Latest News

യോഗ്യതാ പരീക്ഷയുടെ നിബന്ധന പുതുക്കി: ചൈനയില്‍ നിന്ന് മെഡിക്കല്‍ ബിരുദം നേടിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

യോഗ്യതാ പരീക്ഷയുടെ നിബന്ധന പുതുക്കി: ചൈനയില്‍ നിന്ന് മെഡിക്കല്‍ ബിരുദം നേടിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍
X

ന്യൂഡല്‍ഹി: ചൈനയിലെ വിവിധ സര്‍വകലാശാലയില്‍ നിന്ന് മെഡിക്കല്‍ ബിരുദം നേടിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കടുത്ത ആശങ്കയില്‍. വിദേശ സര്‍വകലാശാലയില്‍ പഠിച്ച് ബിരുദമെടുത്തവര്‍ രാജ്യത്ത് പ്രക്റ്റീസ് ചെയ്യുന്നതിനു മുന്നോടിയായി എഴുതേണ്ട ഫോറിന്‍ മെഡിക്കല്‍ ഗ്രാജ്വേഷന്‍ പരീക്ഷയുടെ നിബന്ധനകളില്‍ മാറ്റം വരുത്തിയതാണ് വിദ്യാര്‍ത്ഥികളില്‍ ആശങ്ക പടര്‍ത്തിയിരിക്കുന്നത്. ഈ പരീക്ഷയില്‍ പാസ്സാകുന്ന വിദ്യാര്‍ത്ഥികള്‍ക്കു മാത്രമാണ് ഇവിടെ പ്രക്റ്റീസ് ചെയ്യാനുള്ള അനുമതി ലഭിക്കുകയുള്ളൂ. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ വര്‍ഷത്തില്‍ രണ്ട് തവണയാണ് ഈ പരീക്ഷ നടത്തുക, ഒന്ന് ജൂണിലും രണ്ടാത്തേത് ഡിസംബറിലും. നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍ ആണ് ഫോറിന്‍ മെഡിക്കല്‍ ഗ്രാജ്വേഷന്‍ പരീക്ഷ നടത്തുന്നത്.

കഴിഞ്ഞ ചൊവ്വാഴ്ച പുറത്തിറങ്ങിയ മെഡിക്കല്‍ ബുള്ളറ്റിന്‍ അനുസരിച്ച് പരീക്ഷയ്ക്കിരിക്കുന്നവര്‍ ഡിഗ്രി ലഭിക്കുന്ന രാജ്യത്തെ ഇന്ത്യന്‍ എംബസിയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യണം. ജൂലൈ 31, 2020 നോ അതിനു മുമ്പോ ലഭിച്ച ഡിഗ്രി സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. രണ്ടാമത്തെ നിബന്ധനയാണ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രശ്‌നമായത്.

ചൈനയില്‍ മെഡിസിന്‍ പഠനം ആറ് വര്‍ഷമാണ്. ആദ്യ അഞ്ച് വര്‍ഷം പഠനവും ഒരു വര്‍ഷം ഇന്റേണ്‍ഷിപ്പും. ഇന്റേണ്‍ഷിപ്പ് കഴിഞ്ഞാല്‍ മാത്രമേ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ലഭിക്കൂ. അതിനു മുമ്പ് പ്രവിഷണല്‍ പാസ് സര്‍ട്ടിഫിക്കറ്റാണ് ലഭിക്കുക. പഴയ നിയമമനുസരിച്ച് പ്രൊവിഷണല്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയ്ക്ക് ഹാജരാവാന്‍ കഴിയുമായിരുന്നു. പുതിയ നിയമം അത് അനുവദിക്കുന്നില്ല.

ചൈനയിലാണ് ആദ്യം കൊവിഡ് വ്യാപനം നടന്നതെന്നതുകൊണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ നേരത്തെ തന്നെ നാട്ടില്‍ തിരിച്ചെത്തിയിരുന്നു. അതുകൊണ്ടുതന്നെ ഇപ്പോള്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അത് പൂര്‍ത്തിയാക്കാനും കഴിഞ്ഞില്ല. അവര്‍ അതുകൊണ്ടുതന്നെ ഡിഗ്രി സര്‍ട്ടിഫിക്കറ്റും ലഭിച്ചില്ല. ചൈനയിലേക്ക് പോകുന്നത് വൈകിയാലും ആ സമയം കൊണ്ട് ഇവിടെ യോഗ്യതാ പരീക്ഷ എഴുതാമെന്ന പ്രതീക്ഷയിലായിരുന്നു ഇന്റേണ്‍ഷിപ്പ് ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍. ആ പ്രതീക്ഷയാണ് തര്‍ന്നത്.

ആദ്യ സെമസ്റ്ററുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വലിയ പ്രശ്‌നമില്ല. കാരണം അവരുടെ ഓണ്‍ലൈന്‍ പഠനം തുടങ്ങിക്കഴിഞ്ഞു. മറ്റൊരു പ്രശ്‌നം ചൈനയില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് ഈ പ്രശ്‌നമെന്നതാണ്. കൊവിഡ് ചൈനയിലാണ് ആദ്യം പടര്‍ന്നുപിടിച്ചതെന്നതുകൊണ്ട് അവര്‍ക്ക് നേരത്തേ തന്നെ നാട്ടിലെത്തേണ്ടിവന്നു. മറ്റ് രാജ്യങ്ങളില്‍ പഠിച്ചവര്‍ കുറച്ചുകൂടെ കഴിഞ്ഞാണ് നാട്ടിലെത്തിയത്. ആ സമയത്തിനുളളില്‍ അവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് കൈക്കലാക്കാന്‍ സാധിച്ചു. അതുകൊണ്ടുതന്നെ പരീക്ഷയ്ക്കിരിക്കാനും ബുദ്ധിമുട്ടില്ല.

ഏകദേശം 20000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് ചൈനയില്‍ പഠിക്കുന്നത്. അതില്‍ ഭൂരിഭാഗം പേരും മെഡിസിന്‍ പഠിക്കുന്നവരാണ്.

Next Story

RELATED STORIES

Share it