലങ്ങളിലും ആരോഗ്യ രംഗത്ത് പരിചയമുള്ളവരടങ്ങിയ അഞ്ചംഗ മെഡിക്കല്‍ ടീമുകള്‍ക്ക് രൂപം നല്‍കി.

രോഗവ്യാപനത്തിന് കാരണമാവുന്ന സാഹചര്യം ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ, ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ പൂര്‍ണമായും വിവിധ ഭാഷകളില്‍ ജനങ്ങളിലേക്കെത്തിക്കാന്‍ പ്രയത്‌നിച്ചു. അത്തരം നിര്‍ദേശങ്ങള്‍ സമയാസമയം വിവിധ ഭാഷകളിലാക്കി ജനങ്ങളിലേക്ക് എത്തിച്ചുകൊണ്ടിരുന്നു. രോഗസാധ്യതയുള്ളവരെ നേരിട്ട് ബന്ധപ്പെട്ട് ആവശ്യമായ നിര്‍ദേശം നല്‍കി. ഇത്തരത്തില്‍ അയ്യായിരത്തില്‍ അധികം കേസുകള്‍ കൈകാര്യം ചെയ്തു.

സൗദി ഭരണകൂടം കുറ്റമറ്റ രീതിയിലാണ് ഈ മഹാമാരിയെ നേരിട്ടുകൊണ്ടിരിക്കുന്നത്. യാതൊരു വിവേചനവുമില്ലാതെ രോഗബാധയുള്ള എല്ലാവര്‍ക്കും മികച്ച ചികില്‍സ നല്‍കാന്‍ സാധിക്കുന്നുണ്ട്. അതിന് സഹായകരമായ രീതിയില്‍ രോഗബാധ സംശയിക്കുന്നവരെ മാറ്റിപാര്‍പ്പിക്കാനുള്ള സ്ഥലം കണ്ടെത്തി അവിടേക്ക് ആവശ്യമായ സജ്ജീകരണങ്ങള്‍ തയാറാക്കാന്‍ ഫോറത്തിനു കഴിഞ്ഞു.

കൊറോണ രോഗബാധക്കെതിരെ പൊരുതിക്കൊണ്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെ സഹായിക്കാനായി സൗദി റെഡ് ക്രസന്റ് തയ്യാറാക്കിയ 'ലബൈ യാ വത്വന്‍' പ്രോഗ്രാമില്‍ രജിസ്റ്റര്‍ ചെയ്ത വളന്റിയര്‍മാര്‍ക്ക് വൈറസിനെ കുറിച്ചും രോഗബാധയെ കുറിച്ചും അതിനെ നേരിടുന്ന രീതി, വളണ്ടിയര്‍മാര്‍ ചെയ്യേണ്ടത് എന്നിങ്ങനെ നാല് സെഷനുകളായുള്ള ഓണ്‍ലൈന്‍ ട്രയിനിങ്ങാണ് നല്‍കിയത്. ഇത്തരം ട്രയിനിങ് ലഭിച്ചവരെ മാത്രമേ വളണ്ടിയര്‍ സേവനത്തിന് തിരഞ്ഞെടുത്തിരുന്നുള്ളൂ.

ഇന്ത്യന്‍ സമൂഹത്തിലെ നിരവധി സാധാരണക്കാര്‍ ഈ പ്രതിസന്ധിയില്‍ പ്രയാസപ്പെടുന്നുണ്ട്. കൗണ്‍സലിംഗ്, ഭക്ഷ്യകിറ്റ്-മെഡിക്കല്‍ സഹായം, മടക്കയാത്ര എന്നിങ്ങനെയുള്ള മേഖലകളിലാണ് പ്രധാനമായും ഫോറത്തിന്റെ പ്രവര്‍ത്തനം കേന്ദ്രീകരിച്ചത്. ഇതിനായി വ്യത്യസ്ത ഇന്ത്യന്‍ ഭാഷകളില്‍ തയ്യാറാക്കിയ ഫോണ്‍ നമ്പര്‍ അടക്കമുള്ള നിര്‍ദേശങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു.

ആക്‌സസ് ഇന്ത്യാ ഗൈഡന്‍സ് സെന്ററുമായി സഹകരിച്ച് കൗണ്‍സിലിങ് രംഗത്തെ വിദഗ്ദ്ധരായ 10 പേര്‍ക്ക് പരിശീലനം നല്‍കുകയും പ്രതിസന്ധി ഘട്ടത്തില്‍ മാനസിക പിരിമുറുക്കം കുറച്ച് ശാന്തചിത്തരായി തുടരാനുള്ള ഉപദേശ നിര്‍ദേശങ്ങള്‍ അവരിലൂടെ നല്‍കിപ്പോരുന്നു. മെയ് 20 വരെയായി 3915 കേസുകളാണ് വിവിധ ഭാഷകളിലായി കൈകാര്യം ചെയ്തത്.

ലോക്ക് ഡൗണില്‍ ജോലിയും ശമ്പളവുമില്ലാതെ പ്രയാസപ്പെട്ട് റൂമുകളില്‍ കഴിഞ്ഞിരുന്ന കുടുംബങ്ങള്‍ക്കും ബാച്ചിലേഴ്‌സിനും അവശ്യസാധനങ്ങളടങ്ങിയ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു. 25,000ല്‍ കൂടുതല്‍ പ്രവാസികള്‍ക്കിത് ആശ്വാസമായി. 500ലധികം പേര്‍ക്ക് മരുന്ന് അടക്കമുള്ള വിവിധ രീതിയിലുള്ള മെഡിക്കല്‍ സഹായങ്ങള്‍ നല്‍കാനും സോഷ്യല്‍ ഫോറത്തിന് സാധിച്ചു. വിവിധ ഭാഷകളിലായി ഹെല്‍പ്പ് ഡെസ്‌ക്കുകളിലേക്ക് വരുന്ന കോളുകള്‍ അനുസരിച്ചായിരുന്നു ഈ പ്രവര്‍ത്തനങ്ങള്‍. അതിനും പുറമെ സൗദിയില്‍ ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് പണം അയക്കാന്‍ സാധിക്കാത്തവരുടെ പ്രയാസങ്ങളില്‍ താങ്ങായി നില്‍ക്കാനും പദ്ധതി തയ്യാറാക്കി.

നാട്ടിലെ എസ്.ഡി.പി.ഐയുടെ സഹകരണത്തോടെ കേരളം, തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലുള്ളവര്‍ക്കും അതത് സംസ്ഥാനങ്ങളില്‍ നിന്നുള്ള സൗദിയിലുള്ള പ്രവാസികളിലൂടെ ലഭിക്കുന്ന അഭ്യര്‍ത്ഥനകള്‍ പ്രകാരവും ആയിരക്കണക്കിന് ഭക്ഷണ കിറ്റുകളും മരുന്നും അനുബന്ധ സാമഗ്രികളും എത്തിച്ചുനല്‍കാന്‍ സാധിച്ചു.

സൗദിയില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ എത്രയും വേഗം നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ ത്വരിതഗതിയിലാക്കണമെന്നാവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയത്തിനും പ്രധാന മന്ത്രിക്കും ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിനും സോഷ്യല്‍ ഫോറം നിവേദനം നല്‍കിയിരുന്നു. ഇപ്പോള്‍ ആഴ്ചയില്‍ ഒരിക്കല്‍ മാത്രമാണ് ജിദ്ദ, റിയാദ്, ദമ്മാം തുടങ്ങിയ എയര്‍പോര്‍ട്ടുകളില്‍ നിന്ന് 150 ആളുകളെയും കൊണ്ട് എയര്‍ ഇന്ത്യ സര്‍വ്വീസ് നടത്തുന്നത്. പ്രവാസികളുടെ സ്വദേശത്തേക്കുള്ള മടക്ക യാത്രയ്ക്ക് ഇതൊരു പരിഹാരമാകുന്നില്ല. അതുകൊണ്ട് തന്നെ സ്വകാര്യ വിമാന കമ്പനികള്‍ സര്‍വ്വീസ് നടത്തുകയാണെങ്കില്‍ അത് മിതമായ നിരക്കില്‍ പ്രവാസികളെ നാട്ടിലെത്തിക്കാനുള്ളതായിരിക്കണമെന്നാവശ്യപ്പെട്ടുള്ള സോഷ്യല്‍ ഫോറത്തിന്റെ കാമ്പയിന്‍ സമൂഹ മാധ്യമങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്നു. രോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ എംബസിയും കോണ്‍സുലേറ്റും ഇന്ത്യക്കാരായ രോഗികളെ ക്വറന്റീന്‍ ചെയ്യാനുള്ള സംവിധാനം ഒരുക്കണമെന്ന് നേരത്തെ തന്നെ സോഷ്യല്‍ ഫോറം ആവശ്യപ്പെട്ടിരുന്നു.

രജിസ്റ്റര്‍ ചെയ്ത ആളുകളിലെ ഏറ്റവും അത്യാവശ്യക്കാര്‍ക്ക് പോലും നിലവിലെ യാത്രാ ഷെഡ്യൂളുകള്‍ പര്യാപ്തമല്ല. ഈ രംഗത്തെ കുറവുകള്‍ പരിഹരിച്ച് അര്‍ഹരായ എല്ലാവരെയും ഉടനടി നാട്ടിലെത്തിക്കാന്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളില്‍ സംഘടന സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കുന്നു. അതോടൊപ്പം അര്‍ഹരായവര്‍ക്ക് സൗജന്യമായി ടിക്കറ്റുകള്‍ നല്‍കാനും സര്‍ക്കാരുകള്‍ തയ്യാറാവണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

കര്‍ണാടകയില്‍ നിന്നുള്ള പ്രവാസികള്‍ക്ക് തിരിച്ചുപോക്കിനുള്ള സൗകര്യം ഒരുക്കണം എന്നാവശ്യപ്പെട്ട് മംഗലാപുരം കൂട്ടായ്മയുമായി ചേര്‍ന്ന് സോഷ്യല്‍ഫോറം കര്‍ണാടക ചാപ്റ്റര്‍ വിവിധ സമ്മര്‍ദ്ദസമര മാര്‍ഗങ്ങള്‍ സ്വീകരിച്ചു. പരിമിതമായ രീതിയില്‍ മറ്റ് സഹായങ്ങള്‍ ലഭ്യമല്ലാത്ത അര്‍ഹരായ പ്രവാസികള്‍ക്ക് നാട്ടിലേക്കുള്ള വിമാനടിക്കറ്റ് നല്‍കാനും സോഷ്യല്‍ ഫോറം പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

വിദേശത്ത് ജോലി നഷ്ടപ്പെട്ട് തിരിച്ച് വരുന്ന പ്രവാസികളെ പുനരധിവസിപ്പിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മുന്‍കൈയെടുത്ത് ദീര്‍ഘ വീക്ഷണത്തോടെയുള്ള പദ്ധതികള്‍ നടപ്പാക്കണമെന്നാണ് സോഷ്യല്‍ ഫോറം ആവശ്യപ്പെടുന്നത്. ഇതിനായുള്ള ബോധവത്കരണം, വിദഗ്ധ ഉപദേശങ്ങള്‍ എന്നിവ പ്രവാസികള്‍ക്ക് നല്‍കി കൊണ്ടിരിക്കുന്നു, സ്വയംതൊഴില്‍ രംഗത്തും നിര്‍മാണ വിതരണ മേഖലകളിലും സാധ്യമായ അവസരങ്ങളെ പരിചയപ്പെടുത്തുന്നതോടൊപ്പം അപകടസാധ്യതകളും പതിയിരിക്കുന്ന ചതിക്കുഴികളെക്കുറിച്ചുള്ള ബോധവത്കരണവും നല്‍കി വരുന്നുണ്ട്. പ്രാദേശികമായ കൂട്ടായ്മകള്‍ രൂപീകരിച്ച് വിവിധ സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് ആവശ്യമായ മേഖലകളില്‍ ചെറുകിട, ഇടത്തരം നിര്‍മാണ വിതരണ ശൃംഖലകള്‍ സൃഷ്ടിക്കാനും നടത്തിപ്പിനുമായുള്ള പദ്ധതികള്‍ ഫിറ്റ് ഫോര്‍ ഫ്യുച്ചര്‍ പദ്ധതിയിലൂടെ കണ്ടെത്തിയിട്ടുണ്ട്.

ഇന്ത്യയിലെ സാഹചര്യം കൊവിഡ്-19നു മുമ്പുള്ളതിനേക്കാള്‍ കൂടുതല്‍ പ്രതികൂലമാണ്. അവസരം മുതലെടുത്ത് സംഘ്പരിവാരവും ഫാഷിസ്റ്റ് ഭരണകൂടവും മതന്യുനപക്ഷങ്ങളോടും ദലിതുകളോടും അന്യസംസ്ഥാന തൊഴിലാളികളോടും പകപോക്കുകയാണ്. ഈ ഘട്ടത്തില്‍ അത്തരം വൈറസുകളെയും പൊതുജനങ്ങള്‍ക്കിടയില്‍ തുറന്നുകാട്ടുന്നതില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം മുന്‍പന്തിയില്‍ തന്നെയുണ്ട്. കര്‍ഫ്യൂ പിന്‍വലിച്ച്, ജനജീവിതം സാധാരണ നിലയിലേക്ക് വരുമ്പോള്‍ ശ്രദ്ധിക്കേണ്ട മുന്‍കരുതലുകളും മാര്‍ഗനിര്‍ദേശങ്ങളും വ്യത്യസ്ത ഭാഷകളില്‍ തയാറാക്കുന്നുണ്ട്.

പ്രവാസി ഇന്ത്യക്കാരുടെ എല്ലാവിധ പ്രശ്ങ്ങളിലും ഒപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ ഫോറം എന്നും മുന്‍പന്തില്‍ തന്നെ ഉണ്ടായിരിക്കുമെന്നും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവാസ സംഘടനകള്‍ യോജിച്ചു നിന്ന് കൊണ്ട് പ്രവാസികളുടെ അവകാശങ്ങള്‍ക്കായി ഒറ്റക്കെട്ടായി പോരാടണമെന്നും സോഷ്യല്‍ ഫോറം നാഷണല്‍ പ്രസിഡന്റ് അഷ്‌റഫ് മൊറയൂര്‍, നേതാക്കളായ അഷ്‌റഫ് മംഗളപുരം, നമീര്‍ ചെറുവാടി, ഹാരിസ് കര്‍ണാടക, ബഷീര്‍ കാരന്തൂര്‍, മുഹമ്മദ് കോയ ചേലേമ്പ്ര, ഹനീഫ, മുജീഭായ്, അഷ്‌റഫ് ചൊക്ലി, അബൂബക്കര്‍, അബ്ദുല്ലക്കോയ, ഹമീദ് റഹ്മാന്‍, ഇ എം അബ്ദുല്ല, ബീരാന്‍ കോയിസ്സാന്‍ തുടങ്ങിയവര്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it